‘മക്ക കരാർ ഇന്ത്യയ്ക്ക് ഭീഷണി' എന്ന് ശശി തരൂർ പറഞ്ഞോ? | Fact Check

#ഷിബിന വാസുദേവൻ

പാകിസ്താൻ, സൗദി അറേബ്യ, തുർക്കി എന്നീ രാജ്യങ്ങൾ തമ്മിലുള്ള 'മക്ക കരാർ' ഇന്ത്യയ്ക്ക് വലിയ ഭീഷണിയാണെന്ന് ശശി തരൂർ എം.പി പറഞ്ഞു എന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. “മക്ക കരാർ ഈ മേഖലയുടെ തന്ത്രപരമായ അന്തരീക്ഷത്തെ മാറ്റിമറിച്ചു. ഇന്ത്യക്ക് ഇതിൻ്റെ പ്രത്യാഘാതങ്ങൾ അവഗണിക്കാനാവില്ല. അതിനാൽ മക്ക കരാർ ഇന്ത്യയ്ക്ക് ഒരു ഭീഷണിയാണ്, സൗദി അറേബ്യയോട് ഇന്ത്യ ഇതിൽ വിശദീകരണം തേടണം” എന്ന് ശശിതരൂർ പറയുന്നതാണ് ദൃശ്യങ്ങളിൽ. എന്നാൽ, വിശദമായ അന്വേഷണത്തിൽ ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ മറ്റൊന്നാണെന്ന് കണ്ടെത്തി.

എക്സിൽ പ്രചരിക്കുന്ന പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട്

അന്വേഷണം

വൈറലായ വീഡിയോയിൽ 'അൽ അറേബ്യ ഇംഗ്ലീഷ്' എന്ന വാർത്താ ചാനലിന്‍റെ ലോഗോ കാണാം. ഈ സൂചനകളെല്ലാം അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിൽ, അൽ അറേബ്യയുടെ യൂട്യൂബ് ചാനലിൽ 2026 സെപ്റ്റംബർ 23-ന് പ്രസിദ്ധീകരിച്ച ശശി തരൂരിൻ്റെ അഭിമുഖത്തിന്‍റെ പൂർണരൂപം ലഭിച്ചു. അഭിമുഖത്തിൽ മക്ക സംയുക്ത പ്രതിരോധ കരാറിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് തരൂർ നൽകിയ മറുപടി വൈറൽ വീഡിയോയിലുള്ളതിൽനിന്ന് തികച്ചും വ്യത്യസ്തമാണ്. ഈ കരാർകൊണ്ട് പ്രായോഗികമായി യാതൊരു പ്രത്യാഘാതങ്ങളും ഉണ്ടായതായി കാണുന്നില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും തരൂർ പറയുന്നതാണ് അഭിമുഖത്തിൽ.

വൈറൽ വീഡിയോ സൂക്ഷമമായി നിരീക്ഷിച്ചാൽ ഇതിൽ കേൾക്കുന്ന സംഭാഷണവും ശശി തരൂറിൻ്റ ചുണ്ടുകളുടെ ചലനവും തീർത്തും വ്യത്യസ്തമാണെന്ന് കാണാം. സാധാരണയായി ഇത്തരം പിഴവുകൾ എ ഐ നിർമിത ദൃശ്യങ്ങൾക്കാണ് വരാറുള്ളത്. വീഡിയോ എ ഐ നിർമിതമാകമെന്ന സൂചനയാണിത് നൽകുന്നത്. തുടർന്ന് എ ഐ ഡിറ്റക്ഷൻ ടൂൾ ഉപയോഗിച്ച് വീഡിയോ പരിശോധിച്ചു. ദൃശ്യങ്ങൾ 90 ശതമാനവും എ ഐ നിർമ്മിതമാണെന്ന ഫലമാണ് ലഭിച്ചത്.

വാസ്തവം

ഈ പ്രചാരണം വ്യാജമാണ്. പ്രചരിക്കുന്ന വീഡിയോ എ ഐ നിർമിതം.

Content Highlights: Viral video claims Shashi Tharoor said the Makkah pact is a threat to India., Investigation revealed the original 2026 Al Arabiya interview shows Tharoor said there is no need for concern., AI detection tools confirmed the viral video is 90% AI-generated