അനധികൃത കുടിയേറ്റക്കാർ ബംഗ്ലാദേശ് പതാകയുമേന്തി പ്രതിഷേധിച്ചു എന്ന പ്രചാരണം വ്യാജം | Fact Check

തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങൾ അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കാനാണെന്ന പ്രചാരണം വലതുപക്ഷ ഹാൻറിലുകൾ സമൂഹമാധ്യമങ്ങളിൽ നേരത്തെ നടത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ, അനധികൃത കുടിയേറ്റക്കാർ ബംഗ്ലാദേശി പതാകയുമായി സിജെപി പ്രതിഷേധ റാലിയിൽ പങ്കെടുത്തു എന്ന വാദത്തോടെ ഒരു വീഡിയോ ഇപ്പോൾ വൈറലാണ്. എന്നാൽ, പ്രചാരണം തീർത്തും വ്യാജമാണ് എന്നതാണ് യാഥാർഥ്യം.
പരിശോധനയിൽ വീഡിയോ മുംബൈയിലെ വിരാറിൽ നിന്നുള്ളതാണെന്ന വാദത്തോടെ ഒട്ടേറെപ്പേർ പങ്കുവച്ചതായി കണ്ടെത്തി.
ദൃശ്യങ്ങൾ സൂക്ഷമമായി പരിശോധിച്ചാൽ ഇതിന്‍റെ തുടക്കത്തിൽതന്നെ ഒരു ജിബ് മൗണ്ടഡ് ക്യാമറ കാണാനാകും. വീഡിയോയുടെ പന്ത്രണ്ടാം സെക്കൻറിൽ വെളിച്ചം നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ഡിഫ്യൂസറും ഉണ്ട്. പ്രൊഫഷണൽ ഷൂട്ടുകൾക്കായി ഉപയോഗിക്കുന്ന സംവിധാനങ്ങളാണിതെല്ലാം. പ്രചരിക്കുന്ന വീഡിയോയിൽ ഇവയുടെ സാന്നിധ്യം ദൃശ്യങ്ങൾ പ്രതിഷേധ പരിപാടിയിൽ നിന്നുള്ളതാകില്ലെന്ന സൂചനയാണ് നൽകുന്നത്.
മറാത്തിയിൽ കീവേർഡ് സർച്ച് ചെയ്തതിൽനിന്നു എബിപി ന്യൂസ് സംപ്രേഷണം ചെയ്ത വാർത്ത ലഭിച്ചു. വീഡിയോ ചിത്രീകരണത്തിനിടെ യുവാക്കൾ ബംഗ്ലാദേശി പതാകകളുടെ പ്രദർശനം നടത്തിയതിനെക്കുറിച്ചാണ് വാർത്ത. മഹാരാഷ്ട്രയിലെ വിരാറിലുള്ള എം.എച്ച്.എ.ഡി.എ പാർപ്പിട സമുച്ചയ പരിസരത്ത് നടന്ന ഷൂട്ടിംഗിനിടെ ബംഗ്ലാദേശ് പതാക ഉയർത്തിയത് വിവാദങ്ങൾക്കിടയാക്കിയതായാണ് വാർത്തയിൽ പറയുന്നത്. പതാക ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ ഇത് ചോദ്യം ചെയ്യുകയും പോലീസിനെ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു. പല ഓൺലൈൻ മാധ്യമങ്ങളും ഇതിനെക്കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ വിരാറിൽ വാണിജ്യ പരസ്യ ചിത്രീകരണത്തിനിടെ ബംഗ്ലാദേശ് പതാകകൾ ഉപയോഗിച്ചതിന്‍റെ ദൃശ്യങ്ങളാണ് അനധികൃത കുടിയേറ്റക്കാർ ബംഗ്ലാദേശ് പതാകയുമായി സിജെപി സമരത്തിൽ പങ്കെടുത്തു എന്ന വാദത്തോടെ പ്രചരിക്കുന്നത്.
Content Highlights: Viral video falsely claims illegal immigrants protested with the Bangladesh flag., Investigation reveals the footage is actually from a commercial video shoot in Virar, Maharashtra., Locals had questioned the use of the flag during the shoot and informed the police., Professional equipment like jib-mounted cameras and diffusers were spotted in the viral clip.