ഈ ദൃശ്യങ്ങൾ 'സേവ് ആരവല്ലി' പ്രതിഷേധത്തിൽ നിന്നുള്ളതോ? | Fact Check

#ഫാക്ട് ചെക്ക് ഡെസ്‌ക്ക്

ഉത്തരേന്ത്യയുടെ 'ഹരിത ശ്വാസകോശം' എന്നറിയപ്പെടുന്ന ആരവല്ലി മലനിരകളുടെ സംരക്ഷണം ആവശ്യപ്പെട്ട് രാജസ്ഥാൻ, ഡൽഹി, ഹരിയാന എന്നിവിടങ്ങളിൽ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട് . രാജസ്ഥാനിലെ 'സേവ് ആരവല്ലി' സമരത്തിന്റേതെന്ന അവകാശവാദത്തോടെ ഒട്ടേറെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അത്തരത്തിലൊന്നാണ് ഈ വീഡിയോ. നൂറുകണക്കിന് പേരാൽ നിറഞ്ഞൊരു കുന്നിൻ പ്രദേശമാണ് ദൃശ്യങ്ങളിൽ.

എന്നാൽ, പ്രചരിക്കുന്ന ഈ വീഡിയോ രാജസ്ഥാനിൽ നടക്കുന്ന 'സേവ് ആരവല്ലി'' പ്രതിഷേധവുമായി ബന്ധപ്പെട്ടതല്ല എന്ന് മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്‌ക്ക് നടത്തിയ പരിശോധനയിൽ കണ്ടെത്തി.

പ്രചരിക്കുന്ന വീഡിയോയിൽ നിന്നുള്ള സ്‌ക്രീൻഷോട്ട്

https://www.instagram.com/reel/DSWbX4Dgdvc/?utm_source=ig_web_copy_link

അന്വേഷണം

വൈറൽ വീഡിയോയുടെ കീഫ്രെയിമുകൾ ഉപയോഗിച്ച് റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ ഇതേ ദൃശ്യങ്ങളടങ്ങിയ ഒരു വീഡിയോ കണ്ടെത്തി. ''രാജസ്ഥാനിലെ വലിയ ഗുസ്തി മേള: കരീരി, മഹുവ'' എന്ന വിവരണത്തോടെ 2025 ഓഗസ്റ്റ് 30-നാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആരവല്ലി പ്രക്ഷോഭം തുടങ്ങിയതാവട്ടെ നവംബർ മാസം അവസാനത്തോടെയും. അതായത്, ആരവല്ലിയുമായി ബന്ധപ്പെട്ട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയുടെ ശുപാർശ മുൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, കെ. വിനോദ്ചന്ദ്രൻ, എൻ.വി. അൻജാരിയ എന്നിവരടങ്ങിയ ബെഞ്ച് ഇക്കഴിഞ്ഞ നവംബർ 20-നായിരുന്നു അംഗീകരിച്ചത്. ഇതിനു പിന്നാലെയായിരുന്നു പ്രക്ഷോഭങ്ങൾ ആരംഭിച്ചത്. പ്രചരിക്കുന്ന വീഡിയോ അതിനും ഏതാനും മാസങ്ങൾക്ക് മുൻപുള്ളതാണെന്ന് വ്യക്തമായി. ഇതിൽ നിന്നും പ്രചരിക്കുന്ന ദൃശ്യങ്ങൾ സേവ് ആരവല്ലിയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധത്തിന്റെതല്ല എന്ന സൂചന ലഭിച്ചു.

Instagram 

തുടർന്ന് രാജസ്ഥാനിലെ കരീരി ഖാൻപൂരിൽ നടന്ന ഗുസ്തി മത്സരവുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിച്ചു. അന്വേഷണത്തിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണുന്ന സമാന പശ്ചാത്തലമുള്ള മറ്റൊരു വീഡിയോ ലഭിച്ചു. 2025 ഓഗസ്റ്റ് 31-ന് രാജസ്ഥാനിലെ പ്രാദേശിക മാധ്യമമായ 'ജഗത് തക് ന്യൂസിന്റെ' യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത വീഡിയോയാണിത്. ''കരീരി ഖാസിപ്പൂർ ഗുസ്തി മത്സരം | അവസാന നിമിഷം വരെ ഇരുവരും നന്നായി പൊരുതി'' എന്ന തലക്കെട്ടോടെയാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. ലഭ്യമായ തെളിവുകളിൽനിന്നു പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിക്കാം.

 

വാസ്തവം

ഈ പ്രചാരണം തെറ്റദ്ധരിപ്പിക്കുന്നതാണ്. 2025 ഓഗസ്റ്റിൽ രാജസ്ഥാനിൽ നടന്ന ഗുസ്തി മത്സരത്തിൽ നിന്നുള്ള വീഡിയോയാണ് തെറ്റായ വാദത്തോടെ പ്രചരിക്കുന്നത്.

Content Highlights: Investigating a viral video claimed to be from the `Save Aravalli` protest. Fact-check reveals the footage is from a wrestling event in Rajasthan.