ആർഎസ്എസ് പ്രവർത്തകർ മുസ്ലീംപള്ളി ആക്രമിക്കുന്ന ദൃശ്യങ്ങളോ ഇത്? വീഡിയോയുടെ വാസ്തവമറിയാം

#ഫാക്ട് ചെക്ക് ഡെസ്ക്

ആർഎസ്എസ്, ബജറംഗ്്ദൾ പ്രവർത്തകർ ചേർന്ന് ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ജാമിയ മസ്ജിദ് ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ എന്ന വാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമമായ എക്സിൽ വൈറലാണ്. പള്ളിക്കകത്ത് ഇസ്ലാംമത വിശ്വാസികൾ കുടിങ്ങിക്കിടക്കുന്നതായും ഇവരിൽ പലർക്കും സാരമായി പരിക്കേറ്റതായുമാണ് പോസ്റ്റിൽ പറയുന്നത്. ഗാസിയാബാദ് പോലീസ് പക്ഷപാതപരമായി പെരുമാറുന്നതായും ഇതിൽ ആരോപിക്കുന്നുണ്ട്.

വർഗീയ ചേരിതിരിവ് ഉണ്ടാക്കുക ലക്ഷ്യമിട്ടുള്ള വ്യാജപ്രചാരണമാണ് ഇതെന്ന് മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

ഇരുപത്തിയഞ്ച് സെക്കൻറ് ദൈർഘ്യമുള്ള ദൃശ്യങ്ങളിൽ വാളും കോടലിയും പോലുള്ള ആയുധങ്ങളുമായി പാട്ടിനൊത്ത് ചുവടുവയ്ക്കുന്ന വലിയൊരുകൂട്ടം ആൾക്കാരെ കാണാം. ഇതിൽ ചിലർ കാവിക്കൊടികളും പിടിച്ചിട്ടുണ്ട്. പ്രചരിക്കുന്ന സന്ദേശത്തിൽ അവകാശപ്പെടുന്നതുപോലെ, ഉത്തർ പ്രദേശിൽ ആർഎസ്എസ്, ബജറംഗ്്ദൾ പ്രവർത്തകർ ചേർന്ന് ‘ജാമിയ മസ്ജിദ്’ ആക്രമിക്കുകയും അവിടെയുണ്ടായിരുന്ന വിശ്വാസികളെ പരിക്കേൽപ്പിക്കുകയും ചെയ്തതായുള്ള സംഭവമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കീവേർഡ് സർച്ച് ചെയ്തതിൽ നിന്നും ബോധ്യമായി. തുടർന്ന് വൈറൽ ദൃശ്യങ്ങളിൽ നിന്ന് കീ ഫ്രെയിമുകളെടുത്ത് റിവേഴ്സ് ഇമേജ് സർച്ച് ചെയ്തന്വേഷിച്ചു.

പ്രമുഖ മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ റാണ അയൂബ് ഇതേ വീഡിയോ 2022ൽ എക്സിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. വീഡിയോക്കൊപ്പമുള്ള വിവരണത്തിൽ പറയുന്നത് - “ ബിജെപി ഭരിക്കുന്ന മധ്യപ്രദേശിൽ, വാളുകളും കോടാലികളുമേന്തിയ തീവ്ര ഹിന്ദുത്വവാദികളുടെ വലിയൊരു കൂട്ടം ഒരു പള്ളിക്കു മുന്നിൽ ഒത്തുകൂടി ഇസ്‌ലാം വിരുദ്ധ ഗാനങ്ങൾ മുഴക്കുന്നു; പോലീസ് ആകട്ടെ, ഇതൊന്നും കണ്ടില്ലെന്ന മട്ടിൽ വെറും കാഴ്ചക്കാരായി നിൽക്കുന്നു. നരേന്ദ്ര മോദിയുടെ ഈ മൗനത്തെ ലോകത്തിന് അവഗണിക്കാൻ കഴിയുമോ? ” എന്നാണ്. വൈറൽ വീഡിയോയെക്കാളും ക്ലാരിറ്റിയുള്ള ദൃശ്യങ്ങളാണ് ഈ പോസ്റ്റിലേത്.

പ്രചരിക്കുന്ന വീഡിയോയിൽ പറയുന്നത് യുപിയിൽ മസ്ജിദിന് നേരെ നടന്ന ആക്രമണത്തിന്‍റെ ദൃശ്യങ്ങളെന്നാണ്. എന്നാൽ റാണ അയൂബിന്‍റെ നാലുവർഷം മുൻപത്തെ പോസ്റ്റിൽ പറയുന്നത് മധ്യപ്രദേശിൽ ഹിന്ദുത്വവാദികൾ പള്ളിക്ക് മുന്നിൽ നടത്തിയ പ്രകടനത്തിന്‍റെ ദൃശ്യങ്ങളെന്നും. വിശദമായ അന്വേഷണത്തിൽ 2022 ഏപ്രിൽ 12ന് ഇതേ വീഡിയോ ഫേസ്ബുക്കിലും പങ്കുവച്ചതായി കണ്ടെത്തി. മധ്യപ്രദേശിലെ സാരംഗ്പൂരിലെ ഷാഹി ജമാ മസ്ജിദിന് മുന്നിൽ ഹിന്ദുത്വ സംഘം നടത്തിയ പ്രകടനം എന്നാണ് ഇതിന് നൽകിയിരിക്കുന്ന വിവരണം.

ഈ വീഡിയോ എംപിയിലെ സാരംഗ്പൂരിൽ നിന്നുള്ളതാണോ എന്ന് തുടർന്ന് പരിശോധിച്ചു. അന്വേഷണത്തിൽ ജയഷ് ജോഷി എന്ന യൂട്യൂബ് ചാനലിൽ (2022 ഏപ്രിൽ 12ന്) പോസ്റ്റ് ചെയ്ത വീഡിയോ കണ്ടെത്തി. ‘മധ്യപ്രദേശിലെ സാരംഗ്പൂരിലെ ഫ്ലവർ ഗാർഡനർ സൊസൈറ്റിയുടെ രാമനവമി ഘോഷയാത്ര ചടങ്ങ് 2022’ എന്നാണ് വീഡിയോക്ക് നൽകിയിരിക്കുന്ന തലക്കെട്ട്. പ്രചരിക്കുന്ന വീഡിയോയിലേതിന് സമാനമായ ഫ്രേമുകളും കെട്ടിടവും അതിന് മുകളിൽ നിൽക്കുന്ന പോലീസുകാരെയും ഈ യൂട്യൂബ് വീഡിയോയിലും കാണാം. ആ വർഷം, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ രാമനവമി ഘോഷയാത്രകൾക്കിടെ പൊട്ടിപ്പുറപ്പെട്ട അക്രമങ്ങളുമായി ബന്ധപ്പെട്ട വാർത്തയിലും ഇതേ ചിത്രം നൽകിയിട്ടുണ്ട്. മധ്യപ്രദേശ്, ബീഹാർ, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ജാർഖണ്ഡ് തുടങ്ങിയ പല സംസ്ഥാനങ്ങളിൽ രാമനവമി ഘോഷയാത്രകൾക്കിടെ ഉണ്ടായ വർഗീയ അക്രമങ്ങളും ഈ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലർത്തിയ മൗനവും ആശങ്കാജനകമാണെന്ന് സിപിഎം പ്രസ്താവിച്ചതിനെക്കുറിച്ചാണ് വാർത്ത.

ചിത്രങ്ങൾ താരതമ്യം ചെയ്തത്
മുസ്ലിം മിറർ 2022ൽ പ്രസിദ്ധീകരിച്ച വാർത്തയുടെ സ്ക്രീൻഷോട്ട്

‘ഉത്തർ പ്രദേശിൽ ആർഎസ്എസ്, ബജറംഗ് ദൾ പ്രവർത്തകർ ചേർന്ന് ജാമിയ മസ്ജിദ് ആക്രമിച്ചു, വിശ്വാസികൾ പള്ളിക്കകത്ത് കുടിങ്ങിക്കിടക്കുന്നു’ എന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2022ൽ മധ്യപ്രദേശിലെ സാരംഗ്പൂരിൽ രാമനവമി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഘോഷയാത്രയിൽ മാരകായുധങ്ങളുമായി ആൾക്കാർ പ്രകടനം നടത്തിയതിന്‍റെ ദൃശ്യങ്ങളാണിത്.

Content Highlights: Viral video claims RSS and Bajrang Dal attacked a mosque in Uttar Pradesh., Investigation reveals the video is actually from April 2022 during a Rama Navami procession in Sarangpur, Madhya Pradesh., The claim of a recent mosque attack and trapped worshippers is completely false and intended to create communal tension.