ഭക്ഷണത്തിന് രുചി പകരാൻ മാത്രമല്ല രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഈ സുഗന്ധവ്യഞ്ജനങ്ങള്‍

കോവിഡ് വ്യാപനത്തിന് ശേഷം നമ്മുടെ നാട്ടില്‍ ആളുകള്‍ ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയൂന്നി തുടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് ആരോഗ്യപ്രദമായ ഭക്ഷണശീലമെല്ലാം ദൈനംദിന ജീവിതത്തിന്റെ ഭാഗമായി തുടങ്ങി. രോഗങ്ങളില്‍ നിന്ന് ശരീരത്തിന് പ്രതിരോധിക്കാന്‍ സ്വാഭാവികമായ പ്രതിരോധശേഷി നേടിയെടുക്കേണ്ടത് അത്യാവശ്യമാണ്. ഇതിന് സഹായിക്കുന്ന ധാരാളം സുഗന്ധവ്യഞ്ജനങ്ങള്‍ നമ്മുടെ നാട്ടില്‍ ലഭ്യമാണ്. ഭക്ഷണത്തിന് രുചി പകരാൻ മാത്രമല്ല, മറിച്ച് നമ്മുടെ നാട്ടില്‍ ലഭ്യമായ മിക്ക സുഗന്ധവ്യഞ്ജനങ്ങളും അവയുടെ ഔഷധഗുണങ്ങളുടെ പേരിലും പ്രശസ്തമാണ്.
കുരുമുളക്
ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ കുരുമുളക് രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതിന് മികച്ച മാര്‍ഗമാണ്. കൂടാതെ, കുടലിന്റെ ആരോഗ്യമെച്ചപ്പെടുത്തുന്നതിനും കുരുമുളക് സഹായിക്കുന്നു. ശരീരത്തില്‍ ശ്വേതരക്താണുക്കളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും ബാക്ടീരിയ, വൈറസ് എന്നിവയില്‍നിന്ന് സംരക്ഷണം നല്‍കാനും കുരുമുളക് സഹായിക്കുന്നു.
ജീരകം
അയണിന്റെ കലവറയാണ് ജീരകം. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനുമുള്ള മികച്ച മാര്‍ഗമാണ് ജീരകം. ശരീരത്തിലെ നീര്‍ക്കെട്ടുകള്‍ ഒഴിവാക്കുന്നതിനും ഗ്യാസ്ട്രബിള്‍ പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമുള്ള മികച്ച മാര്‍ഗമാണ് ജീരകം. ഒപ്പം ശരീരത്തിന്റെ സ്വാഭാവികമായ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
മഞ്ഞള്‍
രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള മികച്ച സുഗന്ധവ്യഞ്ജനമാണ് മഞ്ഞള്‍. സ്വല്‍പം മഞ്ഞള്‍പ്പൊടി പാലില്‍ ചേര്‍ത്ത് കുടിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. ജലദോഷം, കഫക്കെട്ട് തുടങ്ങിയ രോഗങ്ങളില്‍ നിന്ന് വേഗത്തില്‍ മുക്തി നേടുന്നതിനുള്ള മാര്‍ഗം കൂടിയാണ് മഞ്ഞള്‍. കൂടാതെ, അണുബാധ കുറയ്ക്കുന്നതിനും മുറിവുകള്‍ ഉണക്കുന്നതിനും മഞ്ഞള്‍ സഹായിക്കുന്നു.
കായം
വയറിനുള്ളിലെ അസ്വസ്ഥതകള്‍ കുറയ്ക്കുന്നതിനും ഗ്യാസ്ട്രബിള്‍, നെഞ്ചെരിച്ചില്‍ തുടങ്ങിയവയില്‍ നിന്നും ആശ്വാസം ലഭിക്കുന്നതിനും കായം മികച്ച മാര്‍ഗമാണ്. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും അത് ദീര്‍ഘകാലത്തേക്ക് നിലനിര്‍ത്തുന്നതിനും കായം മികച്ച മാര്‍ഗമാണ്. കൂടാതെ പ്രമേഹം നിയന്ത്രിക്കുന്നതിനും കായം മികച്ചൊരു ഔഷധം കൂടിയാണ്.
(ശ്രദ്ധിക്കുക: ആഹാരക്രമത്തിൽ മാറ്റം വരുത്തുമ്പോൾ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടുക)
Content Highlights: immunity boosting indian spices, food, healthy food