മിഷ്ടി, ലുധിക, ഖോജ, രസഗുള.... തൊടുപുഴയിലുണ്ട് ബംഗാളി വിഭവങ്ങൾ മാത്രം കിട്ടുന്ന ബംഗാളി ഹോട്ടൽ
തൊടുപുഴ: ബംഗാളില്‍നിന്നെത്തി വിവിധ തൊഴിലുകളെടുക്കുന്ന അതിഥി തൊഴിലാളികളെ ഇന്ന് നമ്മുടെ നാടിന്റെ മുക്കിലും മൂലയിലും കാണാം. പരാതികളില്ലാതെ പണിയെടുത്ത് കൂലിയും വാങ്ങി മടങ്ങുന്ന ഇവരുടെ ഏറ്റവും വലിയ വിഷമം തങ്ങളുടെ ഇഷ്ടവിഭവങ്ങള്‍ ഈ നാട്ടില്‍ കിട്ടുന്നില്ലല്ലോ എന്നതായിരുന്നു. എന്നാല്‍ ഈ പ്രശ്നത്തിന് പരിഹാരമായി തൊടുപുഴയില്‍ ഒരു സംരംഭം ആരംഭിച്ചിരിക്കുകയാണ് ഒരു യുവാവ്. അതിഥി തൊഴിലാളികള്‍ക്കായി ബംഗാളി വിഭവങ്ങള്‍മാത്രം കിട്ടുന്ന ഒരു ബംഗാളി ഹോട്ടല്‍.
കെട്ടിടനിര്‍മാണ രംഗത്ത് ഡ്രൈവറായി പ്രവര്‍ത്തിച്ചിരുന്ന തൊടുപുഴ കുമ്പംകല്ല് സ്വദേശിയായ പി.എം.ഷിയാസാണ് തന്റെ ബംഗാളി സുഹൃത്തുക്കളുടെ പ്രേരണയില്‍ ഹോട്ടല്‍ ആരംഭിച്ചത്. തൊടുപുഴ ടൗണ്‍ഹാളിന് സമീപത്തെ കെട്ടിടത്തിലാണ് 'ബംഗാളി ഹോട്ടല്‍' പ്രവര്‍ത്തിക്കുന്നത്. പേരുപോലെ ഹോട്ടലാകെ ബംഗാളിമയമാണ്. വിഭവങ്ങള്‍ക്കൊപ്പം പാചകക്കാരും സപ്ലൈയര്‍മാരും ശുചീകരണം നടത്തുന്നവരുമെല്ലാം സാക്ഷാല്‍ ബംഗാളികള്‍.
പശ്ചിമ ബംഗാളില്‍നിന്നുള്ള റിപ്പോണ്‍, സൗരവ്, മത്തിനൂര്‍ എന്നിവരാണ് ബംഗാളി വിഭവങ്ങള്‍ തയ്യാറാക്കുന്നത്. കടുകെണ്ണ ഉപയോഗിച്ചാണ് വിഭവങ്ങള്‍ തയ്യാറാക്കുന്നത്. ജീരകപ്പൊടി ചേര്‍ത്ത് തയ്യാറാക്കുന്ന ചോറാണ് കടയിലെ പ്രധാന വിഭവം. ഇതിനൊപ്പം ബംഗാളി രീതിയിലുണ്ടാക്കുന്ന മീന്‍കറി, ചിക്കന്‍കറി, ബീഫ് കറി എന്നിവയും ലഭ്യമാണ്.
രാവിലെ ആറിന് തുറക്കുമ്പോള്‍ മുതല്‍ ഭക്ഷണം കഴിക്കാനായി അതിഥി തൊഴിലാളികളുടെ വന്‍ തിരക്കാണിവിടെ. ഈ തിരക്ക് രാവിലെ 8.30-വരെ നീളും. ചായയുണ്ടെങ്കിലും ആവശ്യക്കാര്‍ കുറവാണ്. ചപ്പാത്തിയും പൂരിയുമൊക്കെ മെനുവിലുണ്ടെങ്കിലും രാവിലെ തന്നെ ചോറാണ് ഭായിമാര്‍ക്ക് പ്രിയം. വറുത്ത ശേഷം കറിവെക്കുന്ന മീനിനും രാവിലെ വന്‍ ഡിമാന്‍ഡാണ്. വൈകീട്ട് പണികഴിഞ്ഞെത്തിയാല്‍ തൊഴിലാളികള്‍ക്ക് മധുരപലഹാരങ്ങള്‍ നിര്‍ബന്ധമാണ്.
തൈരില്‍ മധുരം ചേര്‍ത്ത് തയ്യാറാക്കുന്ന ബംഗാളി വിഭവം 'ധോയ്' ഇവരുടെ ഇഷ്ടവിഭവമാണ്. ഇതുകൂടാതെ മിഷ്ടി, ലുധിക, ഖോജ, ജിലേബി, ചെനാ ജിലേബി, രസഗുള, പ്യാജി, സിംഗിഡ, സ്വീറ്റ് സമോസ എന്നിവയും ഹോട്ടലില്‍ ലഭ്യമാണ്. ഈ പലഹാരങ്ങളെല്ലാം മനോഹരമായി അടുക്കിവെച്ചിരിക്കുന്ന ചില്ല് അലമാര രാത്രി എട്ടോടെ കാലിയാകുമെന്ന് കടയുടമ ഷിയാസ് പറയുന്നു. ബംഗാളി ഹോട്ടലിലെ രുചിവൈവിധ്യങ്ങള്‍ കേട്ടറിഞ്ഞ് നിരവധിപ്പേരാണ് ദിവസവും ഈ ഹോട്ടലിലേക്ക് എത്തുന്നത്.
Content Highlights: bengali hotel at thodupuzha, food, new resturant