മുസ്ലിം അധ്യാപികമാർക്ക് പ്രത്യേക പ്രസവാനുകൂല്യം നൽകുന്നുവെന്നത് വ്യാജപ്രചരണം | Fact Check

#സച്ചിൻ കുമാർ കെ / ഫാക്ട് ചെക്ക് ഡെസ്‌ക്
.
.

വികസനപ്രവർത്തനങ്ങൾ പോലെ തന്നെ തിരഞ്ഞെടുപ്പിൽ ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സുപ്രധാന വിഷയമാണ് ക്ഷേമാനുകൂല്യങ്ങൾ. ഓരോ പ്രധാന രാഷ്ട്രീയ പാർട്ടിയും അവരവരുടെ പാർട്ടികൾ അധികാരത്തിലിരുന്നപ്പോൾ നടപ്പിലാക്കിയ ക്ഷേമപ്രവർത്തനങ്ങളുടെ നീണ്ട നിരയാണ് വോട്ടർമാർക്ക് മുൻപിൽ അവതരിപ്പിക്കാറ്. മാത്രമല്ല, ഇനി അധികാരത്തിലേറിയാൽ നടപ്പിലാക്കാൻ സാധ്യതയുള്ളവയുടെ മറ്റൊരു ലിസ്റ്റും മുന്നിലെത്തും. സാധാരണക്കാരന്റെ ജീവിതത്തിൽ വളരെയധികം മാറ്റങ്ങൾ സൃഷ്ട്ടിക്കാൻ സാധിക്കുന്നവയാണ് ഈ ക്ഷേമ പ്രവർത്തനങ്ങൾ. അതിനാൽ തന്നെ ജനവിധിക്ക് മേലുള്ള ഇവയുടെ സ്വാധീനവും വളരെ വലുതാണ്.

ചിലപ്പോഴൊക്കെ ചില ക്ഷേമ പ്രവർത്തനങ്ങൾ പലവിധ വിവാദങ്ങൾക്ക് കാരണമാകാറുമുണ്ട്. ഈ തിരഞ്ഞെടുപ്പ് കാലത്ത് ഒരു പ്രസവാനുകൂല്യമാണ് സമൂഹ മാധ്യമങ്ങളിൽ വിവാദമായി മാറിയിരിക്കുന്നത്. കേരളത്തിലെ ഇസ്ലാം മത വിശ്വാസികളായ അധ്യാപികമാർക്ക് മാത്രമായി സംസ്ഥാന സർക്കാർ പ്രസവാനുകൂല്യം നൽകുന്നതായാണ് പ്രചാരണം നടക്കുന്നത്. യഥാർഥത്തിൽ ഇങ്ങനെയൊരു ആനുകൂല്യം സർക്കാർ നൽകുന്നില്ല. കൂടുതൽ വിവരങ്ങൾ ചുവടെ വായിക്കാം.

അന്വേഷണം

ആകെ രണ്ടു പ്രസവത്തിന് 15000 രൂപ വീതം സഹായദാനമായി ഇസ്ലാം മതവിശ്വാസികളായ അധ്യാപികമാർക്ക് നൽകുമെന്നാണ് പ്രചരിക്കുന്ന സന്ദേശങ്ങളിൽ പറയുന്നത്.ഇങ്ങനെയൊരു ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ടോ എന്നാണ് ആദ്യം പരിശോധിച്ചത്. എന്നാൽ, അന്വേഷണത്തിൽ അങ്ങനെയൊന്നും കണ്ടെത്താനായില്ല.

തുടർന്ന്, വിദ്യാഭ്യാസ വകുപ്പിലും സംസ്ഥാന വനിതാ ശിശു ക്ഷേമ വകുപ്പിലും ബന്ധപ്പെട്ടു. ഇപ്പോൾ നടക്കുന്ന പ്രചാരണം തീർത്തും വ്യാജമാണെന്നും ഇത്തരത്തിലൊരു ഉത്തരവ് ഇറങ്ങിയിട്ടില്ല എന്നും ഇരു വകുപ്പുകളുടെയും ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ, ഗർഭിണികളായ സ്ത്രീകൾക്ക് പ്രധാനമന്ത്രി മാതൃ വന്ദന യോജന വഴി ആനുകൂല്യങ്ങൾ ലഭ്യമാണ് എന്ന് വനിതാ ശിശു ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥ പറഞ്ഞു. 

19 വയസ്സ് തികഞ്ഞ ഗർഭിണികൾക്ക് ധനസഹായം നൽകുന്ന പദ്ധതിയാണ് പ്രധാനമന്ത്രി മാതൃ വന്ദന യോജന. ഇത് എല്ലാ മതസ്ഥർക്കും ലഭ്യമാണ്. ആദ്യ രണ്ടു പ്രസവങ്ങൾക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. 5000 രൂപയാണ് ഓരോ പ്രസവത്തിനും സർക്കാരിൽ നിന്നും ഈ പദ്ധതിയുടെ ഭാഗമായി ലഭിക്കുക. രണ്ടാമത്തെ കുട്ടി പെൺകുട്ടി ആണെങ്കിൽ 6000 രൂപ ലഭിക്കും. എന്നാൽ, ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ നിന്നും സമാന പ്രസവാനുകൂല്യങ്ങൾ ലഭിക്കുന്നവർക്കും സംസ്ഥാന- കേന്ദ്ര സർക്കാരുകളിൽ സ്ഥിരം ജീവനക്കാരായ സ്ത്രീകൾക്കും ഈ ആനുകൂല്യം ലഭ്യമാകില്ല എന്നാണ് കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ നൽകിയിട്ടുള്ളത്. മുൻപ്, ഇന്ദിര ഗാന്ധി മാതൃത്വ സഹയോഗ് യോജന എന്നറിയപ്പെട്ടിരുന്ന ഈ പദ്ധതിയുടെ ഫണ്ട് വിഹിതം 60:40 എന്ന അനുപാതത്തിൽ കേന്ദ്രവും സംസ്ഥാന സർക്കാരുകൾ ചേർന്നാണ് വഹിക്കുന്നത്.

References: 
https://pib.gov.in/newsite/PrintRelease.aspx?relid=101782
https://wcd.delhi.gov.in/wcd/pradhan-mantri-matru-vandana-yojana-pmmvy 

വാസ്തവം 

മുസ്ലിം അധ്യാപികമാർക്ക് 15000 രൂപ പ്രസവാനുകൂല്യമായി സംസ്ഥാന സർക്കാർ നൽകുന്നു എന്ന പ്രചാരണം വ്യാജമാണ്. ഇങ്ങനെയൊരു പദ്ധതി നിലവിലില്ല.

Content Highlights: The campaign is going on that the government giving maternity benefit only to the Muslim teachers