പനീർ ‘ടെല്ലിച്ചേരി,’ പൊറോട്ടയ്‌ക്കൊപ്പം തോരൻ; രാഷ്ട്രപതി ഭവനിലെ 'കേരളീയ വിഭവം' കണ്ട് ഞെട്ടി മലയാളി!

സീഷെൽസ് പ്രസിഡന്റ് പാട്രിക് ഹെർമിനിയുടെ സന്ദർശനത്തോടനുബന്ധിച്ച് രാഷ്ട്രപതി ഭവനിൽ സംഘടിപ്പിച്ച ഔദ്യോഗിക വിരുന്നിലെ വിഭവങ്ങൾ ചർച്ചയാകുന്നു. 'തീരദേശ രുചികൾ' എന്ന പ്രമേയത്തിൽ ഒരുക്കിയ വിരുന്നിൽ കേരളത്തിന്റേതായി വിളമ്പിയ പല വിഭവങ്ങളും മലയാളികൾക്ക് പോലും കേട്ടുകേൾവിയില്ലാത്തവയാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയുടെയും സീഷെൽസിന്റെയും സമുദ്രബന്ധത്തെ അനുസ്മരിപ്പിക്കുന്നതിനായി കേരളം, തമിഴ്‌നാട്, കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ തീരദേശ വിഭവങ്ങളാണ് മെനുവിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ 'കേരളീയ രുചികൾ' എന്ന പേരിൽ അവതരിപ്പിക്കപ്പെട്ട പല വിഭവങ്ങളും തനത് ശൈലിയിൽ നിന്ന് മാറ്റി 'ഫ്യൂഷൻ' രൂപത്തിലായിരുന്നു.
വിരുന്നിലെ 'കേരളീയ' വിഭവങ്ങൾ:
സൂപ്പ്: കറിവേപ്പില എണ്ണ ചേർത്ത വൈറ്റ് പംപ്കിൻ - കോക്കനട്ട് സൂപ്പ്. ഇതിനോടൊപ്പം മിനി ഇടിയപ്പവും.
പനീർ ടെല്ലിച്ചേരി: തലശ്ശേരിക്കാർക്ക് ഒട്ടും പരിചയമില്ലാത്ത ഈ വിഭവം കേരളത്തിലെ എരിവുള്ള പനീർ എന്നാണ് അധികൃതർ വിശേഷിപ്പിച്ചത്.
ചക്ക - വാഴപ്പൂ സ്കെവേഴ്സ്: ചക്കയും വാഴക്കൂമ്പും കരിമ്പിൻ തണ്ടിൽ കോർത്ത് കടുമ്പുളി നീര് ചേർത്ത് വേവിച്ചെടുത്ത സലാഡ് വിഭവം കേരളീയ ഭക്ഷണസംസ്കാരത്തിന് തികച്ചും അപരിചിതമാണ്.
തോരൻ: ചേന തോരൻ, പച്ചക്കായ തോരൻ എന്നിവ മലയാളികളുടെ പ്രിയപ്പെട്ട പൊറോട്ടയ്ക്കൊപ്പമാണ് വിളമ്പിയത്.
വിദേശ പ്രതിനിധികൾക്കായി തയ്യാറാക്കിയ മെനുവിൽ കേരളത്തിന്റെ പേരിൽ വിളമ്പിയ ഇത്തരം പരീക്ഷണങ്ങൾ വിദേശികൾക്കിടയിൽ തെറ്റായ ധാരണയുണ്ടാക്കുമെന്നാണ് പ്രധാന വിമർശനം. തലശ്ശേരിയുടെ പേരിൽ വിളമ്പിയ പനീർ വിഭവത്തെക്കുറിച്ചും സോഷ്യൽ മീഡിയയിൽ പരിഹാസങ്ങൾ ഉയർന്നു. രുചികരമായ ഒട്ടേറെ തനത് സസ്യവിഭവങ്ങൾ ഉള്ളപ്പോൾ ഇത്തരമൊരു പരീക്ഷണത്തിന്റെ ആവശ്യമുണ്ടോ എന്നാണ് നയതന്ത്ര വിദഗ്ധർ ഉൾപ്പെടെ ഉന്നയിക്കുന്ന ചോദ്യം.
കൂടാതെ, ദ്വീപ് രാഷ്ട്രത്തിന്റെ തലവന് ഒരുക്കിയ തീരദേശ വിരുന്നിൽ കടൽ വിഭവങ്ങൾ ഒന്നുപോലും ഉൾപ്പെടുത്തിയില്ല എന്നതും വലിയ തോതിൽ ചർച്ചയായിട്ടുണ്ട്. രാഷ്ട്രപതി ഭവനിലെ നിലവിലെ രീതി അനുസരിച്ച് സസ്യാഹാരം മാത്രമാണ് വിരുന്നിൽ വിളമ്പിയത്.
Content Highlights: Presidential Palace hosts a `Coastal Flavors` feast for Seychelles President. Kerala dishes draw criticism for fusion approach and lack of seafood.