ഗോർഡൻ റാംസെയുടെ രുചിപ്പെരുമ ഇനി ഇന്ത്യയിലും, 'സ്ട്രീറ്റ് ബർഗറി'ന് ഡൽഹിയിൽ തുടക്കം

സെലിബ്രിറ്റി ഷെഫ് ഗോർഡൻ റാംസേയുടെ ബ്രാൻഡായ 'സ്ട്രീറ്റ് ബർഗർ' ഇന്ത്യയിൽ ആദ്യ ഔട്ട്‌ലെറ്റ് തുറന്നു. ഡൽഹി എയർപോർട്ടിലെ ടെർമിനൽ 1-ലാണ് ഔട്ട്‌ലെറ്റ് ആരംഭിച്ചത്. ഡൽഹി എയർപോർട്ട് അധികൃതർ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ ഉദ്ഘാടന ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
'ഇവിടെ ഔട്ട്ലെറ്റ് ആരംഭിക്കാനായതിൽ വളരെയധികം സന്തോഷം', എന്ന് ഗോർഡൻ റാംസെ ടീം പോസ്റ്റിൽ കമൻ്റ് ചെയ്തിട്ടുണ്ട്. ഗോർമെ ബർഗറുകൾ, സീസൺഡ് ഫ്രൈസ്, മറ്റ് പാനിയങ്ങൾ എന്നിവ ഈ ഔട്ട്ലെറ്റിൽ ലഭ്യമായിരിക്കും. ട്രാവൽ ഫുഡ് സർവീസസുമായി സഹകരിച്ച് ഇന്ത്യൻ വിമാനത്താവളങ്ങളിൽ ആറ് ഡൈനിങ് ഔട്ട്‌ലെറ്റുകൾ റാംസെ തുറക്കുന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഗോർഡൻ റാംസേ പ്ലെയിൻ ഫുഡ്, സ്ട്രീറ്റ് പിസ്സ (ആർട്ടിസനൽ പിസ്സകൾ), സ്ട്രീറ്റ് ബർഗർ (ഗോർമെ ബർഗറുകൾ), ഗോർഡൻ റാംസേ പ്ലെയിൻ ഫുഡ് ടു-ഗോ എന്നിവയാകും പ്രധാന വിമാനത്താവളങ്ങളിൽ ലഭ്യമാകുക.
സുഗന്ധവ്യഞ്ജനങ്ങളുടെ കേന്ദ്രം തേടി കേരളത്തിലെത്തിയ റാംസെ കണ്ണൂര്‍, മുഴുപ്പിലങ്ങാട്, വയനാട് എന്നിവിടങ്ങളിൽ ചെലവഴിച്ചിരുന്നു. നാഷണൽ ജ്യോഗ്രഫി ചാനലിൽ സംപ്രേഷണം ചെയ്കിരുന്ന 'ഗോര്‍ഡന്‍ റാംസെ: അണ്‍ചാര്‍ട്ടഡ്' ഷോയുടെ രണ്ടാം സീസണിന്റെ ഭാഗമായാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. 2024-ലാണ് നാലു സീസണുകളോടെ ഷോ അവസാനിച്ചത്. ഇന്ത്യക്കാർക്കായി ഒരു റസ്റ്ററന്റ് തുറക്കാൻ ആഗ്രഹിക്കുന്നതായി ഐഎഎൻഎസിന് അന്ന് നൽകിയ അഭിമുഖത്തിൽ റാംസെ പറഞ്ഞിരുന്നു.
Content Highlights: Celebrity chef Gordon Ramsay`s Street Burger opens its first Indian outlet at Delhi Airport