എക്സ്പയറി ഡേറ്റിന് മുൻപേ വീർത്തു വന്ന പനീർ പാക്കറ്റ്; പ്രമുഖ ബ്രാൻ്റിനെതിരെ ഡോക്ടറുടെ പരാതി

#Lifestyle desk
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

പാക്കറ്റിൽ രേഖപ്പെടുത്തിയ തീയതി കഴിയുന്നതിന് രണ്ടാഴ്ച മുമ്പേ പനീർ പാക്കറ്റുകൾ വീർത്തു വരുന്നതിനെക്കുറിച്ച് ഒരു ഡോക്ടർ ഉന്നയിച്ച പരാതി സോഷ്യൽ മീഡിയയിൽ  ചർച്ചയാകുന്നു. സാധാരണമായി ഉപയോഗിക്കുന്ന മിൽക്കി മിസ്റ്റ് ബ്രാൻഡിന്റെ പനീർ പാക്കറ്റുകൾക്ക് പ്രശ്നം നേരിട്ടതായി ഡോ. സുനിതയാണ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ ആരോപിച്ചത്. ഹൈ പ്രോട്ടീൻ പനീറിലും സാധാരണ പനീറിലും ഇതേ പ്രശ്നം നേരിട്ടതായും, കാലാവധി കഴിയാൻ പത്ത് മുതൽ പതിനാലു ദിവസം വരെ ബാക്കിയുള്ളപ്പോഴാണ് ഇത് സംഭവിച്ചതെന്നും അവർ ചൂണ്ടിക്കാട്ടി.

പാക്കറ്റുകൾ ഇത്തരത്തിൽ വീർക്കുന്നത് പനീർ കേടായതിന്റെ ലക്ഷണമാണെന്ന് വിദഗ്ധർ പറയുന്നു. പാക്കറ്റിനുള്ളിൽ ബാക്ടീരിയകൾ വളരുകയോ ഗ്യാസ് നിറയുകയോ ചെയ്യുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. പാക്കറ്റിലെ ചെറിയ ചോർച്ച, ശരിയായ രീതിയിലുള്ള താപനില നിലനിർത്തുന്നതിൽ വരുന്ന വീഴ്ച, കൈകാര്യം ചെയ്യുന്നതിലെ പിഴവ് എന്നിവ ഇതിന് കാരണമാകാം. ഇത്തരം പനീർ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഒട്ടും സുരക്ഷിതമല്ല.

പരാതി ഉന്നയിച്ച സുനിതയുടെ പോസ്റ്റ് പ്രകാരം, ഹൈദരാബാദിലെ രത്‌നദീപ് സ്റ്റോറിൽ നിന്നാണ് അവർ പനീർ വാങ്ങിയത്. വാങ്ങി 15 മിനിറ്റിനുള്ളിൽത്തന്നെ ഫ്രിഡ്ജിലേക്ക് മാറ്റിയതിനാൽ തണുപ്പ് നിലനിർത്തുന്നതിൽ വീഴ്ച വന്നിട്ടില്ലെന്നും അവർ വ്യക്തമാക്കി. ഒപ്പം വാങ്ങിയ ചീസും ടോഫുവും കേടായിട്ടില്ലെന്നും, ആദ്യമായാണ് ഇത്തരമൊരു അനുഭവം ഉണ്ടാകുന്നതെന്നും അവർ പറഞ്ഞു.

പരാതി ശ്രദ്ധയിൽപ്പെട്ടതോടെ മിൽക്കി മിസ്റ്റ് കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിരുന്നു. ഫെബ്രുവരി 9-ന് നിർമിച്ച ഏകദേശം 6,100 കിലോ പനീർ ഉൾപ്പെട്ട ബാച്ചിലെ 200 ഗ്രാം പാക്കറ്റുകളാണിതെന്ന് കമ്പനി വ്യക്തമാക്കി. എന്നാൽ തങ്ങളുടെ പക്കലുള്ള സാമ്പിളുകൾ പരിശോധിച്ചപ്പോൾ അവ ഗുണനിലവാരമുള്ളതായി കണ്ടെത്തിയെന്നും, ഈ ബാച്ചിനെക്കുറിച്ച് മറ്റ് ഉപഭോക്താക്കളിൽ നിന്ന് പരാതികൾ ലഭിച്ചിട്ടില്ലെന്നും കമ്പനി അറിയിച്ചു. കൂടുതൽ അന്വേഷണത്തിനായി പരാതിക്കാരിയോട് വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.

പാക്കറ്റിൽ കാണുന്ന തീയതിക്ക് മുമ്പേ ആഹാരസാധനങ്ങൾ കേടാകാൻ സാധ്യതയുള്ളതിനാൽ ലേബലുകൾ കൃത്യമായി വായിക്കണമെന്നും ഭക്ഷണത്തിന്റെ ഘടനയും രുചിയും ശ്രദ്ധിക്കണമെന്നും വിദഗ്ധർ ഓർമിപ്പിക്കുന്നു. ഇത്തരത്തിൽ വീർത്ത പാക്കറ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ അവ ഉടൻ ഉപേക്ഷിക്കണം. മൃഗങ്ങൾ പോലും അത് കഴിക്കാത്ത വിധം സുരക്ഷിതമായി വേണം സംസ്കരിക്കാൻ.

ഏറ്റവും ശുദ്ധമായ പനീർ ലഭിക്കാൻ വീട്ടിൽ തന്നെ അത് തയ്യാറാക്കുന്നതാണ് ഉചിതം. ഇതിനായി പാൽ കുറഞ്ഞ തീയിൽ തിളപ്പിച്ച ശേഷം നാരങ്ങാനീരോ വിനാഗിരിയോ ചേർത്ത് പാൽ പിരിക്കുക. വെള്ളം അരിച്ചെടുത്ത് ഖരരൂപത്തിലുള്ള ഭാഗം ഒരു തുണിയിൽ കെട്ടി വെച്ച് അധികമുള്ള വെള്ളം കളയുക. ഇത് തണുപ്പിച്ച ശേഷം ചെറിയ കഷണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഫ്രഷ് പനീർ തയ്യാറാക്കാം. ഉപയോഗിക്കുമ്പോൾ ഇത് ശുദ്ധമായ വെള്ളത്തിൽ കഴുകി ഉപയോഗിക്കാവുന്നതാണ്.