പ്രൈഡ് മാസത്തിൽ സ്‌പെഷ്യല്‍ ബര്‍ഗര്‍ അവതരിപ്പിച്ച് ബര്‍ഗര്‍ കിങ്; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികളുടെ ഇഷ്ടവിഭവമാണ് ബര്‍ഗര്‍. സസ്യ, സസ്യേതര ഭക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് തങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് അവ ലഭിക്കുമെന്നത് ബര്‍ഗറിന്റെ പ്രത്യേകതയാണ്. രണ്ട് ബണ്ണുകള്‍ക്കിടയില്‍ ഇഷ്ടമനുസരിച്ച് ഫില്ലിങ്ങായി ചിക്കനോ മറ്റ് ഇറച്ചികളോ, പച്ചക്കറികളുമെല്ലാം വെച്ച് തയ്യാറാക്കിയെടുക്കുന്നതാണ് ബര്‍ഗര്‍.
ജൂണ്‍ ഒന്ന് മുതല്‍ 30 വരെയുള്ള ഒരുമാസക്കാലം എല്‍.ജി.ബി.ടി.ക്യു. പ്ലസ് പ്രൈഡ് മാസം ആയാണ് ലോകമെമ്പാടും ആചരിക്കുന്നത്. ഇതിനോട് അനുബന്ധിച്ച് പ്രമുഖ ബര്‍ഗര്‍ ഉത്പാദന സ്ഥാപനവും ഫാസ്റ്റ് ഫുഡ് ശൃംഖലയുമായ ബര്‍ഗര്‍ കിങ് പുതിയൊരു തരം ബര്‍ഗര്‍ അവതരിപ്പിച്ചിരിക്കുകയാണ് വിപണിയില്‍. ഇരുവശങ്ങളിലും ഒരു പോലുള്ള ബണ്‍ ആണ് തങ്ങള്‍ ജൂണ്‍ മാസത്തില്‍ വിതരണം ചെയ്യുകയെന്ന് അവര്‍ അറിയിച്ചു. 'പ്രൈഡ് വോപ്പര്‍' എന്ന് പേരിട്ടിരിക്കുന്ന ഈ സ്‌പെഷ്യല്‍ ബര്‍ഗര്‍ കമ്പനിയുടെ ഓസ്ട്രിയയിലെ സ്‌റ്റോറുകളിലാണ് ലഭിക്കുക. ജൂൺ 20 വരെയായിരിക്കും ഈ ഓഫര്‍. തുല്യമായ സ്‌നേഹവും തുല്യമായ അവകാശങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് ഈ സ്‌പെഷ്യല്‍ ബര്‍ഗര്‍ പുറത്തിറക്കുന്നതെന്ന് ബര്‍ഗര്‍ കിങ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നു.
പുതിയ ബര്‍ഗര്‍ നിങ്ങളുടെ മുഖത്ത് പുഞ്ചിരി വിടര്‍ത്തുമെന്നും ബഹുമാനത്തോടെയും സമാധാനത്തോടെയും മറ്റുള്ളവരെ പരിഗണിക്കുന്നതിനുള്ള ഓര്‍മപ്പെടുത്തലാണിതുകൊണ്ട് ഉദേശിക്കുന്നതെന്നും ബര്‍ഗര്‍ കിങ്ങിന്റെ പോസ്റ്റില്‍ വ്യക്തമാക്കുന്നു.
അതേസമയം, ബര്‍ഗര്‍ കിങ്ങിന്റെ പുതിയ വിഭവം ചിലര്‍ തമാശയായിട്ടാണ് കണ്ടത്. ചിലരാകട്ടെ കമ്പനിക്കെതിരേ രംഗത്തെത്തി. കമ്പനിയുടെ തമാശ അതിരു കടന്നുവെന്നും 'റെയിന്‍ബോ വാഷിങ്'(എല്‍.ജി.ബി.ടി.ക്യു പ്ലസ് കമ്യൂണിറ്റിയില്‍പ്പെട്ടവരുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുന്നതിനായി കാര്യമായ പദ്ധതികള്‍ ഒന്നും ചെയ്യാതെ മറ്റുള്ളവരെ കാണിക്കാന്‍വേണ്ടി പുറംപൂച്ചായ പിന്തുണ നല്‍കുന്നതിന് പറയുന്നത്) ആണ് നടത്തുന്നതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.
അതേസമയം, താന്‍ ഇതുവരെ കേട്ടതില്‍വെച്ച് ഏറ്റവും വലിയ തമാശയാണിതെന്ന് ഇന്‍സ്റ്റഗ്രാമില്‍ മറ്റൊരാള്‍ പ്രതികരിച്ചു. ഒരു ഗേ എന്ന നിലയില്‍ ഞാന്‍ ഇതുവരെ കേട്ടതില്‍ വെച്ച് ഏറ്റവും വലിയ തമാശയാണിത്. എനിക്ക് ചിരി നിര്‍ത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല- അയാള്‍ പറഞ്ഞു.
പുതിയ വിഭവം വിറ്റഴിച്ചതില്‍ നിന്നു ലഭിക്കുന്ന തുക ബര്‍ഗര്‍ കിങ് എല്‍.ജി.ബി.ടി.ക്യു. പ്ലസ് കമ്യൂണിറ്റിക്കുവേണ്ടിവിനിയോഗിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തത വരുത്തിയിട്ടില്ല.. ഇക്കാര്യത്തില്‍ കമ്പനിയുടെ പ്രതികരണം ലഭ്യമായില്ല.
കഴിഞ്ഞ വര്‍ഷം തങ്ങളുടെ പ്രധാന എതിരാളിയായ ചിക്-ഫില്‍-എ എല്‍.ജി.ബി.ടി.ക്യു പ്ലസ് സമൂഹത്തിന് വേണ്ടി നടത്തിയ സഹായത്തെ കളിയാക്കി ബര്‍ഗര്‍ കിങ് രംഗത്തെത്തിയിരുന്നു. പ്രൈഡ് മാസത്തിൽ തങ്ങള്‍ വിറ്റഴിക്കുന്ന ഓരോ ചിക്കന്‍ സാന്‍ഡ് വിച്ചില്‍നിന്നും 40 സെന്റ്, എല്‍.ജി.ബി.ടി.ക്യു പ്ലസ് കമ്യൂണിറ്റിയെ പിന്തുണയ്ക്കുന്ന മനുഷ്യാവകാശ പ്രചാരണത്തിന് നീക്കി വെക്കുമെന്ന് ചിക്-ഫില്‍-എ അറിയിച്ചിരുന്നു.
Content Highlights: burgur king, pride whopper, pride month, pride whopper, social media reacts, food