വാണിജ്യ പാചകവാതക വിലവർധന; 30 രൂപയ്ക്കുള്ള ഊൺ നഷ്ടപ്പെടുമോ?

#എന്‍. സൗമ്യ
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

കോഴിക്കോട്: സംസ്ഥാനത്ത് 30 രൂപയ്ക്ക് ഊൺ നൽകിയിരുന്ന കുടുംബശ്രീ ജനകീയഹോട്ടലുകളിൽ പ്രതിസന്ധി. വാണിജ്യസിലിൻഡറിന്റെ വില കൂടിയതോടെ പലരും ഊൺവില കൂട്ടാൻതുടങ്ങി. കടക്കെണിയിലായതോടെ 30 രൂപയെന്ന രീതിയിൽ മുന്നോട്ടുപോകാനാവില്ലെന്നാണ് നടത്തിപ്പുകാരിൽ പലരും പറയുന്നത്. 40-50 രൂപയൊക്കെയായി വില. എന്നാൽ, 30 രൂപയ്ക്കുതന്നെ ഊൺ നൽകണമെന്നാണ് സർക്കാർനയം.

വിശപ്പുരഹിതകേരളം പദ്ധതിയുടെ ഭാഗമായാണ് 20 രൂപയ്ക്ക് ഊൺ നൽകുന്ന ഹോട്ടലുകൾ തുടങ്ങിയത്. 10 രൂപ നടത്തിപ്പുകാർക്ക് സബ്സിഡിയായി അന്ന് നൽകിയിരുന്നു. കോവിഡിന്റെ പ്രയാസങ്ങൾ മാറിയശേഷം 2023 ഓഗസ്റ്റ് ഒന്നുമുതൽ 20 രൂപ ഊൺ നിർത്തുകയും പകരം 30 രൂപയെന്ന രീതിയിലേക്ക് മാറ്റുകയും ചെയ്തു. പാഴ്സൽ ഊണിന് 35 രൂപയുമായി. സബ്സിഡി ഒഴിവാക്കി.

ചോറ്, തോരൻ, അച്ചാർ, നാടൻ വിഭവം ഉൾപ്പെടെ മൂന്ന് തൊടുകറിയും ഒരു ഒഴിച്ചുകറിയും ഉണ്ടാവണമെന്നാണ് നിബന്ധന. സിവിൽ സപ്ലൈസിൽനിന്ന് സബ്സിഡി നിരക്കിൽ അരിയും വാടക, വെള്ളം, കറന്റ് നിരക്കുകൾ അതത് തദ്ദേശസ്ഥാപനങ്ങളും നൽകുമെന്നായിരുന്നു ഉത്തരവിലുണ്ടായിരുന്നത്. സംസ്ഥാനത്തൊട്ടാകെ 656 ജനകീയ ഹോട്ടലുകളാണുള്ളത്. നേരത്തേയുണ്ടായിരുന്ന പല ഹോട്ടലുകളും ഒഴിവാക്കി.

''30 രൂപയായപ്പോൾതന്നെ പ്രയാസമായിരുന്നു. ഇപ്പോൾ ഗ്യാസിന്റെ വിലകൂടി ഉയർന്നതോടെ മുന്നോട്ടുപോകാൻ പറ്റുന്നില്ല. പലവട്ടം ഹോട്ടൽ നടത്തിപ്പിന്റെ പ്രയാസം ബന്ധപ്പെട്ടവരെയെല്ലാം അറിയിച്ചു. മന്ത്രിമാർക്കുൾപ്പെടെ പരാതി നൽകി. ഒന്നിലും തീരുമാനമായില്ല. ഈ മാസം മുതൽ 30 രൂപയെന്ന രീതിമാറ്റി. 50 രൂപയാക്കി. വേറെ നിവൃത്തിയില്ല...''- കോഴിക്കോട്ടെ ഒരു ജനകീയ ഹോട്ടൽ സംരംഭക പറഞ്ഞു.

പലർക്കും സബ്സിഡി നിരക്കിൽ അരി കിട്ടിയിട്ടില്ലെന്നും തദ്ദേശസ്ഥാപനങ്ങളിൽനിന്ന് കെട്ടിടവാടകയോ, വൈദ്യുതിച്ചാർജോ ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. മഴക്കാലമായാൽ വിറകുപോലും കിട്ടില്ല. അപ്പോൾ പ്രയാസമേറുമെന്നാണ് ഹോട്ടലുകാർ പറയുന്നത്.

അതിദരിദ്രർക്ക് ഭക്ഷണം 
അതിദരിദ്രർ, അശരണർ, കിടപ്പുരോഗികൾ എന്നിവർക്ക് സൗജന്യഭക്ഷണം ഇപ്പോഴും നൽകുന്നുണ്ട്. ''മൂന്നുനേരത്തേക്ക് 100 രൂപയാണ് ഒരാൾക്ക് കണക്കാക്കിയിട്ടുള്ളത്. വീട്ടിലെത്തിക്കുന്നതിന് 25 രൂപ യാത്രാച്ചെലവും ലഭിക്കും. തദ്ദേശസ്ഥാപനത്തിൽനിന്ന് തുക മുടക്കമില്ലാതെ കിട്ടാറുണ്ട്. എങ്കിലും പലയിടത്തും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടി വരും. അതിന് ഓട്ടോയൊക്കെ ഏർപ്പാടാക്കുമ്പോൾ ചെലവുകൂടും''- ജനകീയഹോട്ടൽ സംരംഭക പറഞ്ഞു.

സർക്കാർനയം 
എല്ലാവർക്കും ഭക്ഷണം ഉറപ്പാക്കാൻ പറ്റുന്ന രീതിയിലാണ് ജനകീയഹോട്ടൽ തുടങ്ങിയത്. ഊൺ അല്ലാതെയുള്ള മറ്റു ഭക്ഷണവും വിളമ്പാം. ഊണിനുമാത്രമാണ് 30 രൂപ നിബന്ധന. പലതരം ഭക്ഷണം വിളമ്പുന്നതിലൂടെ സംരംഭകർക്ക് നടത്തിപ്പ് സുഗമമാക്കാൻ പറ്റുമെന്നും എന്നാൽ, ഊൺ മാത്രമുള്ളവരാണ് പ്രയാസത്തിലാകുന്നതെന്നും കുടുംബശ്രീ അധികൃതർ പറഞ്ഞു.

ഗ്യാസ്‌ക്ഷാമം ഉള്ളപ്പോൾ ജനകീയ ഹോട്ടലുകലുടെ പ്രയാസം പരിഹരിക്കാൻ ഇടപെടുകയും അവർക്ക് ലഭ്യതയിൽ മുൻഗണന ലഭിക്കുകയും ചെയ്തിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി.

Content Highlights: Janakeeya Hotels are raising meal prices from ₹30 to ₹40-50 due to rising commercial gas costs., The government mandate still insists on maintaining the ₹30 price point., Entrepreneurs report lack of promised subsidies, rental support, and electricity bill coverage.