'ഇന്ത്യക്കാരിയായ എനിക്ക് ഇത് കഴിക്കാൻ കഴിയില്ലെന്ന് അറിയില്ലേ?'- മക്‌ഡൊണാൾഡ്‌സിൽ നിന്ന്‌ ബീഫ് ബർഗർ നൽകിയെന്ന് ആരോപിച്ച് യുവതി

വീഡിയോയില്‍ നിന്ന്‌ | Photo: facebook
വീഡിയോയില്‍ നിന്ന്‌ | Photo: facebook

ക്വാലാലംപൂരിലെ മലേഷ്യൻ മക്‌ഡൊണാൾഡ്സ്‌ ഔട്ട്‌ലെറ്റിൽ വെജിറ്റേറിയൻ ഭക്ഷണത്തിനൊപ്പം തനിക്ക് ബീഫ് ബർഗർ നൽകിയെന്ന് ആരോപിച്ച് ഇന്ത്യൻ വിനോദസഞ്ചാരി. സസ്യാഹാരിയായ താൻ ഓർഡർ ചെയ്ത ഭക്ഷണത്തിനൊപ്പം ബീഫ് ബർഗറാണ് നൽകിയതെന്ന് യുവതി ആരോപിക്കുന്നു. ഇതോടെ ഇത് വലിയ തർക്കങ്ങൾക്ക് വഴിവെയ്ക്കുകയും യുവതി ജീവിനക്കാരോട് ദേഷ്യപ്പെടുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

'ഞാനൊരു ഇന്ത്യക്കാരിയാണെന്ന് നിങ്ങൾക്കറിയാം. എനിക്കിത് കഴിക്കാൻ കഴിയില്ല. എന്തിനാണ് നിങ്ങളിങ്ങനെ ചെയ്തത്?' എന്ന് ചോദിച്ച് സ്ത്രീ ജീവനക്കാരോട് ദേഷ്യപ്പെടുന്നത് വീഡിയോയിൽ കാണാം. ദേഷ്യം നിയന്ത്രിക്കാനാകാതെ അവർ പൊട്ടിക്കരയുകയും ചെയ്തു. ഇതോടെ

അവിടെയുള്ളതെല്ലാം ബീഫ് ആണെന്ന് പറഞ്ഞ് മാനേജർ അവരെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.

മെനു കാർഡിൽ വെജും നോൺ വെജും കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും യുവതി പറയുുന്നു. എന്നാൽ ബീഫ്, ചിക്കൻ, വെജിറ്റേറിയൻ വിഭവങ്ങൾ എന്നിവ കൃത്യമായി വേർതിരിച്ച് കാണിച്ചിട്ടുണ്ടെന്ന് ജീവനക്കാരൻ ചൂണ്ടിക്കാട്ടി. ജീവനക്കാർ മെനുവിലെ വിവരങ്ങൾ വിശദീകരിക്കുകയും മറ്റ് വിഭവങ്ങൾ നൽകി അവരെ ശാന്തരാക്കാൻ ശ്രമിക്കുകയും ചെയ്തു.

ഈ വീഡിയോയ്ക്ക് താഴെ ഒട്ടേറെപ്പേർ പ്രതികരിച്ചു. കർശനമായ ഭക്ഷണരീതികൾ പിന്തുടരുന്ന യാത്രക്കാർക്ക് ഭക്ഷണത്തിലെ ലേബലിങ്ങിനെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ വിഷമമുണ്ടാക്കുന്ന കാര്യമാണെന്ന് ചിലർ കുറിച്ചു. ലോകത്തെവിടെയുമുള്ള മക്‌ഡൊണാൾഡ്‌സിന്റെ മെനു ബോർഡുകൾ സാധാരണയായി വ്യക്തമായാണ് വിവരങ്ങൾ നൽകുന്നതെന്നും അതിനാൽ സംഭവം ഒരു ചെറിയ അശ്രദ്ധയുടെ ഫലമായിരിക്കാമെന്നും മറ്റു ചിലർ ചൂണ്ടിക്കാട്ടി. അതേസമയം ക്വാലാലംപൂരിലെ മക്‌ഡൊണാൾഡ്‌സ് ഔട്ട്‌ലെറ്റ് ഇതുവരെ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

Content Highlights: indian woman claims mcdonalds malaysia served her beef instead of veg