നല്ല ഉറക്കം ലഭിക്കാനും യുവത്വം നിലനിര്‍ത്താനും പ്രൂണ്‍സ് കഴിക്കാം ; അറിഞ്ഞിരിക്കാം ഗുണങ്ങള്‍

photo|prunes
photo|prunes

ഡയറ്റില്‍ ചെറിയ മാറ്റം വരുത്തിയാല്‍ തന്നെ നമ്മളെയലട്ടുന്ന പല ബുദ്ധിമുട്ടുകള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും. ഭക്ഷണത്തില്‍ മറക്കാതെ ഉള്‍പ്പെടുത്തേണ്ടവയാണ് ഡ്രൈഫ്രൂട്ട്‌സ്. പോഷകങ്ങളുടെ കലവറയാണ് ഇവയെന്നതാണ് സത്യം. അത്തരത്തില്‍ ഏറെ ഗുണങ്ങളുള്ള ഒരു ഡ്രൈ ഫ്രൂട്ടാണ് പ്രൂണ്‍സ്. ഉണങ്ങിയ പ്ലം പഴമാണ് പ്രൂണ്‍സ്. ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ഇവയില്‍ ഫൈബറും വിറ്റാമിനുകളും മിനറലുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയുടെ ആരോഗ്യഗുണങ്ങള്‍ അറിഞ്ഞിരിക്കാം.

  • വിറ്റാമിന്‍ എ ധാരാളം അടങ്ങിയ പ്രൂണ്‍സ്  പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. ഉറക്കമില്ലായ്മയ്ക്കും വലിയൊരു പരിഹാരമാണിത്.  ധാരാളം മഗ്‌നീഷ്യം അടങ്ങിയിരിക്കുന്നതിനാല്‍ പ്രൂണ്‍സ് കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. ഇവയില്‍ അയണ്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ വിളര്‍ച്ചയുള്ളവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രയോജനം ചെയ്യും.
  • വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും മറ്റും അടങ്ങിരിക്കുന്നതിനാല്‍ ചര്‍മത്തിന്റെ ആരോഗ്യത്തിനും  വളരെ നല്ലതാണ്.  ചര്‍മം കൂടൂതല്‍ ചെറുപ്പമുള്ളതാക്കാന്‍ ഇവ സഹായിക്കും. 
  • വിറ്റാമിന്‍ ബിയും മറ്റും അടങ്ങിയിരിക്കുന്നതിനാല്‍  ഇവ  പതിവായി കഴിച്ചാല്‍ മുടികൊഴിച്ചില്‍ തടയും. കൂടാതെ വേഗത്തില്‍ മുടി വളരാനും സഹായകരമാകും. 
  • ഫൈബര്‍ ധാരാളം അടങ്ങിയ  പ്രൂണ്‍സ് കഴിക്കുന്നത് വയര്‍ വേഗം നിറയ്ക്കും. അതുമൂലം വിശപ്പ് കുറയ്ക്കാനും ശരീരഭാരം കൂടുന്നത് നിയന്ത്രിക്കാനും സഹായകരമാണ്.
  • ഫൈബര്‍ ധാരാളം അടങ്ങിയ പ്രൂണ്‍സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മലബന്ധം അകറ്റാന്‍ ഗുണകരമാണ്.  വയര്‍ വീര്‍ത്തിരിക്കുന്നത് തടയാനും കുടലിന്റെ ആരോഗ്യത്തിനും ഇവ കഴിച്ചാല്‍ മതിയാകും.
  • ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ പ്രൂണ്‍സ് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും അസ്ഥികള്‍ക്ക് സംഭവിക്കുന്ന ബലക്ഷയമായ 'ഓസ്റ്റിയോപൊറോസിസ്' സാധ്യതയെ ചെറുക്കാനും സഹായകരമാണ്.
  • പ്രൂണ്‍സില്‍ 'ഗ്ലൈസെമിക് ഇന്‍ഡെക്‌സ്' കുറവാണ്. അതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമമാക്കാന്‍ ഇവ ഗുണം ചെയ്യും. ഫൈബറും ഇവയില്‍ അടങ്ങിയിട്ടുണ്ട്.  അതിനാല്‍ പ്രമേഹ രോഗികള്‍ക്കും ഡയറ്റില്‍ ധൈര്യമായി ഉള്‍പ്പെടുത്താവുന്ന മികച്ച ഒരു ഡ്രൈ ഫ്രൂട്ടാണിത്. ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ പ്രൂണ്‍സ് കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
 

Content Highlights: Benefits Of Prunes, Prunes,fig,dry fruits, food