ആവേശത്തിൻ്റെ ദം പൊട്ടിച്ച് മമ്മൂട്ടി: മാതൃഭൂമി - റോസ് ബ്രാൻഡ് കേരള ബിരിയാണി ക്വീനായി മറിയം ജാഫർ

കൊച്ചി: “ചന്തുവിനെ തോല്പിക്കാൻ നിങ്ങൾക്കാകില്ല മക്കളേ. മടങ്ങിപ്പോ, അങ്കമുറകൊണ്ടും ആയുധബലം കൊണ്ടും ചന്തുവിനെ തോല്പിക്കാൻ ആണായിപ്പിറന്നവരാരുമില്ല...” നിറഞ്ഞ കൈയടികൾ സാക്ഷിയായി ‘ചന്തു’ വേദിയിലേക്ക് വരുമ്പോൾ ഒരു ബിരിയാണി വീരഗാഥ തീർത്ത് നിൽക്കുകയായിരുന്നു അംഗനമാരെല്ലാം. ചന്തുവിന്റെ കളരിയിൽ അടവുകൾ പതിനെട്ടാണെങ്കിൽ ഇവിടെ 28 അംഗനമാരാണ് ‘മസാലമുറ’ കൊണ്ടും ‘അരിബലം’ കൊണ്ടും സുന്ദരമായൊരു ബിരിയാണി വീരഗാഥ രചിച്ചത്. തോൽക്കാൻ മനസ്സില്ലാതെ അംഗനമാർ ഒന്നിനൊന്നു രുചികരമായ 28 ബിരിയാണികൾ സൃഷ്ടിച്ച ആ പാചകഭൂമിയിലെ ‘രാജ്ഞി’മാർക്ക് കിരീടം ചാർത്താനുള്ള ദൗത്യം നിറഞ്ഞ പുഞ്ചിരിയോടെയാണ് ‘ചന്തു’വും ഏറ്റെടുത്തത്. “മാതൃഭൂമി - റോസ് ബ്രാൻഡ് കേരള ബിരിയാണി ക്വീൻ...” അവതാരകന്റെ സ്വരം ഒരു നിമിഷം ആകാംക്ഷയുടെ ദമ്മിട്ടപ്പോൾ സദസ്സ് മുഴുവൻ നിശ്ശബ്ദമായി. പിന്നെ ബിരിയാണിയുടെ ദം പൊട്ടിച്ചതുപോലെ കരഘോഷങ്ങൾക്കിടയിൽ ആ പേര് പ്രഖ്യാപിച്ചു... ‘‘കേരള ബിരിയാണി ക്വീൻ മറിയം ജാഫർ ഫ്രം കണ്ണൂർ”.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ലൈവ് ബിരിയാണി പാചക മത്സരമായ മാതൃഭൂമി - റോസ് ബ്രാൻഡ് കേരള ബിരിയാണി ക്വീൻ മത്സരം ആവേശത്തിന്റെയും ആകാംക്ഷയുടെയും സുന്ദരമായ നിമിഷങ്ങളാണ് ബുധനാഴ്ച കൊച്ചിയിലൊരുക്കിയത്.
കലൂർ ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ നടന്ന ഗ്രാൻഡ് ഫിനാലെയിൽ കണ്ണൂരിൽ നിന്നുള്ള മറിയം ജാഫർ ബിരിയാണി ക്വീൻ പട്ടം ചൂടിയപ്പോൾ സമ്മാനമായി കൈയിലെത്തിയത് അഞ്ച് ലക്ഷം രൂപയും ശില്പവും കിരീടവുമാണ്. കൊല്ലത്തുനിന്നുള്ള ആൻസി സാബു രണ്ട് ലക്ഷം രൂപയുടെ രണ്ടാം സമ്മാനം നേടിയപ്പോൾ കോഴിക്കോട്ടുനിന്നുള്ള ഹബീബ സുബൈറാണ് ഒരു ലക്ഷം രൂപയുടെ മൂന്നാം സ്ഥാനം നേടിയത്.
നേരത്തേ ഗ്രാൻഡ് ഫിനാലെ വേദിയിൽ ഉയർന്ന പാട്ടിനൊപ്പം ചുവടുകൾ വെച്ചായിരുന്നു കാസർകോട്ടുകാരി വിമല ബിരിയാണിയുടെ രസക്കൂട്ടിലേക്ക് യാത്ര തുടങ്ങിയത്. കോളിയടുക്ക എൽ.പി. സ്‌കൂളിലെ പാചകക്കാരിയായ വിമലയ്ക്ക് ഇത്രയും വലിയൊരു മത്സരവേദിയിലെത്തിയത് തന്നെ അഭിമാനത്തിന്റെ അങ്ങേയറ്റമായിരുന്നു. “ഞാന് ഇങ്ങനെയൊന്നു പോയിട്ടില്ലപ്പാ. ഇതെന്തൊരു വല്യ ചാൻസാണപ്പാ...” കാസർകോടൻ ഭാഷയിൽ ഉഷാറായി സംസാരിച്ച് വിമല ബിരിയാണിയുടെ ചേരുവകൾ ഒരുക്കുമ്പോൾ അപ്പുറത്ത് പച്ചമുളകിന്റെ കഥ പറഞ്ഞായിരുന്നു കൊല്ലത്തുകാരി ആരിഫയുടെ പാചകം. “വീട്ടിൽ തന്നെ ഉണക്കിപ്പൊടിച്ചെടുക്കുന്ന പ്രത്യേക മസാലയാണ് എന്റെ ബിരിയാണിയുടെ സ്പെഷ്യൽ. പച്ചമുളക് മുഴുവനായിട്ടാണ് ഞാൻ ഇടാറുള്ളത്. അത് എണ്ണയിൽ കിടന്ന് പൊട്ടി വരുമ്പോഴുണ്ടാകുന്ന ഒരിതുണ്ടല്ലോ...” ആരിഫ പറയുമ്പോൾ നാവിൽ വെള്ളമൂറി. സജീരകവും ഏലക്കയും പട്ടയും ഗ്രാംപുവുമൊക്കെ ചേർത്തുണ്ടാക്കിയ മസാലക്കൂട്ടിന്റെ കഥ പറഞ്ഞ് മലപ്പുറത്തുകാരി സാറ അരിയിടുമ്പോൾ ഒരു നാടൻ ബിരിയാണിക്കഥ മുന്നിൽ തെളിഞ്ഞു.
കേരളത്തിലെ 14 ജില്ലകളിൽനിന്നുള്ള 28 മത്സരാർഥികൾക്കെല്ലാം ഇതുപോലെ പറയാൻ പിന്നെയും കഥകൾ ഒരുപാടുണ്ടായിരുന്നു. ത്രില്ലിന്റെയും സന്തോഷത്തിന്റെയും ആ മസാലക്കൂട്ടുകൾ തന്നെയായിരുന്നു മാതൃഭൂമി - റോസ് ബ്രാൻഡ് കേരള ബിരിയാണി ക്വീൻ ഗ്രാൻഡ് ഫിനാലെയുടെ ഹൈലൈറ്റ്‌സ്. ഇങ്ങോട്ടേക്ക് കയറി വരുമ്പോൾത്തന്നെ നിങ്ങളുടെ കടുത്ത പാചക പോരാട്ടത്തിന്റെ മണം കിട്ടിയെന്ന ഡയലോഗോടെ ഷെഫ് പിള്ള വിധിനിർണയത്തിലേക്ക് കടക്കുമ്പോൾ സെലിബ്രിറ്റി ഷെഫ് ആബിദ റഷീദും നടിയും പാചക അവതാരകയുമായ ആനിയും അതേ സന്തോഷത്തിന്റെ ദം തന്നെയാണ് പൊട്ടിച്ചത്.
സമാപന ചടങ്ങിൽ മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ, ബർധമാൻ ആഗ്രോ പ്രോഡക്ട്‌സ് ലിമിറ്റഡ് ചെയർമാൻ ഷേഖ് റബീബുൽ ഹഖ്, ജൂനിയർ ഡയറക്ടർ മുഹമ്മദ് റാഖിബ്, ബിസിനസ് ഡിവലപ്‌മെന്റ് മാനേജർ സി.കെ. ഷാഹിർ, റീജണൽ ബിസിനസ് പാർട്ണർ നാരായൺ ചന്ദ്ര മെയ്ത്തി, അസി. റീജണൽ ബിസിനസ് പാർട്ണർ സോമനാഥ് മെയ്ത്തി, ഇന്റർനാഷണൽ മാർക്കറ്റിങ് മാനേജർ (ബർധമാൻ റോസ്) അബ്ദുൽ ഷുക്കൂർ, ഇന്റർനാഷണൽ സെയിൽസ് മാനേജർ (ബർധമാൻ റോസ്) സി.വി. നൗഷാദ്, ചീഫ് മാർക്കറ്റിങ് ഓഫീസർ ശ്രീപതി ഭട്ട്, മാതൃഭൂമി ജനറൽ മാനേജർ - പബ്ലിക് റിലേഷൻസ് കെ.ആർ. പ്രമോദ്, മാതൃഭൂമി ന്യൂസ് എക്സിക്യുട്ടീവ് എഡിറ്റർ രാജീവ് ദേവരാജ്, മാതൃഭൂമി മീഡിയ സൊലൂഷൻസ് ഹെഡ് നവീൻ ശ്രീനിവാസൻ തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: mathrubhumi rose brand biriyani queen