ഓഫറുള്ള ബസ്മതി അരി ട്രോളി നിറയെ വാങ്ങാൻ തിക്കും തിരക്കും, ശ്രദ്ധനേടി വീഡിയോ

സ്ഥിരമായി ഉപയോഗിക്കുന്ന വീട്ടുസാധനങ്ങൾക്ക് ഓഫറുണ്ടെങ്കിൽ അത് ഉപയോഗപ്പെടുത്തുന്നത് സാധാരണമാണ്. എന്നാൽ ഇത്തരത്തിലൊരു 'ഉപയോഗപ്പെടുത്തലിൻ്റെ' രസകരമായ വീഡിയോ ശ്രദ്ധനേടുകയാണ്. നാട്ടിലല്ല, അങ്ങ് ലണ്ടണിലാണെന്നു മാത്രം.
ലണ്ടനിലെ വൈറ്റ്ചാപ്പലിലെ സൂപ്പർമാർക്കറ്റിൽ ബസ്മതി അരി 9.50 പൗണ്ടിന് (ഏകദേശം 1100 രൂപ) വിൽപ്പനയ്ക്ക് വച്ചതോടെ ജനങ്ങൾ തിരക്കുകൂട്ടി വാങ്ങാൻ ഓടിയെത്തിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഷോപ്പിങ് ട്രോളികളിൽ ബസ്മതി അരി പാക്കറ്റുകൾ നിറയ്ക്കുന്നതും, തിരക്കിനിടയിൽ ചിലർ നടക്കാൻ ബുദ്ധിമുട്ടുന്നതും കാണാം. ലണ്ടനിലെ പ്രാദേശിക പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോ പ്രചരിച്ചതോടെ ഓഫറുകൾ വരുമ്പോഴുള്ള ഇത്തരത്തിലുള്ള തിരിക്കിനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങളും വന്നു. സൂപ്പർമാർക്കറ്റുകൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും ഒരാൾക്ക് ഒരു ബാഗ് മാത്രം നൽകണമെന്നും ചിലർ കുറിച്ചു. ദീർഘകാലം കേടാകാത്ത ഭക്ഷ്യവസ്തുക്കൾ സംഭരിക്കുന്നത് മോശം ആശയമല്ലെന്നും അരി പ്രധാന ഭക്ഷണമായ സംസ്കാരങ്ങളിൽ, 100 കിലോ അരി വാങ്ങി വലിയ ഡ്രമ്മുകളിൽ സൂക്ഷിച്ച് വർഷം മുഴുവൻ ഉപയോഗിക്കുന്നത് സാധാരണമാണെന്നുമാണ് ചിലരുടെ പക്ഷം. 19 പൗണ്ടാണ് ഇതേ കമ്പനിയുടെ 10 കിലോ ബസ്മതി അരിക്കെന്നും കമൻ്റുണ്ട്.
Content Highlights: Viral video shows shoppers in a London Sainsbury`s scrambling for discounted basmati rice