ദേശീയ പതാകയെ അപമാനിക്കുന്ന ഈ ദൃശ്യങ്ങൾ കേരളത്തിൽ നിന്നുള്ളതല്ല | Fact Check

#Published by Fact Crescendo. Edited by Mathrubhumi
.
.

റോഡിന് നടുവിലായി വിരിച്ച ഇന്ത്യൻ പതാകയ്ക്ക് മുകളിലൂടെ ഓട്ടോറിക്ഷ ഉൾപ്പടെയുള്ള വാഹനങ്ങൾ ഓടിക്കുന്നതിന്റെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഈ സംഭവം നടന്നത് കേരളത്തിലാണ് എന്ന തരത്തിലാണ് പ്രചരണം. കേരളത്തിൽ ഒരു സംഘം ആൾക്കാർ ദേശീയ പതാകയെ ഇത്തരത്തിൽ അപമാനിക്കുകയും പാകിസ്താൻ പതാക ഉയർത്തുകയും ചെയ്തതായാണ് ആരോപണം. ലോക്‌സഭാ ഇലക്ഷനുമായി ബന്ധപ്പെടുത്തിയാണ് ഇത് പ്രചരിപ്പിക്കുന്നത്. 

☝☝☝☝☝केरल के इस वीडियो को देखें और दुनिया भर में अभी फॉरवर्ड करें । 6 महीने बाद फॉरवर्ड करने का कोई लाभ नहीं है

Posted by Kishor Shah on Tuesday, May 7, 2024

അന്വേഷണം 

വൈറൽ വീഡിയോയിലെ കീ ഫ്രേമുകൾ ഉപയോഗിച്ച് റിവേഴ്‌സ് ഇമേജ് സർച്ച് ചെയ്തതിൽനിന്ന് ഇതേ ദൃശ്യങ്ങൾ ഒരു യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്തതായി കണ്ടെത്തി. റിയൽ ഇന്ത്യൻ എന്ന ചാനലിൽ 2022 ജൂൺ ആറിനാണ് വീഡിയോ പ്രസിദ്ധീകരിച്ചത്. ഇതിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം ദൃശ്യങ്ങൾ പാകിസ്താനിൽ നിന്നുള്ളതാണ്. 

തുടർ പരിശോധനയിൽ ഇതേ വീഡിയോ എക്‌സിൽ (നേരത്തെ ട്വിറ്റർ) 2020 മാർച്ച് 10-ന് പോസ്റ്റ് ചെയ്തതായി കണ്ടെത്തി. അതായത് പ്രസ്തുത ദൃശ്യങ്ങൾക്ക് കുറഞ്ഞത് മൂന്ന് വർഷത്തെ പഴക്കമുണ്ട്. ഇതിൽനിന്നു നിലവിലെ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ഇതിന് ബന്ധമില്ലെന്ന് വ്യക്തമായി. 

വൈറൽ വീഡിയോയിൽ 1:30 സെക്കൻറിലെത്തുമ്പോൾ BFK625 എന്ന നമ്പർ പ്ലേറ്റുള്ള ഒരു കറുത്ത കാർ കാണാം. ഈ നമ്പർ പ്ലേറ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിച്ചതിൽനിന്നു പാകിസ്താനിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് സമാനമാണെന്ന് വ്യക്തമായി. 

https://www.pakwheels.com/blog/sindh-government-losing-200-million-rupees-month-unable-implement-car-registration-policy/  

കൂടാതെ, പ്രചരിക്കുന്ന വീഡിയോയിൽ സനം എന്ന ബോർഡുള്ള ഒരു കെട്ടിടം കാണാം. ഗൂഗിൾ മാപ്പ് ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ കറാച്ചിയിലെ താരിഖ് റോഡിൽ ഇതേ കെട്ടിടം കണ്ടെത്തി. 

https://www.google.com/maps/@24.8774822,67.0637011,3a,34.9y,298.53h,95.39t/data=!3m7!1e1!3m5!1sAF1QipPyPAicaVUS8ddmJX4_MtTFBhPZvhwMQ8tnMM_f!2e10!3e12!7i5472!8i2736?entry=ttu 

മാത്രമല്ല, പാകിസ്താനിൽനിന്നുള്ള കറാച്ചി സ്ട്രീറ്റ് വ്യൂ എന്ന യൂട്യൂബ് ചാനലിൽ വൈറൽ വീഡിയോയിലെ അതേ സ്ഥലവും കെട്ടിടവും കാണാം. വീഡിയോ 15 മിനുറ്റ് 58 സെക്കൻറിൽ എത്തുമ്പോഴാണ് സനം എന്ന ബോർഡ് വച്ച കെട്ടിടം കാണാനാവുക. 

വൈറൽ വീഡിയോയിൽ കാണുന്ന ഓട്ടോ കേരളത്തിലേതല്ല, ചുവടെ നൽകിയിരിക്കുന്ന ചിത്രങ്ങളുടെ താരതമ്യത്തിലൂടെ ഇത് സ്ഥിരീകരിക്കാം.

വാസ്തവം

പാകിസ്താനിലെ കറാച്ചിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് കേരളത്തിലേതെന്ന തരത്തിൽ പ്രചരിക്കുന്നത്. 


(ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ഫാക്ട് ക്രെസെൻഡോ  പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്.)

Content Highlights: A group of people insulted the national flag and hoisted the Pakistani flag is not from Kerala