ട്രേഡിങ് പ്ലാറ്റ്‌ഫോമിനെ പിന്തുണച്ച് നിർമ്മല സീതാരാമൻ, പ്രചാരണം വ്യാജം | Fact Check

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ട്രേഡിങ് പ്ലാറ്റ്‌ഫോമിനെ പിന്തുണച്ച് സംസാരിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അധ്വാനമില്ലാതെ ജനങ്ങൾക്ക് എളുപ്പത്തിൽ ട്രേഡിങ് പ്ലാറ്റ്‌ഫോം വഴി സാമ്പത്തികനേട്ടം കൈവരിക്കാമെന്ന് കേന്ദ്ര മന്ത്രി പറയുന്നതാണ് ദൃശ്യങ്ങളിൽ.
പ്രചരിക്കുന്ന വീഡിയോയിൽ പറയുന്നത്:
'AI സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഈ ട്രേഡിങ് പ്ലാറ്റ്‌ഫോമിൽ പ്രതിദിനം 60,000 രൂപ സമ്പാദിക്കാനാകും. ഈ ട്രേഡിങ് പ്ലാറ്റ്‌ഫോമിന് ഔദ്യോഗികമായി ലൈസൻസും നാഷണൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ഇൻഷുറൻസും ഉണ്ട്. ആഗോളതലത്തിൽ ഈ പ്ലാറ്റ്‌ഫോമിനെ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. അദ്ധ്യാപകർ, വിരമിച്ചവർ, വീട്ടമ്മമാർ, ഡ്രൈവർമാർ എന്നിങ്ങനെ എല്ലാ വിഭാഗത്തിൽപെടുന്ന ആൾക്കാർക്കും ഇതിൽ ചേരാൻ കഴിയും. രജിസ്റ്റർ ചെയ്തതിനുശേഷം പ്രൊജക്റ്റ് മാനേജരുടെ നിർദേശമനുസരിച്ച് 20,000 രൂപ നിക്ഷേപിച്ച് തുടങ്ങാം. എന്നിട്ട് നിങ്ങളുടെ സാമ്പത്തിക ഭാവി ഉറപ്പാക്കൂ!'
https://www.facebook.com/100083327201088/posts/28633870629591259
ഇന്ത്യയിലെ എല്ലാവർക്കും 28 ദിവസത്തിനുള്ളിൽ 16,00,000 രൂപ സമ്പാദിക്കാനാകുമെന്നും ഫെബ്രുവരിയിൽ 21,000 രൂപ മാത്രം നിക്ഷേപിച്ചാൽ മതിയെന്നുമാണ് പോസ്റ്റിലെ വാദം.
ആദ്യ ദിവസം 21,000 രൂപ നിക്ഷേപിക്കുകയും ആദ്യ മാസം 15 ലക്ഷം രൂപ സമ്പാദിക്കുകയും ചെയ്തുകൊണ്ട് താൻ ഈ പ്ലാറ്റ്ഫോം വ്യക്തിപരമായി പരീക്ഷിച്ചുവെന്ന ധനമന്ത്രിയുടെ ഉറപ്പും വീഡിയോയിൽ ഉണ്ട്. എന്നാൽ ഈ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഫാക്ടചെക്ക് ഡെസ്‌ക് കണ്ടെത്തി.
അന്വേഷണം
വീഡിയോയിൽ നിന്നുള്ള കീ -ഫ്രെയിമുകൾ ഉപയോഗിച്ച് റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ ദേശീയ മാധ്യമമായ ദി പ്രിന്റ് 2024 ഡിസംബർ 22-ന് അപ്ലോഡ് ചെയ്ത ഒരു മണിക്കൂർ ദൈർഘ്യമുള്ള വീഡിയോ ലഭിച്ചു.
'ധനമന്ത്രി നിർമ്മല സീതാരാമൻ ജയ്സാൽമറിൽ നടക്കുന്ന ജി.എസ്.ടി കൗൺസിലിന്റെ 55-ാമത് യോഗത്തെ അഭിസംബോധന ചെയ്യുന്നു' എന്നാണ് വീഡിയോക്ക് നൽകിയിരിക്കുന്ന തലക്കെട്ട്. രജിസ്‌ട്രേഷനും വെരിഫിക്കേഷനുമായി ബന്ധപ്പെട്ട് ചെറുകിട ബിസിനസുകൾ നേരിടുന്ന പ്രശ്‌നങ്ങൾ നിർമ്മല സീതാരാമൻ ഈ മീറ്റിങ്ങിൽ അഭിസംബോധന ചെയ്തതായും അതുപോലെ രജിസ്‌ട്രേഷൻ പ്രക്രിയകൾ കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ട് ജി.എസ്.ടി കൗൺസിൽ ഒരു കൺസെപ്റ്റ് നോട്ട് തയ്യാറാക്കിയതായ്യും 'ദി പ്രിന്റ്' അപ്ലോഡ് ചെയ്ത വീഡിയോയുടെ താഴേയുള്ള വിവരണത്തിൽ പറയുന്നുണ്ട് .
ഈ വീഡിയോ പൂർണമായി പരിശോധിച്ചെങ്കിലും സാമ്പത്തിക നേട്ടങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു ട്രേഡിങ് പ്ലാറ്റ്ഫോമിനെക്കുറിച്ച് കേന്ദ്രമന്ത്രി ഇതിൽ പരാമർശിച്ചിട്ടില്ലെന്ന് വ്യക്തമായി. യഥാർത്ഥ വീഡിയോയിൽ 33 മിനിറ്റിന് ശേഷം വരുന്ന ഭാഗങ്ങളാണ് പ്രചരിക്കുന്ന വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്നത്. ഇരു വീഡിയോകളിലുമുള്ള അംഗചലനങ്ങൾ സമാനമാണ്. എന്നാൽ,യഥാർത്ഥ വീഡിയോയിൽ ട്രേഡ് പ്ലാറ്റ്‌ഫോമിനെ പറ്റിയല്ല നിർമ്മല സീതാരാമൻ സംസാരിക്കുന്നത്. മറിച്ച് റേറ്റ് റാഷണലൈസേഷനെ(rate rationalisation) കുറിച്ചാണ്.
2024 ഡിസംബർ 21-ന് ജയ്സാൽമർ നടന്ന ജി.എസ്.ടി കൗൺസിലിന്റെ 55-ാമത് യോഗത്തിൽ വന്ന ശുപാർശകളെ പറ്റി ധനകാര്യ മന്ത്രലയം പുറത്തിറക്കിയ വാർത്തകുറിപ്പിൽ പറയുന്നുണ്ട്. അതിൽ ഒന്ന് ഫോർട്ടിഫൈഡ് നെല്ലിന്റെ നികുതി നിരക്ക് കുറയ്ക്കാനും ജീൻ തെറാപ്പിയെ ജി.എസ്.ടി യിൽനിന്ന് ഒഴിവാക്കാനുമുള്ള തീരുമാനമാണ്. ഈ വാർത്ത കുറിപ്പിൽ ട്രേഡിങ് പ്ലാറ്റ്‌ഫോമിനെയോ അതുവഴി ലാഭമുണ്ടാകുന്നതിനെ പറ്റിയോ പറയുന്നില്ല.
Press Release:Press Information Bureau
വൈറൽ വീഡിയോ പരിശോധിച്ചപ്പോൾ ചില പൊരുത്തക്കേടുകൾ ഉള്ളതായി വ്യക്തമായി. നിർമ്മല സീതാരാമന്റെ ചുണ്ടുകളുടെ ചലനങ്ങൾ ഓഡിയോയുമായി പൊരുത്തപ്പെടുന്നില്ല. യഥാർത്ഥ വീഡിയോയിലുള്ള സംസാരശൈലിയുമായി യാതൊരു ബന്ധവും പ്രചരിക്കുന്ന വീഡിയോക്ക് ഇല്ല. അതുകൊണ്ട് തന്നെ പ്രചരിക്കുന്ന വീഡിയോയിൽ ഉള്ള ഓഡിയോ കൃതിമമായി കൂട്ടിച്ചേർത്തതാണ് എന്ന നിഗമനത്തിലെത്തി.
വാസ്തവം
കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ട്രേഡിങ് പ്ലാറ്റ്‌ഫോമിനെ പിന്തുണച്ചു എന്ന തരത്തിലുള്ള ഈ പ്രചാരണം വ്യാജമാണ്. കേന്ദ്രമന്ത്രി സംസാരിക്കുന്ന ദൃശ്യങ്ങളിൽ ഓഡിയോ കൃത്രിമമായി ചേർത്താണ് പ്രചരിപ്പിക്കുന്നത്.
(വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ന്യൂസ് മീറ്റർ പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്)
Content Highlights: Union Minister says that people can easily achieve financial gains through the trading platform