തൈരും ബ്രെഡും തമ്മിലുള്ള കോമ്പിനേഷന്‍; പുതിയ പാചകറീല്‍ പങ്കുവെച്ച് നടി ശ്രിന്ദ

ശ്രിന്ദ പങ്കുവെച്ച വീഡിയോയില്‍ നിന്ന്‌
ശ്രിന്ദ പങ്കുവെച്ച വീഡിയോയില്‍ നിന്ന്‌

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നടി ശ്രിന്ദ ഇന്‍സ്റ്റഗ്രാമില്‍ ഒരു പാചകറീല്‍ പങ്കുവെച്ചിരുന്നു. വൈകുന്നേരം ചായയ്‌ക്കൊപ്പം കഴിക്കാന്‍ പഴം വറുത്തതുണ്ടാക്കുന്നതായിരുന്നു ആ റീലിലുണ്ടായിരുന്നത്. ഇപ്പോഴിതാ ബ്രെഡ് കൊണ്ടുള്ള ഒരു വിഭവമുണ്ടാക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി.

ബ്രെഡിനൊപ്പം തൈരും ചേരുന്ന 'ദഹി ടോസ്റ്റാ'ണ് ശ്രിന്ദയുണ്ടാക്കിയത്. എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഈ വിഭവം ഏറെ രുചികരവുമാണ്. വീഡിയോയില്‍ ആദ്യം കാണിക്കുന്നത് പച്ചമുളക് അരിയുന്നതാണ്. അതിനുശേഷം തൈരിലേക്ക് അല്‍പം മുളകുപൊടിയും മഞ്ഞപ്പൊടിയും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുന്നുണ്ട്. 

പിന്നീട് പാനില്‍ നെയ്യ് ഒഴിച്ച് ചൂടാക്കിയ ശേഷം കടുക്ക് പൊട്ടിക്കുന്നതും കാണാം. അതിലേക്ക് നേരത്തെ അരിഞ്ഞുവെച്ച മുളകും കറിവേപ്പിലയും ചേര്‍ക്കുന്നു. എന്നിട്ട് നേരത്തെ തയ്യാറാക്കിയ തൈരിന്റെ കൂട്ട് ഒഴിച്ച് ഇളക്കുന്നു. ബ്രെഡ് എടുത്ത് രണ്ടു വശവും ഈ കൂട്ടില്‍ മുക്കിയെടുത്ത് ഒരു പാനില്‍ ഫ്രൈ ചെയ്‌തെടുക്കുന്നതും വീഡിയോയില്‍ കാണാം. 

ഈ ചൂടുള്ള ദഹി ടോസ്റ്റ് ചട്ണിക്കൊപ്പമോ അല്ലാതെയോ കഴിക്കാം. ബ്രെഡിന്റെ കൂട്ടിനായി ഉണ്ടാക്കുന്ന തൈരിന് കട്ടി കുറവാണെങ്കില്‍ അല്‍പം ചെറുപയര്‍ മാവോ കടലപ്പൊടിയോ ചേര്‍ക്കുകയും ചെയ്യാം. 

Content Highlights: actress srinda shares dahi toast recipe as cooking reel