നോമ്പ് ഉപവാസമാണ്; പാലിക്കാം ആയുർവേദ ചിട്ടകൾ

റംസാൻ നോമ്പ് ഒരാഴ്ച പിന്നിടുകയാണ്. നോമ്പുകാലത്ത് പള്ളിമുറ്റത്ത് വലിയ ചെമ്പിൽ പാചകംചെയ്യുന്ന കഞ്ഞിവാങ്ങിവന്ന് നോമ്പ് തുറക്കുന്നതായിരുന്നു പഴയരീതി. പകൽ നേരത്തെ ദ്രവനഷ്ടം മറികടക്കുന്നത് ഇങ്ങനെയായിരുന്നു. എന്നാൽ, ഇന്ന് ഫാസ്റ്റ്ഫുഡ് വിഭവങ്ങൾ നോമ്പുതുറ മേശയിൽ നിറയുന്നു. എണ്ണപ്പലഹാരങ്ങൾ കൂടുന്നു. റംസാൻ നോമ്പ് വ്രതമാണ്. ഉപവാസം.
ആയുർവേദത്തിൽ ചികിത്സാമാർഗം കൂടിയാണ് ഉപവാസം. ശരീരശുദ്ധീകരണത്തിനും രോഗനാശത്തിനുമായാണ് ആയുർവേദത്തിൽ ഉപവാസം നിർദേശിക്കുന്നത്. ഒരൽപം കരുതലോടെ വ്രതമാചരിച്ചാൽ ആത്മീയനേട്ടത്തിനൊപ്പം ശാരീരിക സൗഖ്യങ്ങളും കൈവരിക്കാനാകും.
അത്താഴം കഴിക്കുമ്പോൾ
ഒരു ദിവസത്തേക്കു മുഴുവനായുള്ള ആഹാരം പുലർച്ചെ കഴിക്കുകയെന്നത് അബദ്ധമാണ്. നാലോ അഞ്ചോ മണിക്കൂറിനപ്പുറം ആഹാരം ദഹിക്കാതെ ആമാശയത്തിലിരിക്കില്ല. സൂര്യോദയത്തിന് മുൻപ് കഴിക്കേണ്ട ആഹാരം ധാരാളം ജലാംശംനിറഞ്ഞതും ഊർജദായകവുമായിരിക്കണം. പഴച്ചാറുകൾ നല്ലതാണ്. വെള്ളം കൂടുതലുള്ള കഞ്ഞി, ഈന്തപ്പഴം, നേന്ത്രപ്പഴം എന്നിവ ആവശ്യമായ ഗ്ലൂക്കോസ് നൽകും. എരിവ് പുളി മസാലകൾ തുടങ്ങിയവ പുലർച്ചെ ഒഴിവാക്കണം. ചെറുചൂടുവെള്ളം ധാരാളം കുടിക്കണം.
നോമ്പ് തുറക്കുമ്പോൾ
നോമ്പ് തുറക്കുന്നസമയത്ത് ജലാംശം കൂടുതലായുള്ള ആഹാരക്രമം ശ്രദ്ധിക്കണം. ഉച്ചനേരത്ത് ഒട്ടൊന്ന് ആളിയശേഷം കനല്‌പോലെ കെടാതെ കിടക്കുന്ന അവസ്ഥയിലാകും സായാഹ്നത്തിലെ ദഹനാഗ്‌നി. അമിതവും കനമുള്ളതുമായ ആഹാരവും ശീതീകരിച്ച വെള്ളവും ഈ നേരത്തെ അഗ്‌നിരക്ഷയ്ക്ക് ഉതകുന്നതല്ല. പിന്നീടത് പുളിച്ചുതികട്ടൽ പോലുള്ള ഉദരരോഗാവസ്ഥയിലേക്ക് നീങ്ങും.
എളുപ്പം ദഹിക്കുന്ന ദ്രവരൂപത്തിലുള്ള ആഹാരത്തിലാണ് തുടങ്ങേണ്ടത്. ഇളം ചൂടുവെള്ളത്തിൽ ചെറുനാരങ്ങാനീരും ഗ്ലൂക്കോസുംചേർത്ത് കുടിക്കാം. ഈന്തപ്പഴത്തിനൊപ്പം പുളിപ്പില്ലാത്ത പഴങ്ങളും പഴച്ചാറുകളുമാകാം. ചിട്ടയോടുകൂടി ഉപവാസമവസാനിപ്പിച്ചാൽ മാത്രമേ ഈ വ്രതംകൊണ്ടുള്ള ശാരീരികസൗഖ്യങ്ങൾ കൈവരികയുള്ളൂ. സോഫ്റ്റ് ഡ്രിങ്ക്‌സ് ഒഴിവാക്കണം. ഇലയട, എള്ളുണ്ട, കലത്തപ്പം, കുമ്പിളപ്പം, ചക്കയട, ഈന്തപ്പം, കൊഴുക്കട്ട തുടങ്ങിയ പരമ്പരാഗത വിഭവങ്ങൾ ഉണ്ടാക്കി എണ്ണക്കടികളി ൽ നിന്ന് മുക്തി നേടാനാവണം.
ഉറക്കം, വ്യായാമം
ആഹാരത്തിനും ഉറക്കത്തിനുമിടയിൽ മൂന്നുമണിക്കൂർ ഉറപ്പുവരുത്തണം. സ്ഥിരംചെയ്യുന്ന വ്യായാമങ്ങൾ ലഘൂകരിക്കാം. ഒരാൾക്ക് പരമാവധി ആയാസപ്പെടാവുന്നതിന്റെ പകുതി ശക്തിയിൽ മാത്രം വ്യായാമം ചെയ്യാനാണ് ആയുർവേദം നിർദേശിക്കുന്നത്.
വിദ്യാർഥികൾ നോമ്പ് എടുക്കുമ്പോൾ
പ്രായപൂർത്തിയായവർക്കേ നോമ്പ് വിധിയുള്ളൂവെങ്കിലും, ഇപ്പോൾ കുട്ടികളും നോമ്പിൽ പങ്കാളികളാകുന്നുണ്ട്. നോമ്പെടുത്തുകൊണ്ട് പുറത്തിറങ്ങിയുള്ള കളികൾ നിയന്ത്രിക്കണം. ജലനഷ്ടമുണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം.
പ്രായമായവരും രോഗികളും
ആരോഗ്യപ്രശ്‌നങ്ങളുള്ളവർ ചികിത്സിച്ചുകൊണ്ടിരിക്കുന്ന ഡോക്ടറുടെ നിർദേശം തേടിയേ നോമ്പെടുക്കാവൂ. മരുന്നുകൾ ഡോക്ടറുടെ സഹായത്തോടെ ക്രമീകരിക്കാം. ആരോഗ്യമുള്ളവർക്കാണ് നോമ്പ് നിർബന്ധമെന്നതും അറിഞ്ഞിരിക്കുക.
Content Highlights: Ayurveda views fasting as a method for body purification and disease prevention., For Suhoor, consume hydrating, energy-rich foods like porridge, dates, and fruit juices, avoiding spicy food.