യുഎൻ ഫുഡ് പാനൽ മേധാവിക്ക് മോദി നൽകിയ സമ്മാനം; അസമിന്റെ ജോഹ അരി, പ്രത്യേകതയെന്ത്?

അടുത്തിടെ പ്രധാനമന്ത്രി അഞ്ച് രാജ്യങ്ങളിലായി നടത്തിയ നയതന്ത്രപര്യടനത്തിൽ ഏറ്റവും ശ്രദ്ധേയമായത് അദ്ദേഹം ആ രാജ്യങ്ങളിലെ നേതാക്കൾക്ക് നൽകിയ ചില സവിശേഷ സമ്മാനങ്ങളാണ്. ഇറ്റലി സന്ദർശനത്തിനിടെ ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷൻ ഡയറക്ടർ ജനറൽ ക്യു ഡോങ്‌യുവിന് പ്രധാനമന്ത്രി മോദി സമ്മാനിച്ചത് അസമിലെ പ്രശസ്തമായ 'ജോഹ അരി' (Joha Rice) ആണ്.
ആഗോള നയതന്ത്ര വേദിയിൽ അസം തിളങ്ങുന്നുവെന്നായിരുന്നു ഈ വാർത്ത പങ്കുവെച്ചുകൊണ്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ പ്രതികരണം. അസമിലെ പൈതൃകത്തോടുള്ള പ്രധാനമന്ത്രിയുടെ സ്നേഹത്തെയും ആഗോള വേദിയിൽ അസമിന്റെ വർധിച്ചുവരുന്ന സ്വാധീനവുമാണ് ഇത് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്താണ് ഈ ചെറിയ അരിയുടെ സവിശേഷത?
അസമിലെ ഏറ്റവും പഴക്കമുള്ളതും വിലപ്പെട്ടതുമായ തദ്ദേശീയ നെല്ലിനങ്ങളിൽ ഒന്നാണ് ജോഹ. സംസ്ഥാനത്തിന്റെ കാർഷിക-സാംസ്കാരിക പാരമ്പര്യത്തിൽ ഇതിന് വലിയ പ്രാധാന്യമുണ്ട്. പാകം ചെയ്തു കഴിഞ്ഞാലും പരസ്പരം ഒട്ടിപ്പിടിക്കാതെ മൃദുവായ ഘടന നിലനിർത്തുന്നു എന്നതാണ് ജോഹ അരിയുടെ പ്രധാന പ്രത്യേകത. പരമ്പരാഗത അസമീസ് വിഭവങ്ങൾക്കൊപ്പം കഴിക്കാൻ വളരെ അനുയോജ്യമായ ഒരു ധാന്യമാണിത്.
ജോഹ അരിയുടെ പ്രകൃതിദത്ത സുഗന്ധവും സവിശേഷമാണ്. അസമിലെ സവിശേഷമായ കാലാവസ്ഥ കാരണം രൂപപ്പെടുന്ന ഒരു പ്രത്യേക സംയുക്തമാണ് ഈ അരിക്ക് സ്വാഭാവിക സുഗന്ധം നൽകുന്നത്. ജോർഹട്ട്, ശിവസാഗർ, ഗോലാഘട്ട്, ദരാംഗ്, നൗഗാവ് തുടങ്ങിയ ജില്ലകളിലാണ് ഈ അരി പ്രധാനമായും കൃഷി ചെയ്യുന്നത്. ഈ പ്രദേശങ്ങളിൽ സമൃദ്ധമായ മഴ ലഭിക്കുന്നതും ഫലഭൂയിഷ്ഠമായ മണ്ണും ഈർപ്പമുള്ള കാലാവസ്ഥയുമാണ് ഇതിന്റെ പ്രത്യേക സുഗന്ധത്തിനും രുചിക്കും കാരണം. അസമിന് മാത്രം സ്വന്തമായ ഈ ഉൽപ്പന്നത്തിന് 2017 ഏപ്രിൽ 27-ന് ഭൗമസൂചികാ പദവി (ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ ടാഗ്) ലഭിച്ചിട്ടുണ്ട്. പരമ്പരാഗത രീതിയിൽ അസമിൽ കൃഷി ചെയ്യുന്ന ഈ അരിയുടെ ആധികാരികത ഉറപ്പുവരുത്താൻ ഈ പദവി സഹായിക്കുന്നു.
രുചിക്കും സുഗന്ധത്തിനും പുറമെ നിരവധി ആരോഗ്യ ഗുണങ്ങളും ജോഹ അരിക്കുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി ഇൻ സയൻസ് ആൻഡ് ടെക്നോളജിയിലെ ഗവേഷകരുടെ അഭിപ്രായത്തിൽ, ഇതിൽ ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ, ഫ്ലേവനോയിഡുകൾ, ഫിനോളിക് സംയുക്തങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഈ അരി സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
അസം പൈതൃകത്തിന്റെ മറ്റൊരു പ്രധാന പ്രതീകമായ ഏരി സിൽക്ക് സ്റ്റോൾ നരേന്ദ്ര മോദി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിക്കും സമ്മാനിച്ചിരുന്നു.
Content Highlights: During his recent five-nation diplomatic tour, Prime Minister Narendra Modi showcased Assam's rich cultural heritage globally by gifting GI-tagged, aromatic, and diabetes-friendly Joha Rice to the UN Food and Agriculture Organisation's Director-General in Italy.