സൗന്ദര്യസംരക്ഷണത്തിനു മാത്രമല്ല ആരോഗ്യത്തിനും മികച്ചതാണ് കറ്റാർവാഴ; ജ്യൂസ് തയ്യാറാക്കുംവിധം

photo|canva
photo|canva

തലമുടിയുടെയും ചർമത്തിന്റെയും ആരോഗ്യകാര്യത്തിൽ വളരെയേറെ പ്രയോജനപ്പെടുന്നൊരു ഔഷധസസ്യമാണ് കറ്റാർവാഴ. പുറമേയുള്ള സൗന്ദര്യസംരംക്ഷണങ്ങൾക്കായാണ് പൊതുവേ കറ്റാർവാഴ ഉപയോഗിച്ചുവരുന്നത് . എന്നാൽ വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ കറ്റാർവാഴ കഴിക്കുന്നതും വളരെയേറെ ആരോഗ്യഗുണങ്ങൾ പ്രദാനം ചെയ്യുന്ന കാര്യമാണ്. കറ്റാർ വാഴ ജ്യൂസാക്കി വെറും വയറ്റിൽ കഴിക്കുന്നതാണ് കൂടുതൽ നല്ലത്. കറ്റാർ വാഴ ജ്യൂസ് തയ്യാറാക്കുന്നത് വളരെ എളുപ്പമുള്ള സംഗതിയാണ്.

തയ്യാറാക്കേണ്ട രീതി

ആദ്യം കറ്റാർവാഴ തണ്ട് മുറിച്ചെടുക്കണം. ശേഷം അതിന്റെ തൊലി നീക്കം ചെയ്ത് അകത്തുള്ള ജെൽ എടുക്കണം. ശേഷം ഈ ജെല്ലിലേക്ക് രണ്ടു ചെറിയ കഷ്ണം ഇഞ്ചിയും അര ടീസ്പൂൺ ചെറുനാരങ്ങാ നീരും കുറച്ച് വെള്ളവും ചേർത്ത് മിക്‌സിയിൽ അടിച്ചെടുക്കണം. ഇത് അരിച്ചെടുത്ത് ചെറിയ അളവിൽ തേൻ അല്ലെങ്കിൽ പഞ്ചസാര ചേർത്ത് ഉപയോഗിക്കാം. ഇത് കഴിച്ചാലുള്ള ഗുണങ്ങൾ അറിഞ്ഞിരിക്കാം.

കറ്റാർവാഴ ജ്യൂസ് കുടിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും ഗുണം ചെയ്യും.  അതുപോലെ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഇത് വെറും വയറ്റിൽ കുടിയ്ക്കുന്നത് വലിയ ഗുണം ചെയ്യും.

ആന്റി ഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയ കറ്റാർവാഴയുടെ ജ്യൂസ് ചർമത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. വായുടെ ആരോഗ്യത്തിനും ദന്തസംരക്ഷണത്തിനും കറ്റാർവാഴ ഉത്തമമാണ്. ഇവയുടെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ വായ ശുചിയാക്കി വയ്ക്കും. 

ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ അകറ്റി നല്ല കൊളസ്‌ട്രോൾ നിലനിർത്താനും സഹായിക്കും. കറ്റാർവാഴ ജ്യൂസ് ശരീരത്തിൽ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പിനെ എരിച്ചു കളയാനും നല്ലതാണ്.  അതുപോലെ ദഹനം മെച്ചപ്പെടുത്തുകയും മലബന്ധ പ്രശ്‌നങ്ങൾ അകറ്റുകയും ചെയ്യും.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക.)

Content Highlights: aloe vera juice,aloe vera,health benefits,food