ബീച്ച് മാത്രമല്ല, നമ്മളും മാറേണ്ടേ?; കോഴിക്കോട്ടെ ഫുഡ് സ്ട്രീറ്റില്‍ എത്തുന്നവര്‍ ശ്രദ്ധിക്കുക, ഭക്ഷണമാലിന്യം അലക്ഷ്യമായി ഉപേക്ഷിക്കാതിരിക്കൂ

കോഴിക്കോട്: ബീച്ചിലെ ഫുഡ് സ്ട്രീറ്റിന്റെ ശുചിത്വത്തില്‍ പ്രത്യേക ശ്രദ്ധവേണമെന്നും നഗരത്തിന് ഇതൊരു ശാപമായി മാറ്റാതെ നോക്കണമെന്നും ഉദ്ഘാടന സമയത്ത് മന്ത്രി എം.ബി. രാജേഷ് പറഞ്ഞിരുന്നു. ഉദ്ഘാടനം കഴിഞ്ഞതോടെ പലരുടെയും അശ്രദ്ധകാരണം വലിച്ചെറിഞ്ഞ മാലിന്യത്തിനിടയിലും വെള്ളക്കെട്ടിനുമിടയിലിരുന്ന് ഭക്ഷണം കഴിക്കേണ്ട സ്ഥിതിയാണിവിടെ.
ഉദ്ഘാടനം കഴിഞ്ഞ അന്നുമുതല്‍ ബീച്ചിലെത്തുന്നവര്‍ ഭക്ഷണം കഴിച്ച് മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നത് ഫുഡ്സ്ട്രീറ്റിന്റെ ഭംഗിക്ക് ഒരു ശാപമായി മാറിയിരിക്കുകയാണ്. ഭക്ഷണ കാര്‍ട്ടുകളില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയവയ്ക്ക് കോര്‍പ്പറേഷന്‍ അജൈവ, ജൈവമാലിന്യം നിക്ഷേപിക്കാനായി പ്രത്യേകം ചവറ്റുകുട്ടകള്‍ നല്‍കിയിരുന്നു. എന്നാല്‍ കടയിലെത്തുന്നവരും കച്ചവടക്കാരും വേണ്ട ശ്രദ്ധപുലര്‍ത്താത്തതിനാല്‍ ചുറ്റും മാലിന്യം നിറയുന്നുണ്ട്. മാലിന്യം നിറഞ്ഞതോടെ കഴിഞ്ഞ ദിവസങ്ങളില്‍ കോര്‍പ്പറേഷന്‍ ജീവനക്കാരാണ് ഫുഡ് സ്ട്രീറ്റ് ശുചീകരിച്ചത്.
വെള്ളക്കെട്ടും പ്രശ്‌നം
മഴപെയ്തതോടെ ഫുഡ് സ്ട്രീറ്റിന് പുറത്തെ റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. ഈ വെള്ളക്കെട്ടിന് സമീപമാണ് ആളുകള്‍ ഭക്ഷണം കഴിക്കുന്നത്. ഭക്ഷണം പാകം ചെയ്യാനുള്ള വസ്തുക്കള്‍ ഇതിന് സമീപം വെച്ചതും കാണാം. ബീച്ചിലെത്തുന്നവരുടെയും കച്ചവടക്കാരുടെയും ആരോഗ്യത്തിന് ഇത് ഭീഷണിയാണ്. പകര്‍ച്ചവ്യാധികള്‍ പടരാനും കാരണമാകും.
കച്ചവടക്കാരും ബീച്ചിലെത്തുന്നവരും മാലിന്യം കൈകാര്യം ചെയ്യുന്നതില്‍ ഉത്തരവാദിത്വം പുലര്‍ത്തണമെന്ന് കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ പി. ദിവാകരന്‍ പറഞ്ഞു. ഫുഡ് സ്ട്രീറ്റിന്റെ ശുചീകരണത്തിന് മാത്രമായി പുതുതായി എട്ടുപേരെ നിയമിച്ചിട്ടുണ്ടെന്നും അതില്‍ നാലുപേര്‍ വെള്ളിയാഴ്ച രാവിലെ ചുമതലയേല്‍ക്കുമെന്നും പറഞ്ഞു. കച്ചവടക്കാരാണ് ഇവര്‍ക്കുള്ള ശമ്പളം നല്‍കുന്നത്.
പിഎഡബ്‌ള്യുയുടെ ചുമതലയിലാണ് ഫുഡ് സ്ട്രീറ്റിന് പുറത്തുള്ള റോഡുള്ളത്. ഫുഡ് സ്ട്രീറ്റ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി റോഡിലെ അഴുക്കുചാല്‍ ക്ലീന്‍ ചെയ്ത് പുതിയ സ്ലാബും ടൈലും ഇടാന്‍ കോര്‍പ്പറേഷന്‍ പിഡബ്‌ള്യുഡിക്ക് കത്ത് നല്‍കിയിരുന്നു. ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ചശേഷം എസ്റ്റിമേറ്റ് തയ്യാറാക്കിവരുകയാണെന്നാണ് വിവരം. വാട്ടര്‍, വൈദ്യുതി കണക്ഷനുകള്‍ ലഭിച്ചു കഴിഞ്ഞാല്‍ ബാക്കി കാര്‍ട്ടുകള്‍ കൂടി പ്രവര്‍ത്തനമാരംഭിക്കുമെന്ന് കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ പറഞ്ഞു.
ബീച്ചിലെ ഉന്തുവണ്ടികള്‍ കോന്നാടെത്തി
ബീച്ചില്‍ വെന്‍ഡിങ് സോണും ഫുഡ് സ്ട്രീറ്റും തുടങ്ങിയപ്പോള്‍ ഇനി അവിടെ അനധികൃത കച്ചവടം ഉണ്ടാകില്ലെന്നായിരുന്നു കോര്‍പ്പറേഷന്‍ ഉറപ്പുനല്‍കിയത്. എന്നാല്‍, പ്രധാന ബീച്ചിലെ പഴയഉന്തുവണ്ടികളെല്ലാം കോന്നാട് ബീച്ചില്‍ നിരന്നുകഴിഞ്ഞു.
നേരത്തേ കോന്നാട് രണ്ടോ മൂന്നോ കച്ചവടക്കാര്‍ മാത്രമാണുണ്ടായിരുന്നത്. അവിടെയാണ് കഴിഞ്ഞദിവസം പകലും രാത്രിയുമായി പഴയഉന്തുവണ്ടികള്‍ കൊണ്ടിട്ടത്. ബുധനാഴ്ച രാത്രി 10.30-യ്ക്ക് ശേഷവും ഉന്തുവണ്ടികള്‍ കൊണ്ടിട്ടു.
കച്ചവടം നടത്തുന്നില്ലെങ്കിലും ഭാവിയില്‍ അത്തരം നടപടിയുണ്ടായേക്കാമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പഴയ ഉന്തുവണ്ടികള്‍ എവിടേയും കൊണ്ടിട്ട് കച്ചവടം നടത്തരുതെന്ന് കോര്‍പ്പറേഷന്‍ വ്യക്തമാക്കിയിരുന്നു.
മുന്‍പ് കോന്നാട് ഭാഗത്ത് ലഹരിവിരുദ്ധരും മറ്റും താവളമാക്കുന്നതായി ആരോപണമുണ്ട്. വെളിച്ചം കുറവായതിനാല്‍ രാത്രിവൈകി പലരും ഈ ഭാഗത്ത് തമ്പടിക്കാറുണ്ട്.
''ഉന്തുവണ്ടികളുടെ മറപറ്റി ലഹരികേന്ദ്രമാക്കി കോന്നാട് ബീച്ചിനെ മാറ്റരുത്. കഴിഞ്ഞ രാത്രികളിലാണ് ഇവ ഇവിടെ കൊണ്ടിടാന്‍ തുടങ്ങിയത്. അത് ശരിയായ നടപടിയല്ല'' - നാട്ടുകാരനായ ഹര്‍ഷന്‍ കാമ്പുറം പറഞ്ഞു. അതേസമയം ഉന്തുവണ്ടികള്‍ അവിടെ കൊണ്ടിട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അവ നീക്കം ചെയ്യുമെന്നും ക്ഷേമകാര്യസമിതി അധ്യക്ഷന്‍ പി. ദിവാകരന്‍ പറഞ്ഞു.
Content Highlights: Kozhikode`s Beach Food Street faces sanitation challenges with litter and waterlogging, impacting visitor experience and health. Authorities are addressing the issues.