സ്കൂൾ മെനു: മിക്കയിടത്തും പതിവുവിഭവങ്ങൾ,ചിലയിടത്ത് എഗ് റൈസും സാമ്പാറും ചമ്മന്തിയും

പൊതുവിദ്യാലയങ്ങളിൽ പരിഷ്കരിച്ച ഉച്ചഭക്ഷണ മെനു വെള്ളിയാഴ്ച നിലവിൽവന്നു. ആലപ്പുഴ ഗവ. എസ്‌ഡിവിജെബി സ്കൂളിലെ കാഴ്ച. | ഫോട്ടോ: പി. പ്രണവ്
പൊതുവിദ്യാലയങ്ങളിൽ പരിഷ്കരിച്ച ഉച്ചഭക്ഷണ മെനു വെള്ളിയാഴ്ച നിലവിൽവന്നു. ആലപ്പുഴ ഗവ. എസ്‌ഡിവിജെബി സ്കൂളിലെ കാഴ്ച. | ഫോട്ടോ: പി. പ്രണവ്

കോഴിക്കോട്: സ്കൂളിലെ ഉച്ചഭക്ഷണ മെനുവിലെ മാറ്റം വെള്ളിയാഴ്ച തുടങ്ങുമെന്നുപറഞ്ഞെങ്കിലും ഒട്ടുമിക്കയിടങ്ങളിലും പതിവുഭക്ഷണംതന്നെയാണ് ഒരുക്കിയത്. എന്നാൽ, ചിലയിടങ്ങളിൽ എഗ് റൈസും തക്കാളിച്ചോറുമെല്ലാം വിളമ്പി. അടുത്തയാഴ്ചമുതൽ തുടങ്ങാമെന്നാണ് പലരും പറയുന്നത്. ചിലയിടങ്ങളിൽ കഴിഞ്ഞയാഴ്ചതന്നെ വെജിറ്റബിൾ റൈസും ലെമൺ റൈസുമെല്ലാം നൽകിയിരുന്നു.

പേരാമ്പ്ര ഹയർസെക്കൻഡറി സ്കൂളിൽ മുട്ടചേർത്തുള്ള ചോറാണ് നൽകിയത്. ചാലപ്പുറം ഗണപത് എൽപി സ്കൂളിൽ ചോറും സാമ്പാറും ചമ്മന്തിയും സാലഡുമെല്ലാം ഒരുക്കി. ചിലയിടങ്ങളിൽ കഴിഞ്ഞയാഴ്ചതന്നെ പ്രത്യേകവിഭവങ്ങളൊരുക്കിയിട്ടുണ്ട്.

വെള്ളിയാഴ്ചതന്നെ തുടങ്ങണമെന്ന് നിർബന്ധംപറഞ്ഞിട്ടില്ല. ആഴ്ചയിൽ ഏതുദിവസംവേണമെന്ന് സ്കൂളിലെ ഉച്ചഭക്ഷണക്കമ്മിറ്റിക്ക് തീരുമാനിക്കാം. നൂൺ മീൽ ഓഫീസർ സ്കൂളുകളിലേക്ക് ഇതിനുള്ള നിർദേശംനൽകിയിട്ടുണ്ട്.

നല്ലഭക്ഷണം കുഞ്ഞുങ്ങൾക്ക് കൊടുക്കുന്നതിൽ അധ്യാപകർക്കൊന്നും വിയോജിപ്പിച്ചില്ല. പക്ഷേ, മെനു പ്രകാരമുള്ള വ്യത്യസ്തഭക്ഷണം വിളമ്പണമെങ്കിൽ ഇപ്പോൾ കിട്ടുന്ന ഫണ്ട് മതിയാകില്ല. ഇലക്കറിക്കുൾപ്പെടെയുള്ള സാധനങ്ങൾ എങ്ങനെവാങ്ങുമെന്നാണ് പലരുടെയും ആശങ്ക. ഭക്ഷണമൊരുക്കാൻ അധ്യാപകർ പലരുടെയും സഹായംതേടുകയാണ്. പക്ഷേ, ഒന്നോ രണ്ടോ ദിവസത്തേക്ക് മതിയാവില്ലല്ലോ ഈ സഹായമെന്നതാണ് ആശങ്ക. നേരത്തേതന്നെ ചില പ്രത്യേകദിവസങ്ങളിൽ, ആഘോഷവേളകളിലൊക്കെ വിഭവസമൃദ്ധമായ ഭക്ഷണം കുട്ടികൾക്ക് നൽകുന്നുണ്ട്. അത്തരത്തിൽ വരുമ്പോൾ ബുദ്ധിമുട്ടുണ്ടാകില്ല.

ഭക്ഷണമുണ്ടാക്കാൻ പ്രയാസം

നൂറുകുട്ടികൾവരെയുള്ള സ്കൂളാണെങ്കിൽ ഭക്ഷണമുണ്ടാക്കാൻ വലിയപ്രയാസമില്ല. അഞ്ഞൂറുകുട്ടികൾക്ക് ഒരു പാചകത്തൊഴിലാളിയാണുണ്ടാവുക. അവർക്ക് പ്രയാസമായതിനാൽ പലരും പുറമേനിന്ന് ആളുകളെവെച്ച് ഭക്ഷണമൊരുക്കേണ്ട സ്ഥിതിയാണെന്നും അധ്യാപകർ പറഞ്ഞു.

അവൽ നനച്ചത്, റാഗി ബോൾസ്, ഇലയട, സേമിയപ്പായസം, കാരറ്റ് പായസം, മില്ലറ്റ് പായസം പോലുള്ള പ്രത്യേകവിഭവങ്ങളും മെനുവിലുണ്ട്. അതൊക്കെ ഉണ്ടാക്കിനൽകണമെന്ന് ആഗ്രഹമുണ്ടെങ്കിലും പറ്റുമോയെന്നറിയില്ലെന്നാണ് പലരും പറയുന്നത്.

പ്രായോഗിക പ്രശ്നമുണ്ട്

മെനു ഒക്കെ അംഗീകരിക്കുന്നുണ്ട്. പക്ഷേ, അതെങ്ങനെ പ്രായോഗികമായി നടപ്പാക്കാനാവും. ഇപ്പോഴുള്ള ഫണ്ട് മതിയാകില്ല. തദ്ദേശ സ്ഥാപനം കണ്ടെത്തണമെന്നുപറഞ്ഞാലും പദ്ധതിവെക്കാതെ അതും സാധ്യമാകില്ല.

-ടി.ടി. ബിനു (ജില്ലാപ്രസിഡന്റ്, കെപിഎസ്ടിഎ)

Content Highlights: Kerala schools food menu