കൂർക്ക വെറുമൊരു കിഴങ്ങല്ല; പ്രതിരോധശേഷി കൂട്ടും ‘സൂപ്പർ ഫുഡ്’! സ്പെഷ്യൽ റെസിപ്പി

മലയാളിയുടെ പ്രിയപ്പെട്ട വിഭവങ്ങളിൽ ഒന്നാണ് കൂർക്ക അഥവാ ചൈനീസ് പൊട്ടറ്റോ. ശൈത്യകാലത്ത് വിപണിയിൽ സജീവമാകുന്ന കൂർക്ക രുചിയിൽ മാത്രമല്ല, ആരോഗ്യഗുണങ്ങളുടെ കാര്യത്തിലും മുൻപന്തിയിലാണ്. ഉരുളക്കിഴങ്ങിനോട് സാമ്യമുള്ളതാണെങ്കിലും പോഷകഗുണങ്ങളിൽ കൂർക്ക ഏറെ മുന്നിലാണ്.
പോഷകങ്ങളുടെ കലവറ
കൂർക്കയിൽ കാർബോഹൈഡ്രേറ്റ്, നാരുകൾ എന്നിവയ്ക്ക് പുറമെ വിറ്റാമിൻ സി, വിറ്റാമിൻ ബി6, പൊട്ടാസ്യം, മാംഗനീസ്, ഇരുമ്പ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകുന്നതോടൊപ്പം ഹൃദയത്തിന്റെയും പേശികളുടെയും പ്രവർത്തനത്തിന് ആവശ്യമായ പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടം കൂടിയാണിത്.
ആരോഗ്യ ഗുണങ്ങൾ
- രോഗപ്രതിരോധ ശേഷി: ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും അണുബാധകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
- ദഹനം: നാരുകളാൽ സമ്പന്നമായതിനാൽ ദഹനം സുഗമമാക്കാനും മലബന്ധം തടയാനും ഇവ സഹായിക്കുന്നു.
- ഹൃദയാരോഗ്യം: ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയരോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
- ശരീരഭാരം കുറയ്ക്കാൻ: കുറഞ്ഞ കലോറിയും ഉയർന്ന നാരുകളും അടങ്ങിയ കൂർക്ക കഴിക്കുന്നത് വയർ നിറഞ്ഞ അനുഭവം നൽകുകയും അമിതാഹാരം ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
- ചർമ്മ സംരക്ഷണം: ഇവയിലെ ആന്റിഓക്‌സിഡന്റുകളും ഉയർന്ന ജലാംശവും ചർമ്മത്തിന്റെ ആരോഗ്യത്തിന് ഗുണകരമാണ്.
കൂർക്കേം ബീഫും, തൃശ്ശൂരുകാരുടെ സ്വന്തം വിഭവമാണ്. ഉച്ചയൂണിനൊപ്പം വ്യത്യസ്തമായ ഈ രുചി പരീക്ഷിച്ചാലോ..
കൂർക്കേം ബീഫും തയ്യാറാക്കുന്ന വിധം
ഒരു കിലോ ബീഫ് കഴുകി ഉപ്പ്, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് വേവിച്ച് മാറ്റി വയ്ക്കുക. ഒരു ചട്ടി അടുപ്പത്ത് വച്ച് അതിൽ വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ചെറിയ ഉള്ളി എന്നിവ ചതച്ച് ചേർക്കുക. നന്നായി വഴറ്റി അൽപം മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്തിളക്കുക. ഈ മസാലയിലേക്ക് വൃത്തിയാക്കി വച്ച അരക്കിലോ കൂർക്കയും ചേർക്കണം. പാകത്തിന് ഉപ്പ് ചേർത്ത് കൂർക്ക വേവുന്നതുവരെ വയ്ക്കണം.
ഇനി ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ബീഫ് ചേർക്കണം. കൂർക്കയും ബീഫും നന്നായി മിക്‌സാകുവരെ വീണ്ടും വേവിക്കാം. ഇനി ഇതിലേക്ക് പാകത്തിന് കുരുമുളകുപൊടിയും ഗരംമസാലയും കറിവേപ്പിലയും ചേർക്കുക. പച്ചമണം മാറിയാൽ അടുപ്പിൽ നിന്നിറക്കി മുകളിൽ അൽപം പച്ചവെളിച്ചെണ്ണയൊഴിച്ച് വിളമ്പാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കൂർക്ക ആരോഗ്യത്തിന് നല്ലതാണെങ്കിലും അമിതമായി കഴിക്കുന്നത് ഗ്യാസ്, വയറു വീർക്കൽ അല്ലെങ്കിൽ വയറിളക്കം എന്നിവയ്ക്ക് കാരണമായേക്കാം. പ്രത്യേകിച്ച് ഐ.ബി.എസ് പോലുള്ള ദഹനപ്രശ്നങ്ങൾ ഉള്ളവർ മിതമായ അളവിൽ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
Content Highlights: Discover the amazing health benefits of Koorka (Chinese Potato), a nutritious winter vegetable.