കഴിച്ച പാത്രത്തിലെ ഭക്ഷണാവശിഷ്ടമെങ്കിലും കളയണ്ടേ; വൈറല്‍ വീഡിയോ പങ്കുവെച്ച് ഹോം സ്‌റ്റേ ഉടമ

അതിഥികള്‍ക്ക് അടുക്കള വിട്ടുകൊടുക്കുന്നതിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങള്‍
അതിഥികള്‍ക്ക് അടുക്കള വിട്ടുകൊടുക്കുന്നതിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങള്‍

യാത്രപോകുമ്പോള്‍ നമ്മള്‍ എല്ലാവരും പ്രധാനമായും തിരയുന്നത് ഹോംസ്‌റ്റേകളെ തന്നെയായിരിക്കും. സ്വന്തമായി ഭക്ഷണം വെച്ച് കഴിക്കാനുള്ള സൗകര്യം കൂടിയുണ്ടെങ്കില്‍ യാത്രയൊന്ന് വൈബാക്കുകയും ചെയ്യാം. എന്നാല്‍ ഇങ്ങനെയൊരു അതിഥിതിക്ക് ഹോംസ്‌റ്റേ വിട്ടുകൊടുത്തതിന്റെ ദുരന്തം പങ്കുവെച്ചിരിക്കുകയാണ് ഗോവയിലെ ഒരു ഹോംസ്‌റ്റേ ഉടമ. 

അതിഥികള്‍ക്ക് തന്റെ അടുക്കള വിട്ടുകൊടുക്കുന്നതിന് മുമ്പും ശേഷവുമെന്ന കുറിപ്പോട് കൂടിയാണ്  വീഡീയോ. ഇത് ഗോള്‍ഡന്‍പെര്‍ച്ച് ഗോവ എന്ന ഇന്‍സ്റ്റഗ്രാം പേജാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. അതിഥികള്‍ ഭക്ഷണമുണ്ടാക്കി കഴിച്ച് പോയതിന് ശേഷം വൃത്തികേടാക്കി വെച്ച അടുക്കള ഉപകരണങ്ങളുടേയും അടുക്കളയുടേയും ചിത്രമാണ് ഇവര്‍ പങ്കുവെച്ചത്.

എന്തുതന്നെയായാലും കഴിച്ച പാത്രത്തിലെ ഭക്ഷണാവശിഷ്ടമെങ്കിലും കളയാനുള്ള മര്യാദ കാണിക്കണമായിരുന്നുവെന്ന് തോന്നിക്കുന്ന തരത്തിലുള്ളതാണ് വീഡിയോ. ഭക്ഷണാവശിഷ്ടത്തോട് കൂടിയ പാത്രങ്ങൾ അടുക്കള മുഴുവന്‍ ചിതറിക്കിടക്കുകയും നിറഞ്ഞിരിക്കുന്നതുമാണ് വീഡിയോയില്‍. വാഷ്‌ബേസിനുകളിലടക്കം പാത്രങ്ങളും പ്ലെയിറ്റുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഭക്ഷണമുണ്ടാക്കാന്‍ വെച്ച രണ്ട് ഇന്‍ഡക്ഷന്‍ കുക്കര്‍ പോലും തുടച്ചിട്ടില്ല. 

വീഡിയോ പങ്കുവെച്ചതോടെ സമ്മിശ്ര പ്രതികരണമാണ് കമന്റുകളായി വരുന്നത്. ചിലര്‍ അതിഥികളെ പിന്തുണച്ചുകൊണ്ട് വരുന്നുണ്ടെങ്കിലും ഇത്രത്തോളം വേണ്ടായിരുന്നുവെന്ന അഭിപ്രായക്കരാണ്. പണം കൊടുത്ത് താമസിക്കുന്ന അഥിതികള്‍ നിങ്ങളുടെ അടുക്കളയും വൃത്തിയാക്കിത്തരണോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. എന്നാല്‍ പണം കൊടുത്തുവരുന്നവരായാലും മനുഷ്യത്വപരമായ കാര്യങ്ങള്‍ കാണിക്കണമെന്ന അഭിപ്രായക്കാരുമുണ്ട്.

ഭക്ഷാണാവശിഷ്ടങ്ങള്‍ ചിതറിക്കിടന്നതോടെ അടുക്കള ഉറുമ്പുകളുടേയും പാറ്റകളുടേയും താവളമായെന്നും ഒരു ദിവസം മുഴുവന്‍ വേണ്ടി വന്നു സാധാരണ നിലയിലേക്ക് ശരിയാക്കി കൊണ്ടുവരാനെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.
 

Content Highlights: The owner of the Airbnb in Goa shared dirty kitchen video