എയർപോർട്ടിലെ 10 രൂപ ചായ; രാഘവ് ചദ്ദയുടെ ഇടപെടലിന് നന്ദി പറഞ്ഞ് യാത്രക്കാർ

#Lifestyle desk
വിമാനത്താവളത്തിനുള്ളിലെ കഫേ, പ്രതീകാത്മക ചിത്രം| ഫോട്ടോ: Instagram/@Piyush Tripathi, canva.com
വിമാനത്താവളത്തിനുള്ളിലെ കഫേ, പ്രതീകാത്മക ചിത്രം| ഫോട്ടോ: Instagram/@Piyush Tripathi, canva.com

വിമാനത്താവളങ്ങളിലെ ഭക്ഷണവിലയെക്കുറിച്ചുള്ള പരാതികൾക്ക് വിരാമമിട്ടുകൊണ്ട് പുണെ എയർപോർട്ടിലെ 'ഉഡാൻ യാത്രി' കഫേ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. വെറും 10 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് സമോസയും ലഭിക്കുന്ന കഫേയെ പ്രശംസിച്ച് നിരവധി യാത്രക്കാരാണ് രംഗത്തെത്തുന്നത്.

ആഭ്യന്തര വിമാനത്താവളങ്ങളിലെ അമിതമായ വില പലപ്പോഴും ചർച്ചയായിട്ടുണ്ട്. ചായയ്ക്കുമാത്രം 100 രൂപ മുതൽ 200 രൂപ വരെ ഈടാക്കുന്ന വിമാനത്താവളങ്ങൾക്കെതിരെ യാത്രക്കാർ പലതവണ വിമർശനമുന്നയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് 'ഉഡാൻ യാത്രി' വ്യത്യസ്തമാകുന്നത്.

ഐഐടി ബോംബെ പൂർവ്വവിദ്യാർത്ഥിയായ പിയൂഷ് ത്രിപാഠി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. സാധാരണയായി വിമാനത്താവളങ്ങളിൽ ചായയ്ക്കും ലഘുഭക്ഷണങ്ങൾക്കും അമിതവില നൽകേണ്ടി വരുമ്പോൾ, ഉഡാൻ കഫേയിലെ കുറഞ്ഞ നിരക്ക് കണ്ട് അമ്പരന്നിരിക്കുകയാണ് യാത്രക്കാർ.

വിമാനത്താവളത്തിനുള്ളിൽ തന്നെ 10 രൂപയ്ക്ക് ചായയും കുപ്പിവെള്ളവും ലഭ്യമാണ്. സമോസ, വട, കോഫി എന്നിവയ്ക്ക് 20 രൂപ മാത്രമാണ് വില.

രാജ്യസഭയിൽ വിമാനത്താവളങ്ങളിലെ അമിത ഭക്ഷണവിലയ്ക്കെതിരെ ശബ്ദമുയർത്തിയ ആം ആദ്മി പാർട്ടി എംപി രാഘവ് ചദ്ദയുടെ ഇടപെടലാണ് ഈ മാറ്റത്തിന് പിന്നിലെന്ന് പിയൂഷ് വീഡിയോയിൽ പറയുന്നു. 

വീഡിയോ ശ്രദ്ധയിൽപ്പെട്ട രാഘവ് ചദ്ദ "നിങ്ങൾ സമോസ ആസ്വദിച്ചു എന്ന് കരുതുന്നു" എന്ന് കമന്റ് ചെയ്തിരുന്നു. ഭാര്യയും നടിയുമായ പരിണീതി ചോപ്രയും പിയൂഷിന്റെ അഭിപ്രായത്തോട് യോജിച്ചുകൊണ്ട് രംഗത്തെത്തി.

പുണെ കൂടാതെ കൊൽക്കത്ത, ചെന്നൈ, അഹമ്മദാബാദ്, ഭുവനേശ്വർ എന്നിവിടങ്ങളിലും ഇത്തരം ബജറ്റ് ഫ്രണ്ട്‌ലി കഫേകൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.

വിമാനത്താവളങ്ങളിലെ ചെക്ക്-ഇൻ ഏരിയകളിലാണ് നിലവിൽ ഇവ പ്രവർത്തിക്കുന്നത്. എന്നാൽ സെക്യൂരിറ്റി ചെക്കിന് ശേഷമുള്ള ബോർഡിങ് ഗേറ്റ് ഭാഗങ്ങളിലും ഇത്തരം കൗണ്ടറുകൾ വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Content Highlights: Discover Udan Yatri, the Pune Airport cafe making waves on social media for its incredibly affordable tea (₹10) and samosas (₹20).