ചർച്ചയായി 'ബട്ടർ ചിക്കൻ സ്റ്റഫ്ഡ് ഇഡ്ഡലി'; പരീക്ഷണം നടത്തിയവർക്ക് 20 വർഷം തടവുശിക്ഷ നൽകണമെന്ന് ഭക്ഷണപ്രേമികൾ

#ലൈഫ്സ്റ്റൈൽ ഡെസ്ക്
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

ദക്ഷിണേന്ത്യൻ വിഭവമായ മൃദുവായ ഇഡ്ഡലിയും ഉത്തരേന്ത്യക്കാരുടെ പ്രിയപ്പെട്ട ബട്ടർ ചിക്കനും തമ്മിൽ കൂട്ടിയിണക്കിയുള്ള ഒരു വിചിത്രമായ പരീക്ഷണം സോഷ്യൽ മീഡിയയിൽ കടുത്ത വിവാദത്തിനും ചിരിക്കുമാണ് വഴിതുറന്നിരിക്കുന്നത്. 'സ്വിഷ്' എന്ന ഫുഡ് ഡെലിവറി സ്റ്റാർട്ടപ്പിന്റെ മെനുവിൽ പ്രത്യക്ഷപ്പെട്ട 'ബട്ടർ ചിക്കൻ സ്റ്റഫ്ഡ് ഇഡ്ഡലി'യുടെ സ്‌ക്രീൻഷോട്ടാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാകുന്നത്.

വംശ് എന്ന എക്‌സ് ഉപയോക്താവാണ് താൻ ഓൺലൈൻ ഫുഡ് ആപ്പിൽ കണ്ട ഈ വ്യത്യസ്ത വിഭവത്തിന്റെ ചിത്രം പങ്കുവെച്ചത്. 'ഇത്തരം പരീക്ഷണങ്ങൾ നടത്തുന്നവർക്ക് കുറഞ്ഞത് 20 വർഷമെങ്കിലും തടവുശിക്ഷ നൽകണം' എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ഫോട്ടോ പോസ്റ്റ് ചെയ്തത്.

മെനുവിലെ വിവരണം അനുസരിച്ച്, മൃദുവായി ആവിയിൽ വേവിച്ച ഇഡ്ഡലിക്കുള്ളിൽ രുചികരമായ ബട്ടർ ചിക്കൻ നിറച്ചാണ് ഈ വിഭവം തയ്യാറാക്കിയിരിക്കുന്നത്. 'ഉത്തരേന്ത്യൻ വിഭവത്തിന്റെ സ്വാദും ദക്ഷിണേന്ത്യൻ ഇഡ്ഡലിയുടെ ലാളിത്യവും ഒന്നിക്കുന്ന വിഭവം' എന്നാണ് ആപ്പിൽ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. 179 രൂപയ്ക്കാണ് ഈ വിഭവം വിൽപനയ്ക്ക് വെച്ചിരുന്നത്.

തനതായ പരമ്പരാഗത ഭക്ഷണ ശീലങ്ങളെ തകിടം മറിക്കുന്ന ഇത്തരം ഫ്യൂഷൻ പരീക്ഷണങ്ങൾക്കെതിരെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.ഇതൊരു കുറ്റകൃത്യമാണ് , ഇഡ്ഡലിയെ എങ്കിലും വെറുതെ വിട്ടുകൂടേ? എന്നിങ്ങനെ പോകുന്നു ചിലരുടെ കമന്റുകൾ. ദക്ഷിണേന്ത്യയെയും ഉത്തരേന്ത്യയെയും ഒരൊറ്റ വിഭവത്തിലൂടെ ഒന്നാക്കാനുള്ള ശ്രമം, 'മുട്ട ദോശയായിരുന്നു ഇതിന്റെ ആദ്യ ഇര, ഇപ്പോൾ ഇഡ്ഡലിയും' എന്നിങ്ങനെ ട്രോളുകളും നിറയുന്നുണ്ട്. ചിലർ ഈ കോംബിനേഷൻ ചിക്കൻ സ്റ്റഫ് ചെയ്ത ചൈനീസ് ബാവോ ബൺ പോലെ നല്ലതാണെന്ന് അഭിപ്രായപ്പെട്ടു. 'ഇത് ശരിക്കും രുചികരമാണ്, പരീക്ഷിച്ചു നോക്കാവുന്നതാണ്' എന്ന് കമന്റ് ചെയ്തവരും ഉണ്ട്. നേരത്തേ, തന്തൂരി പിസ്സ, മസാല മക്രോണി തുടങ്ങിയ പല ഫ്യൂഷൻ പരീക്ഷണങ്ങളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്.

Content Highlights: Butter chicken stuffed idli, a fusion dish by Swish, ignites controversy and humor on social media, blending North and South Indian flavors.