അഴുകിയ ഇറച്ചി, പഴകിയ മുട്ട...; പിടിക്കാന്‍ ആളില്ലാതെ റെയില്‍വേ

#ജി. രാജേഷ് കുമാര്‍
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

പത്തനംതിട്ട: വന്ദേഭാരത് അടക്കമുള്ള തീവണ്ടികളില്‍ മോശം ഭക്ഷണം യാത്രക്കാര്‍ക്ക് നല്‍കുന്ന സംഭവങ്ങള്‍ കൂടുമ്പോള്‍, ഇതൊക്കെ പിടിക്കേണ്ട കസേരയില്‍ ആളില്ല. തിരുവനന്തപുരം ഡിവിഷനില്‍ റെയില്‍വേയുടെ ആരോഗ്യവിഭാഗത്തിലെ ഭക്ഷ്യസുരക്ഷാ ഓഫീസറുടെ തസ്തിക ഒരുവര്‍ഷമായി ഒഴിഞ്ഞുകിടക്കുകയാണ്. മോശം ഭക്ഷണം വിറ്റാലും കേസുവരുമെന്ന് പേടിക്കേണ്ട എന്ന സ്ഥിതിയായി.

കേസെടുക്കാന്‍ അധികാരമുള്ള ഉദ്യോഗസ്ഥനാണ് ഭക്ഷ്യസുരക്ഷാ ഓഫീസര്‍. ഓരോ ഡിവിഷനിലും ഓരോ ഓഫീസറെ വീതമാണ് നിയമിച്ചിരിക്കുന്നത്. വള്ളത്തോള്‍നഗര്‍ വരെയുള്ള വിവിധ സ്റ്റേഷനുകളിലെ 250-ഓളം ഭക്ഷണശാലകള്‍, നൂറോളം തീവണ്ടികളിലെ പാന്‍ട്രികാറുകള്‍ എന്നിവടങ്ങളിലെ പരിശോധന ഒരു വര്‍ഷമായി മുടങ്ങിയിരിക്കുകയാണ്.

തീവണ്ടികളില്‍ ഭക്ഷണം വിതരണംചെയ്യുന്ന കാറ്ററിങ് സ്ഥാപനത്തിന്റെ കൊച്ചിയിലെ കലവറയില്‍ അഴുകിയചിക്കന്‍, പഴകിയ ചപ്പാത്തി, ചീത്തയായ പുഴുങ്ങിയ മുട്ട തുടങ്ങിയവ കണ്ടെത്തിയത് കഴിഞ്ഞദിവസമായിരുന്നു. നഗരസഭാ ആരോഗ്യവിഭാഗമാണ് ഇവ പിടിച്ചത്. മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് റെയില്‍വേ ഒരുലക്ഷം രൂപ പിഴയിടുകയും ചെയ്തു. ഈ പിഴയിട്ടത് ഡിവിഷണല്‍ മാനേജര്‍ തലത്തിലുള്ള ഉദ്യോഗസ്ഥരാണ്.

ഭക്ഷണവുമായി ബന്ധപ്പെട്ട എല്ലാവസ്തുക്കളുടേയും സാമ്പിള്‍ ശേഖരിക്കേണ്ടത് ഭക്ഷ്യസുരക്ഷാ ഓഫീസറാണ്. സംശയം തോന്നുന്നവ സംസ്ഥാനത്തെ അംഗീകൃത ലബോറട്ടറികളില്‍ പരിശോധിക്കും. ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടാല്‍ കേസെടുക്കും. എറണാകുളം കേന്ദ്രമാക്കിയാണ് ഭക്ഷ്യസുരക്ഷാ ഓഫീസറുടെ പ്രവര്‍ത്തനം. ദക്ഷിണ റെയില്‍വേയിലെ അഞ്ച് ഡിവിഷനുകളില്‍ തിരുവനന്തപുരത്തും ട്രിച്ചിയിലുമാണിപ്പോള്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരില്ലാത്തത്. റെയില്‍വേയുടെ പരിധിയില്‍ കയറി കേസെടുക്കാന്‍ സംസ്ഥാന ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍ക്ക് അധികാരവുമില്ല.

ഷൊര്‍ണൂര്‍ വിട്ടാല്‍, തിരുവനന്തപുരംവരെയുള്ള സ്റ്റേഷനുകളിലൂടെ കേടായ മത്സ്യം കൊണ്ടുവരുന്നതിന് കുറവൊന്നുമില്ല. പരിശോധന നടക്കുന്നില്ലെന്ന വിവരം പുറത്തായതിനാലാണിത്. പല സ്റ്റേഷനുകളിലും ഇങ്ങനെ കൊണ്ടുവരുന്ന മീനിന്റെ ദുര്‍ഗന്ധം സഹിക്കാനാകുന്നില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നുണ്ട്.


 

Content Highlights: Kerala Railway Food Safety Crisis: Officer Vacancy for a Year