വ്യത്യസ്ത മത്സ്യങ്ങളും കടൽവിഭവങ്ങളും, വിലയിൽ റെക്കോർഡിട്ട് ഈ സുഷി

Photo: guinnessworldrecords.com/
Photo: guinnessworldrecords.com/

ജാപ്പനീസ് രീതിയിലുള്ള പാചകത്തിൽ കടൽവിഭവങ്ങൾക്കുള്ള സ്ഥാനം വളരെ വലുതാണ്. കടൽസസ്യങ്ങളും മത്സ്യങ്ങളും അവരുടെ പാചകക്കൂട്ടിൽ മിക്കപ്പോഴും ഇടം പിടിക്കാറുണ്ട്. ലോകമെമ്പാടും ആരാധകരുള്ള ജാപ്പനീസ് വിഭവമാണ് സുഷി.  റൈസും ഫിഷുമൊക്കെ ചേർത്താണ് ഇതുതയ്യാറാക്കുന്നത്. ഇപ്പോഴിതാ ഏറ്റവും വിലപിടിപ്പുള്ള സുഷി തയ്യാറാക്കി ​ഗിന്നസ് വേൾഡ് റെക്കോഡ്സിൽ ഇടം നേടിയിരിക്കുകയാണ് ജപ്പാനിൽ നിന്നുള്ള ഒരു റെസ്റ്ററന്റ്.

ഒസാകയിലെ സുഷി കിരിമോൻ എന്ന റെസ്റ്ററന്റാണ് വെറൈറ്റി സുഷിയുടെ പേരിൽ റെക്കോഡ് കരസ്ഥമാക്കിയത്. കിവാമി ഒമാകാസെ എന്നപേരിൽ തയ്യാറാക്കിയ സുഷിയാണ് നേട്ടം സ്വന്തമാക്കിയത്. ഇരുപത് സുഷികൾ ഉൾക്കൊണ്ടിട്ടുള്ള കോഴ്സ് ആണിത്. 350,000 ജാപ്പനീസ് യെൻ അഥവാ രണ്ടുലക്ഷത്തിൽപ്പരം രൂപയോളമാണ് ഈ മെനുവിന് നൽകേണ്ടത്. ജപ്പാന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള വ്യത്യസ്തമായ മത്സ്യങ്ങളും മറ്റ് കടൽവിഭവങ്ങളും ഉപയോ​ഗിച്ചാണ് ഈ വിശിഷ്ടമായ സുഷി തയ്യാറാക്കിയത്. 

പസിഫിക് ബ്ലൂഫിൻ ട്യൂണ, ചും സാൽമൺ, ജാപ്പനീസ് ടൈ​ഗർ പ്രോൺ, കോം​ഗർ ഈൽ, സീ ഉർചിൻസ്, ഹെയറി ക്രാബ് തുടങ്ങിയ വ്യത്യസ്ത കടൽവിഭവങ്ങളാണ് ഈ സുഷി തയ്യാറാക്കാനായി ഉപയോ​ഗിച്ചത്. ​വിളമ്പിയതിനുശേഷം മുകളിൽ അലങ്കാരത്തിനായി ​ഗോൾഡ് ലീഫ് വിതറുന്നതും പ്രത്യേകതയാണ്. പരമ്പരാ​ഗത ശൈലിയിലാണ് ലോകത്തിലെ ഏറ്റവും വിലയേറിയ ഈ സുഷി തയ്യാറാക്കിയതെന്ന് റെസ്റ്ററന്റ് അവകാശപ്പെടുന്നു. 

പരമ്പരാ​​ഗത ജാപ്പനീസ് പാചകരീതിയെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് പ്രസ്തുത ഡിഷ് ഉണ്ടാക്കിയതെന്നും റെസ്റ്ററന്റ് അധികൃതർ വ്യക്തമാക്കുന്നു. ഒരു ബോൾ റൈസിനു മുകളിൽ സ്ലൈസ് ചെയ്ത വേവിക്കാത്ത മത്സ്യം വച്ചിട്ടുള്ള നി​ഗിരി, റൈസ് ഇല്ലാത്ത വേവിക്കാത്ത മത്സ്യമുള്ള സാഷിമി, സ്ലൈസ് ചെയ്ത സുഷി റോൾ അഥവാ മാകി എന്നിവയാണ് കോഴ്സിലെ വിഭവങ്ങൾ. 

എല്ലാ സുഷി പീസുകളും പ്ലേറ്റിൽ ഒരുക്കിയതിനുശേഷമാണ് ​ഗോൾഡ്ലീഫ് വിതറുന്നത്. സുഷിക്കായി ശേഖരിച്ച മറ്റുചില വിഭവങ്ങളിൽ ജപ്പാന് പുറത്തുനിന്നുമുള്ളവയുമുണ്ട്. മറ്റ്സുടേക് മഷ്റൂം ചൈനയിൽ നിന്നും ബ്ലാക് ട്രഫിൾസ് ഇറ്റലിയിൽ നിന്നുമെല്ലാമാണ്. 

നേരത്തേ ഏറ്റവും വിലപിടിപ്പുള്ള സുഷിയുടെ റെക്കോഡ് സ്വന്തമാക്കിയത് ഷെഫ് ആഞ്ചലിറ്റോ അരാനെറ്റായാണ്. 2010ൽ ഇദ്ദേഹം തയ്യാറാക്കിയ സുഷിയിൽ 24 കാരറ്റ് ​ഗോൾഡ് ലീഫും ഡയമണ്ടും ഉൾപ്പെടെയുണ്ടായിരുന്നു.  1,35,000 രൂപയോളമായിരുന്നു അതിന്റെ വില. 

Content Highlights: Osaka Restaurant Breaks World Record For Most Expensive Sushi