ഡയാനയുടേയും ചാള്‍സിന്റേയും 41 വര്‍ഷം പഴക്കമുള്ള വിവാഹക്കേക്ക് ലേലത്തില്‍ വിറ്റു; വില 15,864 രൂപ

ഡയാന രാജകുമാരിയും ചാള്‍സ് മൂന്നാമന്‍ രാജാവും| Photo : AP
ഡയാന രാജകുമാരിയും ചാള്‍സ് മൂന്നാമന്‍ രാജാവും| Photo : AP

ഡയാന രാജകുമാരിയുടെയും ചാള്‍സ് രാജാവിന്റെയും 41 വര്‍ഷം പഴക്കമുളള വിവാഹക്കേക്ക് ലേലത്തില്‍ വിറ്റു. യു.കെയിലെ ഡോര്‍ ആന്‍ഡ് റീസ് ലേലത്തിന് വെച്ച കേക്ക 15,864 രൂപയ്ക്കാണ് വിറ്റുപോയത്. രാജകീയ വിവാഹച്ചടങ്ങിലെ കേക്ക് കഷ്ണത്തിന് ഏകദേശം 27000 രൂപയാണ്‌വില പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പ്രതീക്ഷച്ചതിലും കുറഞ്ഞ വിലയാണ് ലഭിച്ചത്. 

അന്നത്തെ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത നൈജല്‍ റിക്കറ്റ്‌സ് എന്ന അതിഥിയാണ് വിവാഹക്കേക്ക് 41 വര്‍ഷം സൂക്ഷിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഇവര്‍ കഴിഞ്ഞ വര്‍ഷമാണ് മരിച്ചത്. അന്ന് മൂവായിരത്തില്‍ അധികം അതിഥികള്‍ വിവാഹത്തിന് എത്തിയിരുന്നു. 

കേക്ക് അതിന്റെ യഥാര്‍ത്ഥ ബോക്‌സില്‍ തന്നെയാണ് സൂക്ഷിച്ചിരുന്നത്. 23 ഔദ്യോഗിക വിവാഹ കേക്കുകള്‍ അന്ന് ഉണ്ടായിരുന്നു. അതില്‍ 
അഞ്ച് പാളികളുള്ള, അഞ്ചടി ഉയരമുണ്ടായിരുന്നു ഫ്രൂട്ട് കേക്കിന്റെ കഷ്ണമാണ് ലേലം ചെയ്തത്. മധ്യഭാഗത്തെ കേക്ക് കഷ്ണമാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2014-ല്‍ ഇതേ കേക്കിന്റെ മറ്റൊരു കഷ്ണം വിറ്റുപോയത് 1,27,000 രൂപയ്ക്കായിരുന്നു.

ഡയാന രാജകുമാരിയും ചാള്‍സ് മൂന്നാമന്‍ രാജാവും 1981 ജൂലൈ 29-നാണ് വിവാഹിതരായത്. 'നൂറ്റാണ്ടിന്റെ കല്യാണം ' എന്നാണ് ആ വിവാഹം വിശേഷിപ്പിക്കപ്പെട്ടത്. ദശലക്ഷക്കണക്കിന് ആളുകളാണ് ടെലിവിഷനിലൂടെ വിവാഹച്ചടങ്ങുകള്‍ കണ്ടത്. എന്നാല്‍ ഇവരുടെ ദാമ്പത്യ ജീവിതം അധികനാള്‍ മുന്നോട്ട് പോയില്ല. ഏറെ വിവാദങ്ങള്‍ക്ക് ശേഷം 1996-ല്‍ ചാള്‍സും ഡയാനയും വേര്‍പിരിഞ്ഞു.
 

Content Highlights: Princess Diana, king Charles III, royal wedding cake