‘ഇത് ഇന്ത്യയിൽ മാത്രം!’അതിരാവിലെ സിനിമയ്ക്ക് പോയപ്പോഴുള്ള ഭക്ഷണം കണ്ട് അദ്ഭുതപ്പെട്ട് ഫ്രഞ്ച് യുവതി

സിനിമ കാണാൻ പോകുമ്പോൾ ഇഷ്ടപ്പെട്ട ലഘുഭക്ഷണം കൂടെക്കരുതുന്നത് നമ്മളിൽ പലരുടെയും ശീലമാണ്. എന്നാൽ അതിരാവിലെ സിനിമയ്ക്ക് പോയാൽ നല്ല ഭക്ഷണം കിട്ടുമെന്ന് നമ്മൾ അധികം പ്രതീക്ഷിക്കാറില്ല. എന്നാൽ ഇന്ത്യയിലെ ഈ സൗകര്യം കണ്ട് ഞെട്ടിയിരിക്കുകയാണ് ഇന്ത്യയിൽ താമസിക്കുന്ന ഫ്രഞ്ച് ഡിസൈനറും സംരംഭകയുമായ ജൂലിയ ചൈഗ്ന്യൂ. തന്റെ അനുഭവം ജൂലിയ എക്സിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം ശ്രദ്ധനേടിയത്.
രാവിലെ 6:50-നുള്ള സിനിമാ പ്രദർശനത്തിനായി മാളിലെത്തിയതായിരുന്നു ജൂലിയ. ആ പുലർച്ചെ സമയത്തും കാണികളെ സ്വീകരിക്കാൻ മാൾ തുറന്നതും അവിടെ ലഭ്യമായ ഭക്ഷണ വൈവിധ്യവുമാണ് ജൂലിയയെ അമ്പരപ്പിച്ചത്.
"ഇന്ത്യയിൽ മാത്രമേ രാവിലെ 6:50-നുള്ള സിനിമയ്ക്ക് ഇത്രയധികം ഭക്ഷണ ഓപ്ഷനുകളുള്ള ഒരു മാൾ തുറന്ന് പ്രവർത്തിക്കുന്നത് കാണാൻ കഴിയൂ. യൂറോപ്പിൽ ഈ സമയത്ത് ഇത്തരമൊരു കാര്യം സ്വപ്നം കാണാൻ പോലും കഴിയില്ല. ഇവിടെ പനീർ ടിക്ക സാൻഡ്‌വിച്ച്, വെജ് ക്ലബ് സാൻഡ്‌വിച്ച്, ആലൂ ബർഗർ എന്നിവയിൽ നിന്ന് എനിക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ സാധിച്ചു. ഇന്ത്യയോട് ഒരുപാട് ഇഷ്ടം’-ജൂലിയ കുറിച്ചു.
ജൂലിയയുടെ പോസ്റ്റ് നിമിഷങ്ങൾക്കകം വൈറലായി. നിരവധി പേരാണ് ഇന്ത്യയിലെ സേവന മേഖലയെ പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തിയത്.
4:30-നുള്ള സിനിമയ്ക്ക് പോലും ഇവിടെ പോപ്‌കോൺ ലഭ്യമാണ് എന്ന് ഒരു ഉപയോക്താവ് കുറിച്ചു. വിദേശ രാജ്യങ്ങളിൽ, പ്രത്യേകിച്ച് അമേരിക്കയിൽ രാത്രി 9 മണിക്ക് ശേഷം വിമാനത്താവളങ്ങളിൽ പോലും ഭക്ഷണശാലകൾ അടയ്ക്കാറുണ്ടെന്നും എന്നാൽ ഇന്ത്യയിൽ അങ്ങനെയല്ലെന്നും ചിലർ ചൂണ്ടിക്കാട്ടി. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സർവീസ് ഇൻഡസ്ട്രി ഇന്ത്യയിലേതാണെന്ന് പലരും അഭിപ്രായപ്പെട്ടു.
Content Highlights: French designer Julia Chaigne highlights India's 24/7 service culture., Comparison between European/Western service hours and Indian mall convenience.