പപ്പടപ്രിയര്‍ അറിഞ്ഞിരിക്കാന്‍ ; അധികം കഴിച്ചാല്‍ ഇതൊക്കെയാണ് ഫലം

കുരുമുളക് പപ്പടം | Photo: canva.com/
കുരുമുളക് പപ്പടം | Photo: canva.com/

പപ്പടം ഇഷ്ടമില്ലാത്തവര്‍ നമുക്കിടയില്‍ കുറവാണ്. പ്രഭാതഭക്ഷണത്തിനൊപ്പവും ചോറിനൊപ്പവുമെല്ലാം കിടിലന്‍ കോംമ്പിനേഷനായി പപ്പടം നമ്മുടെ തീന്‍മേശയിലെത്തും. പലതരത്തിലുള്ള പപ്പടങ്ങള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. വിവിധ തരം മാവുകള്‍ ,കൃത്രിമ രുചികള്‍, നിറങ്ങള്‍ തുടങ്ങിയവ ചേര്‍ത്തും പപ്പടങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. എന്നാല്‍ പപ്പടം അധികം കഴിയ്ക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. പപ്പടം ഒരുപാട് കഴിച്ചാല്‍ പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ ശരീരത്തിനുണ്ടാകും. പപ്പടപ്രിയം മിതപ്പെടുത്തുന്നതാണ് നല്ലത്.

പപ്പടത്തിന്റെ ചേരുവകളില്‍ നിന്നും തന്നെ ഇത് തുടങ്ങുന്നു. പപ്പടം നിര്‍മ്മിക്കാന്‍ സോഡിയം ബൈ കാര്‍ബണേറ്റ് അല്ലെങ്കില്‍ സോഡാക്കാരം ഉപയോഗിയ്ക്കുന്നുണ്ടെന്ന് പലരും അറിയില്ല. പപ്പടം കേടാകാതെ ഇരിക്കുന്നതിനാണ്  ഇത് ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് ശരീരത്തിന് ദോഷകരമാണ്. അമിത അളവില്‍ പപ്പടം കഴിയ്ക്കുമ്പോള്‍ ഇതും വലിയ അളവില്‍ ശരീരത്തിലെത്തും. അതിനാല്‍ പപ്പടത്തിന്റെ അളവ് മിതപ്പെടുത്താം.

പപ്പടത്തിന്‍ ഉപ്പിന്റെ അംശവും സോഡിയം ബെന്‍സോയേറ്റും വലിയ അളവില്‍ അടങ്ങിയിട്ടുണ്ട്. ഇത്തരത്തില്‍ ഉയര്‍ന്ന ഉപ്പ് കഴിക്കുന്നത് ശരീരത്തിന് പല ദോഷഫലങ്ങളും വരുത്തിവെയ്ക്കും. രക്താതിമര്‍ദ്ദത്തിനും ഹൃദ്രോഗത്തിനും ഇത് കാരണമായേക്കും.

ഉപ്പ് അധികമായാല്‍ രക്തസമ്മര്‍ദ്ദം കൂടുകയും  ഇത് സ്‌ട്രോക്ക്, ഹൃദയാഘാതം തുടങ്ങിവയുടെ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. കൂടാതെ എണ്ണയില്‍ പൊരിച്ചെടുക്കുന്ന പപ്പടം കൊളസ്‌ട്രോള്‍ കൂട്ടാനും കാരണമാകും.പപ്പടങ്ങള്‍ ഉണ്ടാക്കുന്നത് പലപ്പോഴും വൃത്തിയുള്ള അന്തരീക്ഷത്തിലല്ല എന്നതും മറ്റൊരു പ്രശ്‌നമാണ്.

പരത്തിയ ശേഷം വെയിലില്‍ ഉണക്കി, തുറസ്സായ സ്ഥലത്ത് വെയ്ക്കുന്നതും, ഉണങ്ങുമ്പോള്‍ അവ സൂക്ഷിക്കുന്ന പ്രതലങ്ങളില്‍ നിന്നുള്ള പലതരം സൂക്ഷ്മാണുക്കള്‍ ഇതിലേയ്ക്ക് വരുന്നതും ഇത്തരം ആശങ്കകളാണ്.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)

Content Highlights: Papads ,food,health,dietplan,oil,salt