അമിതജലപാനത്തെ തുടര്‍ന്ന് 35കാരി മരിച്ചു; മരണകാരണം ഹൈപോനാട്രേമിയ

photo:ആഷ്‌ലി സമ്മേഴ്‌സും കുടുംബവും|Facebook|Ashley Summers
photo:ആഷ്‌ലി സമ്മേഴ്‌സും കുടുംബവും|Facebook|Ashley Summers

കുടുംബത്തോടൊപ്പമുള്ള അവധിയാഘോഷത്തിനിടെ  അമിതമായി വെള്ളം കുടിച്ചതിനെത്തുടര്‍ന്ന് യുവതി മരിച്ചു. ഇന്‍ഡ്യാന സ്വദേശിയായ ആഷ്‌ലി സമ്മേഴ്‌സ് (35 ) ആണ് മരിച്ചത്.  ഭര്‍ത്താവിനും രണ്ടു പെണ്‍മക്കള്‍ക്കുമൊപ്പം ലേക്ക് ഫ്രീമാനില്‍ അവധിയാഘോഷത്തിലായിരുന്നു. പെട്ടെന്നുണ്ടായ കടുത്ത ദാഹത്തെത്തുടര്‍ന്നാണ് ആഷ്‌ലി അമിതമായ അളവില്‍ വെള്ളം കുടിച്ചത്.

ചെറിയ തലവേദനയുള്ളതായി പറഞ്ഞുകൊണ്ടാണ് അവര്‍ വലിയ  അളവില്‍ വെള്ളം കുടിച്ചത്. 20 മിനിട്ടില്‍ നാലുകുപ്പി വെള്ളം ആഷ്‌ലി കുടിച്ചു. ഏകദേശം 1.89 ലിറ്റര്‍ വെള്ളം അവരുടെ ഉള്ളിലെത്തി. യാത്രയില്‍ നിന്നും മടങ്ങവേയാണ് ആഷ്‌ലി കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചുവെങ്കിലും ആഷ്‌ലിയ്ക്ക് ബോധം വീണ്ടെടുക്കാനായില്ല. താമസിയാതെ ആഷ്‌ലിയുടെ മരണം സംഭവിച്ചു.

ആഷ്‌ലിയ്ക്ക് സംഭവിച്ചത് അമിതജലപാനമുള്ള മരണമാണെന്ന് ഡോ.ബ്ലേക് ഫ്രോബെര്‍ഗ് അറിയിച്ചു. രക്തത്തിലെ സോഡിയത്തിന്റെ അളവ് അസാധാരണമാം വിധം താഴുമ്പോഴാണ് ഹൈപോനാട്രേമിയ എന്ന അവസ്ഥ ഉണ്ടാകുന്നത്. അപൂര്‍വമായ കേസാണെങ്കിലും തീര്‍ത്തും ഗുരുതരമായ അവസ്ഥയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആഷ്‌ലിയുടെ മരണശേഷം അവരുടെ അവയവങ്ങള്‍ അഞ്ചുപേര്‍ക്ക് കുടുംബം ദാനം ചെയ്തു. അവയവദാനത്തെ പ്രോത്സാഹിപ്പിച്ചിരുന്ന ആഷ് ലി അതിനായുള്ള സമ്മതപത്രം നേരത്തെ നല്‍കിയിരുന്നു. 


 

Content Highlights: drinking too much water,hyponatremia,Indiana,vacation, lake freeman,Ashley Summers,Water Toxicity