ഭക്ഷ്യോത്പന്നങ്ങളുടെ വിലകുറയുന്നു; രാജ്യത്ത് വിലക്കയറ്റം 7 മാസത്തെ താഴ്ന്ന നിലയിൽ, കേരളത്തിൽ കൂടുതൽ

പ്രതീകാത്മക ചിത്രം |ഫോട്ടോ:AFP
പ്രതീകാത്മക ചിത്രം |ഫോട്ടോ:AFP

മുംബൈ: ഒരിടവേളയ്ക്കുശേഷം രാജ്യത്ത് ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം (വിലക്കയറ്റത്തോത്) നാലു ശതമാനത്തിനുതാഴെയായി. ഫെബ്രുവരിയില്‍ 3.61 ശതമാനമായാണ് ഇത് കുറഞ്ഞത്.

2024 ജൂലായിലെ 3.6 ശതമാനം കഴിഞ്ഞാലുള്ള കുറഞ്ഞ നിരക്കാണിതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) വ്യക്തമാക്കി. അതായത്, ഏഴുമാസത്തെ കുറഞ്ഞ നിരക്ക്. പുതിയ കണക്കുപ്രകാരം ജനുവരിയില്‍ 4.26 ശതമാനമാണ് ഉപഭോക്തൃ പണപ്പെരുപ്പം. ഇതിനെക്കാള്‍ 0.65 ശതമാനത്തിന്റെ കുറവാണ് ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2024 ഫെബ്രുവരിയില്‍ 5.09 ശതമാനമായിരുന്നു ഇത്.

ഭക്ഷ്യോത്പന്നങ്ങളുടെ വിലക്കയറ്റത്തിന് വേഗം കുറഞ്ഞതാണ് ഫെബ്രുവരിയില്‍ ഉപഭോക്തൃപണപ്പെരുപ്പം ഇത്രയും കുറയാന്‍ സഹായകമായത്. ജനുവരിയിലെ 5.97 ശതമാനത്തില്‍നിന്ന് 3.75 ശതമാനമായാണ് ഇത് കുറഞ്ഞത്. 2023 മേയ് മാസത്തിനുശേഷമുള്ള കുറഞ്ഞ നിരക്കാണിത്. പച്ചക്കറി, മുട്ട, മാംസം, മത്സ്യം, പരിപ്പ്, പാലുത്പന്നങ്ങള്‍ എന്നിവയുടെ വിലയില്‍ കാര്യമായ കുറവുരേഖപ്പെടുത്തിയതായി കണക്കുകള്‍ പറയുന്നു.

ഗ്രാമീണമേഖലയില്‍ ജനുവരിയിലെ 4.59 ശതമാനത്തില്‍നിന്ന് 3.79 ശതമാനമായും നഗരമേഖലയില്‍ ജനുവരിയിലെ 3.87 ശതമാനത്തില്‍നിന്ന് 3.32 ശതമാനമായും പണപ്പെരുപ്പം കുറഞ്ഞു. ഗ്രാമങ്ങളില്‍ ഭക്ഷ്യ പണപ്പെരുപ്പം 4.06 ശതമാനമാണ്. നഗരങ്ങളിലിത് 3.2 ശതമാനവും. വെളിച്ചെണ്ണ (54.48 ശതമാനം), തേങ്ങ (41.61 ശതമാനം), സ്വര്‍ണം (35.56 ശതമാനം), വെള്ളി (30.89 ശതമാനം), ഉള്ളി (30.42 ശതമാനം) എന്നിവയാണ് വിലക്കയറ്റത്തോതില്‍ മുന്നിലുള്ള ഉത്പന്നങ്ങള്‍. ഇഞ്ചി (35.81 ശതമാനം), ജീരകം (28.77 ശതമാനം), തക്കാളി -28.77 ശതമാനം), കോളിഫ്‌ളവര്‍ (21.56 ശതമാനം), വെളുത്തുള്ളി (20.32 ശതമാനം) എന്നിവ വിലക്കയറ്റത്തോത് കുറഞ്ഞവയുടെ പട്ടികയില്‍ വരുന്നു. രാജ്യത്ത് ഉപഭോക്തൃ പണപ്പെരുപ്പം നാലുശതമാനത്തില്‍ നിലനിര്‍ത്താനാണ് റിസര്‍വ് ബാങ്ക് ലക്ഷ്യമിട്ടിട്ടുള്ളത്. ഇതില്‍നിന്ന് പരമാവധി രണ്ടുശതമാനംവരെ മുകളിലേക്കോ താഴേക്കോ പോകാം. നിലവില്‍ ആര്‍ബിഐ ലക്ഷ്യമിട്ടതിലും താഴെയെത്തിയിട്ടുണ്ട് പണപ്പെരുപ്പം. അതുകൊണ്ടുതന്നെ ഏപ്രിലില്‍ നടക്കുന്ന പണവായ്പാനയ യോഗത്തില്‍ അടിസ്ഥാന പലിശനിരക്ക് വീണ്ടും കുറയ്ക്കാനുള്ള സാധ്യത കൂടി. വിലക്കയറ്റം കുറയുന്നത് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഏറെ ആശ്വാസമാണ്.


കൂടുതല്‍ കേരളത്തില്‍

ജനുവരിയിലേതുപോലെ സംസ്ഥാനങ്ങളില്‍ ഇത്തവണയും പണപ്പെരുപ്പം ഏറ്റവും കൂടുതല്‍ കേരളത്തിലാണ്. 7.31 ശതമാനം. ജനുവരിയിലിത് 6.76 ശതമാനമായിരുന്നു. ഛത്തീസ്ഗഢ് 4.89 ശതമാനം, കര്‍ണാടക 4.49 ശതമാനം, ബിഹാര്‍ 4.47 ശതമാനം, ജമ്മു-കശ്മീര്‍ 4.28 ശതമാനം എന്നിവയാണ് തൊട്ടുപി ന്നിലുള്ളത്.

പണപ്പെരുപ്പം ഏറ്റവും കുറവ് തെല ങ്കാനയിലാണ്. 1.31 ശതമാനം. കേരള ത്തില്‍ ഗ്രാമീണ മേഖലയില്‍ 8.01 ശത മാനവും നഗരമേഖലയില്‍ 5.94 ശതമാ നവുമാണ് പണപ്പെരുപ്പ നിരക്ക്.

Content Highlights: Retail inflation at 7-month low of 3.6%- to slowing food prices-Kerala records highest inflation