ഷാഫി പറമ്പിൽ മികച്ച യുവ എം.എൽ.എ. എന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നത് | Fact Check

#സച്ചിൻ കുമാർ കെ. / ഫാക്ട് ചെക്ക് ഡെസ്‌ക്
.
.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ചൂടേറിയ മത്സരം നടന്ന മണ്ഡലമായിരുന്നു വടകര. തിരഞ്ഞെടുപ്പുവേളയിൽ പല വിവാദങ്ങളും വടകരയിൽ ആളിക്കത്തി. എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ. ശൈലജയും യു.ഡി.എഫ്. സ്ഥാനാർഥി ഷാഫി പറമ്പിലും തമ്മിൽ നടന്ന ശക്തമായ പോരാട്ടത്തിൽ ആര് വെന്നിക്കൊടി പാറിക്കുമെന്ന ആകാംക്ഷയിലാണ് കേരള രാഷ്ട്രീയം. 

ഇതിനിടെ ഷാഫി പറമ്പിൽ ഇന്ത്യയിലെ ഏറ്റവും മികച്ച യുവ സാമാജികനുള്ള പുരസ്‌കാരം ഏറ്റുവാങ്ങുന്നതിന്റേതെന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. 'രാജ്യത്തെ എറ്റവും മികച്ച യുവ MLA ക്കുള്ള അവാർഡ് ഡൽഹിയിൽ വെച്ച് സ്വീകരിച്ചത് ആരെന്നു നോക്കിയേ!..' എന്ന വിവരണമാണ് ഈ വീഡിയോക്ക് നൽകിയിരിക്കുന്നത്. നിരവധി ആളുകൾ സന്നിഹിതരായിരുന്ന സദസ്സിൽനിന്നു വേദിയിലെത്തി ഷാഫി പ്രശസ്തിപത്രം വാങ്ങുന്നതും തുടർന്ന് പ്രസംഗിക്കുന്നതുമാണ് പ്രചരിക്കുന്ന ദൃശ്യങ്ങളിൽ. ഇങ്ങനെയൊരു പുരസ്‌കാരം ഷഫീക്ക് ലഭിച്ചോ എന്ന് നിരവധി പേർ മാതൃഭൂമി ഫാക്ട് ചെക്കിന്റെ 8594006262 എന്ന വാട്‌സാപ് നമ്പറിൽ സന്ദേശം അയച്ച് അന്വേഷിച്ചിരുന്നു. 

മാതൃഭൂമി നടത്തിയ പരിശോധനയിൽ, ഭാരതീയ ഛാത്ര സൻസദിന്റെ മികച്ച യുവ എം.എൽ.എയ്ക്കുള്ള ഒരു പുരസ്‌കാരം പാലക്കാട് എം.എൽ.എ. ഷാഫി പറമ്പിലിന് ലഭിച്ചിരുന്നുഎന്ന് കണ്ടെത്തി. ഇപ്പോഴല്ല, മറിച്ച് 2015- ലായിരുന്നു ഇത്. പുണെയിലെ എം.ഐ.ടി. വേൾഡ് പീസ് യൂണിവേഴ്‌സിറ്റി എന്ന സ്വകാര്യ സർവകലാശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഒരു വാർഷിക വിദ്യാർഥി പാർലമെന്റാണ് ഭാരതീയ ഛാത്ര സൻസദ്. 

പലരും തെറ്റിദ്ധരിക്കുന്നതുപോലെ ഷാഫിയെ മാത്രമല്ല ആ വർഷം 'ഏറ്റവും മികച്ച യുവ എം.എൽ.എ' ആയി തിരഞ്ഞെടുത്തത്. ഷാഫി പറമ്പിൽ ഉൾപ്പടെ രാജ്യത്തെ മറ്റ് 15 യുവ എം.എൽ.എ. മാർക്കും ആ വർഷം  ഈ പുരസ്‌കാരം ലഭിച്ചിരുന്നു. 

2015-ലെ ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഇക്കാര്യം പറയുന്നുണ്ട്. മാത്രമല്ല, 2019-ൽ ഇതേ വീഡിയോ സമാന രീതിയിൽ പ്രചരിച്ചപ്പോഴും അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

ഷാഫി പറമ്പിലിന്റെ 2015 ലെ ഫേസ്ബുക്ക് പോസ്റ്റ് 

Content Highlights: In the footage , Shafie reaches the stage and receives the certificate and then gives a speech