പ്രഷർ കുക്കർ പൊട്ടിത്തെറിക്കുന്നത് ഒഴിവാക്കാം; വൃത്തിയാക്കുമ്പോൾ ഇക്കാര്യങ്ങൾ മറക്കരുത്!

#Lifestyle desk
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

നമ്മുടെ അടുക്കളകളിലെ ഏറ്റവും വലിയ സഹായിയാണ് പ്രഷർ കുക്കർ. സമയം ലാഭിക്കാനും പോഷകഗുണങ്ങൾ ചോർന്നുപോകാതെ ഭക്ഷണം പാകം ചെയ്യാനും കുക്കറിനോളം മികച്ച മറ്റൊരു പാത്രമില്ല. എന്നാൽ കൃത്യമായ പരിചരണവും വൃത്തിയാക്കലും ഇല്ലെങ്കിൽ സഹായി ഒരു അപകടകാരിയായേക്കാം. ഡയറ്റീഷ്യൻ ഡോ. സിമ്രത്ത് കതൂരിയ പങ്കുവെച്ച ഒരു വീഡിയോ പ്രഷർ കുക്കറിന്റെ സുരക്ഷയെക്കുറിച്ചുള്ള ഗൗരവമായ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.

തന്റെ അമ്മയുടെ സുഹൃത്തിന്റെ വീട്ടിൽ കുക്കർ പൊട്ടിത്തെറിച്ച് വീട്ടുജോലിക്കാരിക്ക് പരിക്കേറ്റ സംഭവം സൂചിപ്പിച്ചുകൊണ്ടാണ് അവർ മുന്നറിയിപ്പ് നൽകുന്നത്. പുറമെ നിന്ന് നോക്കുമ്പോൾ വൃത്തിയുണ്ടെന്ന് തോന്നുമെങ്കിലും കുക്കറിനുള്ളിലെ മൂന്ന് പ്രധാന ഭാഗങ്ങൾ കൃത്യമായി വൃത്തിയാക്കാത്തതാണ് പല അപകടങ്ങൾക്കും കാരണം.

  1. വിസിൽ വൃത്തിയാക്കാം

    കുക്കറിലെ വിസിലിന്റെ ദ്വാരം ഓരോ 4-5 ദിവസത്തിലും ഒരു പിൻ ഉപയോഗിച്ച് വൃത്തിയാക്കുക. വിസിലിനുള്ളിൽ ആഹാരസാധനങ്ങൾ കുടുങ്ങി ബ്ലോക്ക് ഉണ്ടായാൽ കൃത്യസമയത്ത് പ്രഷർ പുറത്തുപോകില്ല. ഇത് കുക്കർ പൊട്ടിത്തെറിക്കാൻ കാരണമാകും. ചൂടുവെള്ളത്തിൽ ബേക്കിങ് സോഡ കലർത്തി വിസിൽ അതിൽ കുതിർത്തു വെക്കുന്നതും നല്ലതാണ്.

  2. ഗ്യാസ്‌കറ്റ് അഥവാ റബ്ബർ 

    ഓരോ തവണ ഉപയോഗിച്ച ശേഷവും റബ്ബർ ഊരിയെടുത്ത് സോപ്പ് വെള്ളത്തിൽ കഴുകണം. റബ്ബർ അയഞ്ഞതായി തോന്നുകയാണെങ്കിൽ അത് ഐസ് വെള്ളത്തിൽ ഇട്ടു വെക്കുന്നത് മുറുകാൻ സഹായിക്കും. എന്നാൽ റബ്ബറിൽ വിള്ളലുകൾ കണ്ടാൽ ഒട്ടും വൈകാതെ അത് മാറ്റി പുതിയത് വാങ്ങണം.

  3. സേഫ്റ്റി വാൽവ് 

    കുക്കറിന്റെ മൂടിയിലുള്ള സേഫ്റ്റി വാൽവ് ഭാഗത്ത് ചോറോ പരിപ്പോ ഒട്ടിപ്പിടിക്കാൻ സാധ്യതയുണ്ട്. ഒരു ബ്രഷ് ഉപയോഗിച്ച് ഈ ഭാഗം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. സേഫ്റ്റി വാൽവ് പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.

ദിവസവും അഞ്ച് മിനിറ്റ് മാത്രം നീക്കിവെച്ചാൽ ഒഴിവാക്കാവുന്നതാണ് അടുക്കളയിലെ വലിയ അപകടങ്ങൾ. പാത്രം പുറമെ തിളങ്ങുന്നതിനേക്കാൾ പ്രധാനം അതിന്റെ സുരക്ഷാ ഭാഗങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതാണെന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.


Content Highlights: Regular cleaning of the pressure cooker whistle prevents dangerous blockages