തനത് ഉത്പന്നങ്ങള്‍: കപ്പയും മീനും ചക്കയുമാണ് താരം

കോഴിക്കോട് കോര്‍പ്പറേഷനും മീനും തമ്മിലെന്താണ് ബന്ധം. കടലോരനഗരമായതിന്റെ ബന്ധമല്ലേ എന്നാണെങ്കില്‍ അതുമാത്രമല്ല. തനതുവിഭവങ്ങളുടെ വിപണനത്തിനായി കോര്‍പ്പറേഷന്‍ തിരഞ്ഞെടുത്ത തദ്ദേശഉത്പന്നമാണ് മീന്‍. വ്യവസായ വാണിജ്യവകുപ്പും തദ്ദേശവകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന 'ഒരു തദ്ദേശസ്ഥാപനം ഒരു ഉത്പന്നം (ഒ.എല്‍.ഒ.പി.)' പദ്ധതിയിലാണ് മീന്‍ കോഴിക്കോടിന്റെ ഉത്പന്നമായത്.
ഇതുപോലെ ചക്കയും കപ്പയുമെല്ലാം പലനാടുകളുടെയും വിലപിടിപ്പുള്ള ഉത്പന്നമായി. സംസ്ഥാനത്തെ 456 തദ്ദേശസ്ഥാപനങ്ങള്‍ ഇത്തരത്തില്‍ അവരുടേതായ ഉത്പന്നം തിരഞ്ഞെടുത്തുകഴിഞ്ഞു.
കഴിഞ്ഞവര്‍ഷമാണ് തനതു ഉത്പന്നങ്ങള്‍ കണ്ടെത്തി വിപണിയൊരുക്കുകയെന്ന ലക്ഷ്യത്തോടെ ഒ.എല്‍.ഒ.പി. പദ്ധതി തുടങ്ങിയത്.
കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ന്യായമായ വിലലഭിക്കും. മൂല്യവര്‍ധിത ഉത്പന്നങ്ങളിലൂടെ കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും ഗണ്യമായ വരുമാനവും ഉറപ്പാകുമെന്നാണ് കരുതുന്നത്.
വ്യവസായ വകുപ്പ്, വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് മുഖേന ഒ. എല്‍.ഒ.പി.ക്കായി വിശദപദ്ധതിരേഖ(ഡി.പി.ആര്‍.) തയ്യാറാക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് സഹായംനല്‍കും. ഒരു തദ്ദേശസ്ഥാപനത്തിന് 50,000 രൂപവരെ നല്‍കും.
ചില ജില്ലകളില്‍ പലപഞ്ചായത്തുകളിലും ഒരേ ഉത്പന്നങ്ങള്‍ തന്നെയാവും കൂടുതലുണ്ടാവുക. അവര്‍ അത്തരത്തില്‍ ഉത്പന്നങ്ങള്‍ തിരഞ്ഞെടുത്ത് വ്യവസായവകുപ്പിന് നല്‍കിയിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ സംയുക്തമായി സംരംഭങ്ങള്‍ തുടങ്ങുന്ന കാര്യം പരിഗണിക്കും. ഡി.പി.ആര്‍. നടപ്പാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ സാങ്കേതിക ഉപദേശം വ്യവസായവകുപ്പ് നല്‍കും.
ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍, സര്‍ക്കാര്‍ മേളകള്‍ എന്നിവിടങ്ങളിലൂടെ കച്ചവടം നടത്താന്‍ വ്യവസായവകുപ്പ് സഹായിക്കും.
തിരഞ്ഞെടുത്ത ചില ഉത്പന്നങ്ങള്‍
തേങ്ങ, വെളിച്ചെണ്ണ, അരി, കയര്‍, പാല്‍, ശര്‍ക്കര, സുഗന്ധവ്യഞ്ജനങ്ങള്‍, നേന്ത്രപ്പഴം, കൈതച്ചക്ക, ചക്ക, കപ്പ, തേയില, ഏലം
Content Highlights: one local body one product scheme tapioca fish and janckfruits