ദീപാവലിക്ക് സ്റ്റാഫിന് അമിതാഭ് ബച്ചൻ നൽകിയത് 10,000 രൂപയും സമ്മാനങ്ങളും; കുറഞ്ഞുപോയെന്ന് വിമർശനം

വീഡിയോയിൽ നിന്ന്| ഫോട്ടോ: Instagram/@ sagar.thakur84
വീഡിയോയിൽ നിന്ന്| ഫോട്ടോ: Instagram/@ sagar.thakur84

ദീപാവലി കഴിഞ്ഞ് ദിവസങ്ങൾക്കിപ്പുറം അമിതാഭ് ബച്ചൻ തൻ്റെ ജീവനക്കാർക്ക് വിതരണം ചെയ്‌ത ദീപാവലി സമ്മാനങ്ങളേക്കുറിച്ചുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഇൻസ്റ്റഗ്രാമിൽ വൈറലായ വീഡിയോയിൽ, ഒരു കണ്ടൻ്റ് ക്രിയേറ്റർ അമിതാഭ് ബച്ചന്റെ വസതിയിൽ എത്തി ജീവനക്കാരനുമായി സംസാരിക്കുന്നത് കാണാം.

ഇതേ വീഡിയോയിൽ തന്നെ ജീവനക്കാരൻ പണം ലഭിച്ച കവറും ദീപാവലി ആഘോഷത്തിൻ്റെ ഭാഗമായി ലഭിച്ച സമ്മാനവും കാണിക്കുന്നുണ്ട്. തനിക്ക് മധുരപലഹാരങ്ങളോടൊപ്പം 10,000 രൂപയും ലഭിച്ചതായി അദ്ദേഹം വീഡിയോയിൽ പറയുന്നു.

അമിതാഭ് ബച്ചൻ തൻ്റെ വീട്ടിലെ സ്റ്റാഫിനും സുരക്ഷാ ഉദ്യോഗസ്ഥർക്കും 10,000 രൂപയും മധുരപലഹാരങ്ങളും നൽകിയെന്ന് വീഡിയോയിൽ പറയുന്നുണ്ട്. നിരവധി ജീവനക്കാർ സമ്മാനം സ്വീകരിക്കുന്നതായി വീഡിയോയിൽ കാണുന്നുണ്ടെങ്കിലും ആധികാരികമായി സ്ഥിരീകരിച്ചിട്ടില്ല. 

എന്നാൽ മറ്റു താരങ്ങൾ ജീവനക്കാർക്കു നൽകിയ സമ്മാന തുകയെ അപേക്ഷിച്ച് ഇദ്ദേഹം തുച്ഛമായ തുകയാണ് നൽകിയതെന്ന വിമർശനങ്ങളും കമൻ്റുകളായി എത്തി. ദീപാവലിക്ക് എല്ലാവരും തങ്ങളുടെ ജീവനക്കാർക്ക് ഇരട്ടി ശമ്പളം നൽകണമെന്നും പലരും 20,000 മുതൽ 25,000 രൂപ വരെ ബോണസായി നൽകാറുണ്ടെന്നും പലരും അഭിപ്രായപ്പെട്ടു. 

Content Highlights: Amitabh Bachchan distributed Diwali gifts to his staff, including ₹10,000 and sweets.