ജർമനിയിലല്ല, നമ്മുടെ കണ്ണൂരിൽ! ജവാൻ ഉൾപ്പെടെയുള്ള മദ്യക്കുപ്പികൾക്ക് 20 രൂപ റീഫണ്ട്; വൈറലായി വീഡിയോ

#Lifestyle desk
നിതിൻ തെവാരിയുടെ വീഡിയോയിൽ നിന്ന്| ഫോട്ടോ: Instagram/@Nitin Tewari
നിതിൻ തെവാരിയുടെ വീഡിയോയിൽ നിന്ന്| ഫോട്ടോ: Instagram/@Nitin Tewari

പരിസ്ഥിതി സൗഹൃദമായ പ്രവർത്തനങ്ങളിൽ കേരളം എപ്പോഴും മാതൃകയാകാറുണ്ട്. മദ്യക്കുപ്പികൾ റീസൈക്കിൾ ചെയ്യാൻ കണ്ണൂരിലെ ഒരു ബെവ്‌കോ  ഔട്ട്‌ലെറ്റ് സ്വീകരിച്ചിരിക്കുന്ന പുതിയ മാർഗ്ഗമാണ് ഇപ്പോൾ രാജ്യമൊട്ടാകെ ശ്രദ്ധിക്കപ്പെടുന്നത്. പ്രശസ്ത മിക്സോളജിസ്റ്റും ബിവറേജ് കൺസൾട്ടന്റുമായ നിതിൻ തിവാരിയാണ് ഇൻസ്റ്റഗ്രാമിലൂടെ അനുഭവം പങ്കുവെച്ചത്.

കണ്ണൂർ പാലയാടിനടുത്തുള്ള ചിറക്കുനിയിലെ ബെവ്‌കോ ഔട്ട്‌ലെറ്റിൽ നിന്ന് ജവാൻ റം വാങ്ങിയപ്പോഴാണ് നിതിൻ തിവാരി ഈ കൗതുകകരമായ കാര്യം ശ്രദ്ധിച്ചത്. കുപ്പിയുടെ എംആർപി 650 രൂപയാണെങ്കിലും 670 രൂപയാണ് അവിടെ ഈടാക്കിയത്. അധികമായി വാങ്ങിയ 20 രൂപ എന്തിനാണെന്ന് അന്വേഷിച്ചപ്പോഴാണ് വിസ്മയിപ്പിക്കുന്ന മറുപടി ലഭിച്ചത്. ഉപയോഗത്തിന് ശേഷം ഒഴിഞ്ഞ കുപ്പി അവിടെത്തന്നെ തിരികെ ഏൽപ്പിച്ചാൽ അധികമായി വാങ്ങിയ 20 രൂപ ഉപഭോക്താവിന് തിരികെ ലഭിക്കും. പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിനും റീസൈക്ലിങ് പ്രോത്സാഹിപ്പിക്കുന്നതിനുമായി സ്വീകരിച്ചിരിക്കുന്ന രീതിയെക്കുറിച്ചാണ് നിതിൻ വിവരിക്കുന്നത്.

\

ജർമനിയിലെ നിലവിലുള്ള 'ഫണ്ട്' (Pfand) എന്ന റീഫണ്ട് സിസ്റ്റത്തിന് സമാനമാണ് ഇതെന്ന് ചിലർ പ്രതികരിച്ചു. മാലിന്യം  കുറയ്ക്കുന്നതിനും പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി ബിവറേജേ കുപ്പികൾക്ക് ജർമനിയിൽ നിർബന്ധമാക്കിയിട്ടുള്ള സംവിധാനമാണ് ഡെപ്പോസിറ്റ് റീഫണ്ട് സിസ്റ്റം.

ഉപഭോക്താവ് പാനീയം വാങ്ങുമ്പോൾ കുപ്പിയുടെ വിലയ്ക്ക് പുറമെ ഒരു ചെറിയ തുക കൂടി മുൻകൂറായി നൽകണം, പിന്നീട് ഒഴിഞ്ഞ കുപ്പി തിരികെ നൽകുമ്പോൾ ആ തുക അവർക്ക് തിരികെ ലഭിക്കും.

Content Highlights: Implementation of a deposit-refund system for liquor bottles at a Kannur Bevco outlet., Customers pay an extra ₹20 deposit, which is refunded upon returning the empty bottle