വെറും വയറ്റില്‍ കഴിക്കരുത് ഈ ഭക്ഷണങ്ങള്‍; ഡയറ്റില്‍ ശ്രദ്ധിക്കാം

photo|representative image|canva
photo|representative image|canva

നമ്മള്‍ കഴിക്കുന്ന ആഹാരമാണ് നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്. ഭക്ഷണം എപ്പോഴെങ്കിലും കഴിച്ചാല്‍ പോരാ, അതിന് ഒരു കൃത്യതയും കഴിക്കേണ്ട രീതികളും പാലിക്കേണ്ടതും വളരെ പ്രധാനമാണ്.  ദിവസത്തിന്റെ ആരംഭത്തില്‍ നമ്മള്‍ ആദ്യം കഴിക്കുന്ന ഭക്ഷണം ഇത്തരത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലമായി നിലനിര്‍ത്താന്‍ നമ്മളെ പ്രാപ്തരാക്കേണ്ടതാകണം ഈ ഭക്ഷണം. കൂടാതെ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് പ്രഭാതഭക്ഷണമായി ഉള്‍പ്പെടുത്തേണ്ടത്. ഇത്തരത്തില്‍ വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളെ അറിയാം.

ആരോഗ്യത്തിന് ഗുണകരമാണെന്ന് കരുതി വെറും വയറ്റില്‍ തൈര് കഴിക്കാന്‍ പാടില്ല.  പ്രോബയോട്ടിക് ഭക്ഷണം ആണെങ്കിലും രാവിലെ വെറും വയറ്റില്‍ തൈര് കഴിക്കുന്നത് നല്ലതല്ല. ഇത് വെറും വയറ്റില്‍ കഴിക്കുമ്പോള്‍ തൈരിലെ ലാക്ടിക് ആസിഡ് മൂലം അസിഡിറ്റിയും ദഹന പ്രശ്‌നങ്ങളും വന്നേക്കും. തൈര് കഴിക്കുമ്പോള്‍ ഈ കാര്യം ശ്രദ്ധിക്കാം.

യാത്രകളിലും മറ്റും എളുപ്പത്തില്‍ കൈയ്യില്‍ കരുതാന്‍ കഴിയുന്നതും വെറുതേ കഴിക്കാന്‍ കഴിയുന്നതുമായ ഭക്ഷണമാണ് നേന്ത്രപ്പഴം. എന്നാല്‍ വെറും വയറ്റില്‍ ഇത് കഴിക്കുന്നത് നല്ലതല്ല.  നേന്ത്രപ്പഴത്തില്‍ ഉയര്‍ന്ന നിലയിലുള്ള സ്വാഭാവിക ഷുഗര്‍ ശരീരത്തിന് പെട്ടെന്ന് ഊര്‍ജം നല്‍കും. എങ്കിലും മറ്റ് ഭക്ഷണങ്ങള്‍ കഴിക്കാത്തതിരിക്കുന്നത് മൂലം ധാതുക്കളുടെ അഭാവം ഉണ്ടാവുകയും  ഈ ഊര്‍ജമെല്ലാം പെട്ടെന്ന് നഷ്ടപ്പെടുകയും ചെയ്യാം. അതിനാല്‍ വെറും വയറ്റില്‍ നേന്ത്രപ്പഴം കഴിക്കുന്ന ശീലം ഒഴിവാക്കണം.

ശരീരഭാരം കുറയ്ക്കാന്‍ രാവിലെ വെറും വയറ്റില്‍ നാരങ്ങ വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കുടിക്കുന്നത് പലരുടെയും ശീലമാണ്. ഇത് വയറിലെ കൊഴുപ്പ് കുറയ്ക്കുമെന്നാണ് പലരുടേയും വിചാരം. എന്നാല്‍ ഇത് പലപ്പോഴും ഗുണത്തേക്കാള്‍ ദോഷമാണ് വരുത്തുന്നത്. തേനിന് പഞ്ചസാരയേക്കാള്‍ ഉയര്‍ന്ന ഗ്ലൈസെമിക് സൂചികയും കൂടുതല്‍ കലോറിയും ഉണ്ട്. അതിനാല്‍ ശീലം ഒഴിവാക്കണം. 

ഓറഞ്ച് ,നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളും വെറും വയറ്റില്‍ കഴിക്കുന്നത് ഒഴിവാക്കണം. ഒഴിഞ്ഞ വയറ്റില്‍ കഴിക്കുമ്പോള്‍, ചില സിട്രസ് പഴങ്ങള്‍ അസിഡിറ്റി വരുത്തിവെയ്ക്കും. അതിനാല്‍ ഈ ശീലവും ഉപേക്ഷിക്കുന്നത് നല്ലതാണ്.വെറുംവയറ്റില്‍ തക്കാളിയും കഴിക്കേണ്ട. തക്കാളിയില്‍ ഉള്ള ടാനിക് ആസിഡ് വയറില്‍ അസ്വസ്ഥതയുണ്ടാക്കാന്‍ സാധ്യതയുണ്ട്. 

മധുരം ഇഷ്ടമില്ലാത്തവര്‍ പൊതുവേ കുറവാണ്. എന്നാല്‍ അധിക മധുരമുള്ള ഭക്ഷണങ്ങള്‍ രാവിലെ വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ല. ഇത് ശരീരത്തിന്റെ ഊര്‍ജം കുറയ്ക്കുകയും വിശപ്പ് കൂട്ടുകയും ചെയ്യും. വീണ്ടും കൂടുതല്‍ ഭക്ഷണം കഴിക്കുന്നതിന് നിങ്ങളെ പ്രേരിപ്പിക്കും.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
 

Content Highlights: Empty Stomach,breakfast,curd,orange, lemon,honey,tomato,sugar,food