‘രാജ്യം കത്താൻ കാരണം നിങ്ങൾ’; സുപ്രീം കോടതി ജഡ്ജിയെ അഭിഭാഷകൻ വിമർശച്ചോ? വാസ്തവമറിയാം | Fact Check

#ഫാക്ട് ചെക്ക് ഡെസ്ക്

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ വിവാദപരമായ ‘പാറ്റ’ പരാമർശമായിരുന്നു സിജെപി (കോക്രോച്ച് ജനതാ പാർട്ടി) എന്ന കൂട്ടായ്മയുടെ രൂപീകരണത്തിനും പിന്നീട് വിദ്യാർത്ഥി- യുവജന പ്രക്ഷോഭത്തിനും വഴിവെച്ചത്. ഈ പശ്ചാത്തലത്തിൽ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അഭിഭാഷകൻ സുപ്രീം കോടതി ജഡ്ജിയെ ചോദ്യം ചെയ്തു എന്ന വാദത്തോടെയാണിത്.

പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നത് -

“ #ഞെട്ടരുത് സുപ്രീംകോടതിയിലെ ജഡ്ജിയുടെ മുഖത്തുനോക്കി ചോദ്യം ചെയ്യുന്ന അഭിഭാഷകൻ, രാജ്യം കത്തുകയാണ് അതിനു കാരണക്കാർ നിങ്ങളാണ്,

കോടതിയും ഭരണകൂടവും ഒന്നിച്ചുനിന്നാൽ രാജ്യത്തെ ജനങ്ങൾക്ക് എവിടെ നിന്നാണ് നീതി ലഭിക്കുക. നീതി ഉറപ്പാക്കേണ്ട കോടതികൾ ഭരണകൂടത്തിന് ജയ് വിളിക്കുന്ന കാഴ്ചയാണ് രാജ്യത്ത് നടക്കുന്നത്.

സുപ്രീം കോടതിയുടെ സീനിയർ അഭിഭാഷകർക്ക് തന്നെ തുറന്നുപറയേണ്ടി വരുന്നു കോടതികളിൽ ജനങ്ങൾക്ക് വിശ്വാസം ഇല്ലാതായി എന്ന്. ഇത് സിനിമ സീരിയലോ എ ഐ വീഡിയയോ അല്ല ഇന്ന് സുപ്രീം കോടതിയിൽ നടന്നത് ”

ഇതിന്‍റെ വസ്തുത അന്വേഷിച്ച് മാതൃഭൂമി ഫാക്ട് ചെക്ക് ടിപ് ലൈനിൽ പലരും ബന്ധപ്പെട്ടു. ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.

വസ്തുത പരിശോധനയ്ക്കായി ലഭിച്ച സന്ദേശത്തിന്‍റെ സ്ക്രീൻഷോട്ട്

ഇതിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ കീവേർഡ് സർച്ച് ചെയ്തതിൽനിന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ സുപ്രീം കോടതിയിൽ അഭിഭാഷകർ ചോദ്യം ചെയ്തു എന്ന വാദത്തോടെ ഇതേ ദൃശ്യങ്ങൾ സമൂഹമാധ്യമമായ എക്സിൽ പ്രചരിക്കുന്നതായി കണ്ടു. അഭിഭാഷകൻ ജഡ്ജിയോട് രോഷാകുലനായി സംസാരിക്കുന്നതാണ് ദൃശ്യങ്ങളിൽ. എന്നാൽ പോസ്റ്റിൽ അവകാശപ്പെടുന്നതുപോലെ വീഡിയോയിലുള്ളത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അല്ല.

വീഡിയോയിൽ നിന്നുള്ള കീഫ്രെയിമുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഇതേ വീഡിയോ ടൈംസ് ഓഫ് ഇന്ത്യ 2025 ഒക്ടോബർ 18-ന് പോസ്റ്റ് ചെയ്തതായി കണ്ടെത്തി. വിധവയായ സ്ത്രീയുടെ വീട്ടിലെ വൈദ്യുത കണക്ഷൻ വിച്ഛേദിച്ചതുമായി ബന്ധപ്പെട്ട ഹർജിയിൽ ജാർഖണ്ഡ് ഹൈക്കോടതിയിൽ വാദം നടക്കുന്നതിനിടെ ജസ്റ്റിസ് രാജേഷ് കുമാറും അഭിഭാഷകനായ മഹേഷ് തിവാരിയും തമ്മിൽ വാക്തർക്കം ഉണ്ടായി എന്നാണ് പോസ്റ്റിൽ പറയുന്നത്. അഭിഭാഷകന്‍റെ പെരുമാറ്റം സംബന്ധിച്ച ജഡ്ജിയുടെ പരാമർശമായിരുന്നു ഇതിന് കാരണമെന്നും പോസ്റ്റിലുണ്ട്.

 
 

ഈ സൂചനകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഇത് സംബന്ധിച്ച മാധ്യമ വാർത്തകൾ കണ്ടെത്തി. കോടതിയിൽ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെക്കുറിച്ചായിരുന്നു വാർത്ത. കേസ് വാദിക്കുന്നതിനിടെ മുതിർന്ന അഭിഭാഷകനായ മഹേഷ് തിവാരിയുടെ രീതിയെ ജാർഖണ്ഡ് ഹൈക്കോടതി ജഡ്ജി രാകേഷ് കുമാർ ചോദ്യം ചെയ്തതാണ് തർക്കത്തിന് തുടക്കമിട്ടത്. തനിക്ക് അനുയോജ്യമായ രീതിയിലാകും വാദങ്ങൾ അവതരിപ്പിക്കുകയെന്നും അഭിഭാഷകരെ അപമാനിക്കാൻ ശ്രമിക്കരുതെന്നും കോടതിയുടെ പെരുമാറ്റം മൂലം രാജ്യം വലയുകയാണെന്നും അഭിഭാഷകൻ തിരിച്ചടിച്ചു. കോടതിയുടെ ലൈവ് സ്ട്രീമിലൂടെയുളള ദൃശ്യങ്ങൾ പിന്നീട് വൈറലാവുകയായിരുന്നു. സംഭവത്തെ തുടർന്ന് മഹേഷ് തിവാരിക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിച്ചതായും റിപ്പോർട്ടുകളിലുണ്ട് .

ജാർഖണ്ഡ് കോടതിയുടെ ഔദ്യോഗിക യൂട്യൂബ് അക്കൗണ്ടിൽനിന്നു പഴയ ലൈവ് സ്ട്രീം വീഡിയോ കണ്ടെത്തി. 2025 ഒക്ടോബർ 16-നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 18 മിനുറ്റ് 9 സെക്കൻറ് ദൈർഘ്യമുള്ള വീഡിയോയുടെ 16 മിനുറ്റ് 24 സെക്കൻറ് മുതലുള്ള ഭാഗത്താണ് ജഡ്ജിയും അഭിഭാഷകനും തമ്മിലുള്ള വാക്തർക്കത്തിന്‍റെ ദൃശ്യങ്ങൾ. ലഭ്യമായ തെളിവുകളിൽനിന്നു പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിക്കാം. കഴിഞ്ഞ വർഷം ജാർഖണ്ഡ് ഹൈക്കോടതിയിൽ ജഡ്ജിയും അഭിഭാഷകനും തമ്മിൽ ഉണ്ടായ തർക്കത്തിന്‍റെ ദൃശ്യങ്ങളാണ് തെറ്റായി പ്രചരിപ്പിക്കുന്നത്.

https://www.youtube.com/live/rCJ2CYdqiUY?si=a9GnvFkLCEk83yit

Content Highlights: A viral video falsely claimed a lawyer confronted a Supreme Court judge over national protests., The actual video is from the Jharkhand High Court featuring Justice Rakesh Kumar and advocate Mahesh Tiwari., The heated exchange took place during a hearing in October 2025, not at the Supreme Court., Mathrubhumi Fact Check confirmed the social media claims are completely fake and misleading.