41 ലക്ഷം കൊടുത്തിട്ട് കിട്ടിയത് നിലവാരമില്ലാത്ത ഭക്ഷണം; മെറ്റ് ഗാലയിലെ മെനുവിന് വിമര്‍ശനം

ലോകത്തെ ഏറ്റവും വലിയ ഫാഷൻ മാമാങ്കമായ മെറ്റ് ഗാലയിൽ നിന്നുള്ള ചിത്രങ്ങൾ കൊണ്ട് നിറയുകയാണ് സാമൂഹികമാധ്യമം. ഫാഷൻ ലോകത്തെ ഓസ്കർ എന്നറിയപ്പെടുന്ന പരിപാടിയിലേക്ക് പ്രിയങ്ക ചോപ്ര, ആലിയ ഭട്ട് തുടങ്ങിയ ഇന്ത്യൻ താരങ്ങൾ ഉൾപ്പെടെ നിരവധി പേർ വ്യത്യസ്തവും വിചിത്രവുമായ അപ്പിയറൻസിൽ എത്തിയിരുന്നു. ഫാഷന്റെ പേരിൽ വാർത്തയിൽ നിറയുന്ന മെറ്റ് ഗാലയിലെ ഭക്ഷണത്തെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കോടികൾ ചെലവഴിച്ച് നടത്തുന്ന ഫാഷൻ വേദിയിൽ നിന്നുള്ള മെനുവിന്റെ പട്ടികയെച്ചൊല്ലിയാണ് വിമർശനം.
ഇതിഹാസ ഫാഷൻ ഡിസൈനറായിരുന്ന കാൾ ലാഗഫെല്‍ഡിന്റെ പ്രിയഭക്ഷണങ്ങളാണ് ഇത്തവണത്തെ മെനുവിൽ അണിനിരത്തിയത്. ഒലിവിയർ ചെങ് എന്ന കാറ്ററിങ് കമ്പനിയാണ് ഭക്ഷണമൊരുക്കിയത്. ലാഗഫെല്‍ഡിന് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണങ്ങളാണ് മെനുവിൽ ഒരുക്കിയത്. ചിൽഡ‍് സ്പിങ് പീ സൂപ്, ബേബി വെജിറ്റബിൾസ്, ലെമൺ ക്രീം ഫ്രെയ്ഷ്, ട്രഫിൾ സ്നോ തുടങ്ങിയവയാണ് മെനുവിൽ ഉണ്ടായിരുന്നത്. കൂടാതെ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഓറ കിങ് സാൽമൺ, ഉപ്പിലിട്ട സ്ട്രോബെറി, മുള്ളങ്കി എന്നിവയും ഉണ്ടായിരുന്നു. ആവശ്യത്തിന് വൈനും വിളമ്പിയിരുന്നു.
എന്നാൽ മെറ്റ്ഗാലയ്ക്ക് ചേർന്ന ഭക്ഷണമല്ല ഇതെന്നു പറഞ്ഞാണ് പലരും ട്വിറ്ററിൽ മെനുവിന്റെ ചിത്രം പങ്കുവെച്ചത്. ഇത്ര വലിയ ഒരു ഫാഷൻ വേദിയിൽ വിളമ്പേണ്ട ഭക്ഷണമാണോ ഇത് എന്നാണ് പലരുടെയും ചോദ്യം. ടിക്കറ്റിന് ഭീമമായ തുകയും കൊടുക്കുന്ന ഭക്ഷണം നിലവാരമില്ലാത്തതും എന്നു പറഞ്ഞാണ് പലരും മെനുവിനെ വിമർശിക്കുന്നത്.
മെറ്റ് ഗാലയിലേക്കുള്ള ടിക്കറ്റ് നിരക്ക് 50,000 യു.എസ് ഡോളർ(Rs 41,12,975) ആണെന്നിരിക്കേ കൊടുക്കുന്ന ഭക്ഷണത്തിനും അൽപം നിലവാരം ആകാമായിരുന്നു എന്ന് പറഞ്ഞാണ് ട്വിറ്ററിൽ മെനു വൈറലാകുന്നത്.
ഓരോ വർഷവും മെറ്റ് ഗാല തീമിന് അനുസരിച്ചാണ് സംഘടിപ്പിക്കാറുള്ളത്. ഇക്കുറി ഷനെലിന്റെ ഡിസൈനറായ കാൾ ലാഗഫെല്‍ഡ്: എ ലൈൻ ഓഫ് ബ്യൂട്ടി എന്ന തീമിനെ ആസ്പദമാക്കിയാണ് നടത്തിയത്.
ഭക്ഷണത്തെച്ചൊല്ലിയുള്ള വിവാദങ്ങളും വിമർശനങ്ങളും കൊഴുക്കുമ്പോൾ ഒലിവിയർ ചെങ് അധികൃതർ മറുപടിയുമായി എത്തുകയും ചെയ്തു. അന്തരിച്ച ഫാഷൻ ഐക്കണായ ലാഗഫെല്‍ഡിന്റെ പ്രിയ്യപ്പെട്ട ഭക്ഷണങ്ങൾ വിളമ്പി ആദരം അർപ്പിക്കാനാണ് ഈ മെനു ഒരുക്കിയത് എന്നാണ് അവരുടെ വാദം.