എന്റെ ഉച്ചഭക്ഷണം പങ്കിടാൻ ആരും ആഗ്രഹിക്കില്ല, അതിനാൽ മുഴുവനും കഴിക്കാം- മഹുവ മൊയ്ത്ര

രാഷ്ട്രീയ നേതാക്കൾ പാർലമെന്റിൽ ഉച്ചഭക്ഷണത്തിന് എന്ത് കഴിക്കുമെന്നതിനെക്കുറിച്ച് പലർക്കും കൗതുകമുണ്ടാവാം. പാർലമെൻ്റിലുള്ള ദിവസങ്ങളിൽ താൻ കഴിക്കുന്ന ഭക്ഷണത്തെ കുറിച്ച് ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര.
താൻ സാധാരണയായി വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ടുവരാറാണ് പതിവെന്നും ദിവസവും പരിപ്പും വെണ്ടയ്ക്കാ കറിയും ഉച്ചഭക്ഷണത്തിൽ ഉണ്ടാകുമെന്നും മഹുവ പറയുന്നുണ്ട്. വീട്ടിലെ ഭക്ഷണം ഓഫീസിൽ കൊണ്ടുവന്ന് പങ്കിട്ടുകഴിക്കുന്നവർ അനവധിയാണ്. എന്നാൽ മഹുവയുടെ ഭക്ഷണം ആരും ചോദിച്ച് വരാറില്ല. അതിനുള്ള കാരണവും അവർ പറയുന്നുണ്ട്. ‘എൻ്റെ ഉച്ചഭക്ഷണം ആരും പങ്കിടാൻ ആഗ്രഹിക്കില്ല. പരിപ്പും വെണ്ടയ്ക്കാ കറിയും കഴിക്കുന്നതിലെ ഏറ്റവും ഗുണം അതാണ്. അവർ എന്നെ നോക്കിയിട്ട് 'ഛേ, എന്താണീ കഴിക്കുന്നത്?' എന്ന് ചോദിക്കും. അതിനാൽ എൻ്റെ ഭക്ഷണം ആരും കഴിക്കില്ല, എനിക്ക് അത് മുഴുവൻ കഴിക്കാം’ – ചിരിച്ചുകൊണ്ട് മഹുവ പറയുന്നു.
‘പുതിയ പാർലമെൻ്റിലെ ഭക്ഷണം പോരാ’
പുതിയ പാർലമെൻ്റ് കാൻ്റീനിലെ ഭക്ഷണം തനിക്കത്ര ഇഷ്ടമല്ലെന്ന് മഹുവ പറയുന്നു. എല്ലാ ദിവസവും സ്വന്തം ഭക്ഷണമാണ് കഴിക്കുന്നതെങ്കിലും ചില അവസരങ്ങളിൽ സഹപ്രവർത്തകർ കൊണ്ടുവരുന്ന വിഭവങ്ങളും മഹുവ കഴിക്കാറുണ്ട്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ആന്ധ്രാ പ്രദേശിൽ നിന്നുള്ള എംപിമാർ കൊണ്ടുവരുന്ന കീമ ബിരിയാണിയും സുപ്രിയ സുലെ കൊണ്ടുവരുന്ന ഉരുളക്കിഴങ്ങുകൊണ്ടുള്ള കിച്ഡിയും (കിച്ഡി വിത്ത് ആലൂവും) മഹുവയുടെ പ്രിയപ്പെട്ട വിഭവങ്ങളാണ്.
വെണ്ടക്കയും പരിപ്പും
കലോറി കുറഞ്ഞ പച്ചക്കറിയാണ് വെണ്ടയ്ക്ക. ഫൈബർ ധാരാളമുണ്ട്. കൂടാതെ ദഹനത്തിനും പൊതുവായ ആരോഗ്യത്തിനും സഹായിക്കുന്ന വിറ്റാമിനുകളും ധാതുക്കളും ഇതിൽ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി, വിറ്റാമിൻ കെ, ഫോളേറ്റ്, ആൻ്റിഓക്സിഡൻ്റുകൾ എന്നിവയാൽ വെണ്ടയ്ക്ക സമ്പന്നമാണ്.
ഒരേ കോമ്പിനേഷൻ ദിവസവും കഴിക്കുന്നത് ഭക്ഷണത്തിലെ വൈവിധ്യം കുറച്ചേക്കാം. ഇത് പോഷകം കുറയ്ക്കാൻ സാധ്യതയുള്ളതിനാൽ പരിപ്പ്, പനീർ, തൈര്, യോഗർട്ട് പോലുള്ള പ്രോട്ടീനുകൾ, മറ്റ് പച്ചക്കറികൾ അല്ലെങ്കിൽ സാലഡ്, ഒലിവ് ഓയിൽ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ നട്ട്സ് എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
Content Highlights: TMC MP Mahua Moitra shares her daily parliament lunch of dal and bhindi, her preference for homemade food, and why her colleagues avoid her meal