ജോൺബ്രിട്ടാസ് പ്രതിഷേധ സമരത്തിൽ പങ്കെടുത്തത് മദ്യപിച്ചെന്ന് വ്യാജ പ്രചാരണം | Fact Check

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭ സമരങ്ങളുടെ തുടക്കം മുതൽ തന്നെ സിപിഎം എംപി ജോൺ ബ്രിട്ടാസുണ്ട്. പ്രതിഷേധ പരിപാടിക്കിടെ ഡൽഹി പോലീസും കേന്ദ്ര സേനയും അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്ത സംഭവം വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെച്ചിരുന്നു.
ഇതിനിടെ, ജോൺ ബ്രിട്ടാസിനെതിരായി ഒരു വീഡിയോ ഫേസ്ബുക്കിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഡൽഹിയിലെ കൊണാട്ട് പ്ലേസിൽ നടന്ന തിരംഗാ മാർച്ചിൽ ബ്രിട്ടാസ് പങ്കെടുത്തത് മദ്യപിച്ച് സ്വബോധത്തോടെ ആയിരുന്നില്ല എന്ന ആരോപണത്തോടെയാണിത്. ബ്രിട്ടാസിനെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ട് നടക്കുന്ന പ്രചാരണം വ്യാജമാണെന്നതാണ് വാസ്തം.
പരിശോധനയിൽ ഒട്ടേറെപ്പേർ സമാന വാദത്തോടെ ഇതേ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതായി കണ്ടു.
https://www.facebook.com/share/v/1FUw6LXbyi/
ഒക്ടോബർ 16-ന് വൈകീട്ടായിരുന്നു പോലീസ് വിലക്കുകളെ അതിജീവിച്ചുകൊണ്ട് കോക്രോച്ച് ജനതാ പാർട്ടിയും ഇടത് സംഘടനകളും ദേശീയ പതാകകളുമേന്തി ഡൽഹിയിലെ കൊണാട്ട് പ്ലേസിൽ മാർച്ച് നടത്തിയത്. മാർച്ചിൽ ജോൺ ബ്രിട്ടാസ്, വി. ശിവദാസൻ, എ.എ. റഹീം, സന്തോഷ് കുമാർ തുടങ്ങിയ ഇടത് എം.പിമാരുൾപ്പടെ നൂറുകണക്കിന് പേരാണ് പങ്കെടുത്തത്.
പ്രതിഷേധ മാർച്ചിനിടെ ജോൺ ബ്രിട്ടാസ് മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ‘നൂറുകണക്കിന് യുവാക്കളാണ് സരത്തിൽ പങ്കെടുത്തത്, സമാധാനപരമായി പ്രതിഷേധിച്ച ശേഷം ഞങ്ങൾ പിരിഞ്ഞുപോവുകയാണ്’ എന്നാണ് അദ്ദേഹം പറഞ്ഞത്. ഈ ദൃശ്യങ്ങൾ സ്വാഭാവിക വേഗതയിൽനിന്നു സ്ലോമോഷനിലാക്കി സംസാരം വലിച്ചുനീട്ടി അവ്യക്തമാക്കിയാണ് പ്രചരിക്കുന്നത്. മാതൃഭൂമി ന്യൂസ് സംപ്രേഷണം ചെയ്ത ഇതിന്റെ യഥാർത്ഥ ദൃശ്യങ്ങൾ ചുവടെ നൽകുന്നു.
പ്രക്ഷോഭം സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്ത മാതൃഭൂമി റിപ്പോർട്ടറും പ്രചാരണം വ്യാജമാണെന്ന് വ്യക്തമാക്കി. മാത്രമല്ല, വ്യാജപ്രചാരണം ശ്രദ്ധയിൽപ്പെട്ടതായും ഇതിനെതിരെ അവശ്യമായ നിയമ നടപടകൾ സ്വീകരിക്കുമെന്ന് ജോൺ ബ്രിട്ടാസിന്റെ ഓഫീസും പ്രതികരിച്ചിട്ടുണ്ട്.
Content Highlights: A viral video claims CPI(M) MP John Brittas attended a Delhi protest in an inebriated state., Fact-check reveals the video was slowed down intentionally to distort his speech., Mathrubhumi News and John Brittas's office confirmed the campaign is completely fake., Legal actions will be taken against those spreading the fake propaganda.