ഓസ്കാർ പുരസ്കാരത്തിന് ശേഷം നേരെ ബർഗർ ഷോപ്പിലേക്ക്; ആരാധകരെ ഞെട്ടിച്ച് മികച്ച നടൻ മൈക്കൽ ബി. ജോർദാൻ

വൈകാരിക നിമിഷങ്ങളിൽ ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ കൊതിക്കാത്തവരായി ആരാണുള്ളത്! ഓസ്കർ നേടിയവർക്കും ഇങ്ങനെ തോന്നിയേക്കാം എന്ന് വീണ്ടും തെളിയിക്കുകയാണ് ഓസ്കറിൽ മികച്ച നടനുള്ള പുരസ്കാരം നേടിയ മൈക്കൽ ബി. ജോർദാൻ. സിന്നേഴ്സ് എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയ ശേഷം താരം നേരെ പോയത് ഹോളിവുഡിലെ പ്രശസ്തമായ ഇൻ-എൻ-ഔട്ട് ബർഗർ ഷോപ്പിലേക്കാണ്.
ഹോളിവുഡിലെ ഡോൾബി തിയേറ്ററിൽ നടന്ന 98-ാമത് അക്കാദമി അവാർഡ് ചടങ്ങിൽ വെച്ചാണ് മൈക്കൽ ബി. ജോർദാൻ തന്റെ കരിയറിലെ വലിയ നേട്ടം സ്വന്തമാക്കിയത്. സാധാരണയായി പുരസ്കാരത്തിന് പിന്നാലെ താരങ്ങൾ വലിയ ആഫ്റ്റർ പാർട്ടികളിലാണ് പങ്കെടുക്കാറുള്ളത്. എന്നാൽ ആഡംബര പാർട്ടികൾ ഒഴിവാക്കി തന്റെ പ്രിയപ്പെട്ട ബർഗർ കഴിക്കാനാണ് മൈക്കൽ തീരുമാനിച്ചത്.
ബർഗർ ഷോപ്പിൽ നിന്നുള്ള വീഡിയോകൾ ഇൻസ്റ്റഗ്രാം ഉൾപ്പടെയുള്ള പ്ലാറ്റ്ഫോമുകളിൽ ട്രെൻ്റിങ് ആവുകയാണ്. കയ്യിൽ തന്റെ ഓസ്കാർ ട്രോഫിയുമായി കടയിലെത്തിയ താരത്തെ കണ്ട് അവിടെയുണ്ടായിരുന്ന ജീവനക്കാരും ആരാധകരും അമ്പരന്നു. എല്ലാവരോടും പുഞ്ചിരിച്ചും സെൽഫിയെടുത്തും സമയം ചിലവഴിച്ച താരം, ഓസ്കർ പുരസ്കാരം അടുത്തുവെച്ച് ബർഗർ കഴിക്കുന്നതും വൈറൽ ദൃശ്യങ്ങളിലുണ്ട്.
Michael B. Jordan at In-N-Out after the #Oscars pic.twitter.com/B7ABSX4UjU
— DJ Short (@_DJShort) March 16, 2026
മൈക്കൽ ബി. ജോർദാന്റെ സന്ദർശനം ആരാധകർക്ക് കൗതുകമായെങ്കിലും ഹോളിവുഡിൽ ഇത് പുത്തൻ കാര്യമല്ല. ഓസ്കാർ ചടങ്ങിന് ശേഷം പാതിരാത്രിയിൽ ബർഗർ ഷോപ്പുകളിൽ എത്തുന്നത് പല പ്രമുഖ താരങ്ങളുടെയും ശീലമാണ്. റെഡ് കാർപെറ്റിലെ നീണ്ട നേരത്തെ തിരക്കുകൾക്കും ചടങ്ങുകൾക്കും ശേഷം ലളിതമായ ഭക്ഷണം ആസ്വദിക്കാൻ പലരും ഇത്തരം ഫാസ്റ്റ് ഫുഡ് സെന്ററുകളെ ആശ്രയിക്കാറുണ്ട്. മുൻപ് ബ്രാഡ് പിറ്റ്, ജെനിഫർ ലോറൻസ്, ജോൺ ലെജൻഡ് തുടങ്ങിയ പ്രമുഖരും ഓസ്കാർ രാത്രിയിൽ ഇത്തരത്തിൽ ബർഗർ കഴിക്കാനെത്തിയത് വലിയ വാർത്തയായിരുന്നു.
Content Highlights: Michael B. Jordan celebrated his Best Actor Oscar win at an In-N-Out Burger shop.