ഇനി മുതൽ ഹെൽമറ്റുകളിലും എയർബാഗ് ! പ്രചരിക്കുന്ന വീഡിയോയുടെ വാസ്തവമറിയാം | Fact Check

#ഷിബിന വാസുദേവൻ

കാറുകളിലേതുപോലെ ഇരുചക്രവാഹനങ്ങളിലും സുരക്ഷാ സംവിധാനമായ എയർബാഗ് വരുന്നു എന്ന അവകാശവാദത്തോടെ ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബൈക്ക് അപകടത്തിൽപ്പെടുന്ന വേളയിൽ ഹെൽമെറ്റിൽനിന്ന് വെളുത്ത നിറത്തിലുള്ള എയർബാഗ് പുറത്തുവരികയും യാത്രക്കാരന്റെ ശരീരം മുഴുവൻ ഒരു ബലൂൺ പോലെ പൊതിഞ്ഞ് സംരക്ഷിക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിൽ . ചില വാർത്താ മാധ്യമങ്ങളും ഈ വീഡിയോ ഇതേ അവകാശത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ, ഈ പ്രചാരണം വ്യാജമാണെന്ന് മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്ക്ക് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

പ്രചരിക്കുന്ന വീഡിയോയുടെ സ്ക്രീൻഷോട്ട്

ലിങ്ക്: https://www.youtube.com/shorts/bbMU5OVCpG4

അന്വേഷണം

ചില കമ്പനികൾ ഹെൽമെറ്റുകൾക്കായി എയർബാഗ് സാങ്കേതികവിദ്യകളിൽ പരീക്ഷണം നടത്തുന്നുണ്ട് എന്നത് ശരിയാണ്. എന്നാൽ, അവ തലയ്ക്കും കഴുത്തിനും സംരക്ഷണം നൽകുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്; ഈ വൈറൽ വീഡിയോയിൽ കാണിക്കുന്നത് പോലെ വലിയ ഘടനയായി അവ വികസിക്കാറില്ല.

വീഡിയോ സൂക്ഷമമായി നിരീക്ഷിച്ചാൽ ഇതിൽ ചില അപാകതകൾ കാണാൻ സാധിക്കും. അപകടരംഗം മൊബൈൽ ഫോണിൽ പകർത്തിക്കൊണ്ടിരിക്കുന്ന രണ്ട് വ്യക്തികളുടെ ഫോൺ സ്ക്രീനുകളിൽ കാണുന്ന ദൃശ്യങ്ങളും റോഡിലെ ക്രാഷ് രംഗവും തമ്മിൽ വ്യക്തമായ വ്യത്യാസങ്ങളുണ്ട്. ബൈക്ക് റൈഡർ താഴേക്ക് വീഴുമ്പോൾ അദ്ദേഹത്തിന്റെ കാൽമുട്ടിലെ പാഡിൽ (knee pad) ഒരു ചുവന്ന ഭാഗം കാണാം. എന്നാൽ, അപകടശേഷം എയർബാഗിന്റെ കാറ്റ് പോയി കഴിയുമ്പോൾ ഈ ഭാഗത്തിന്റെ നിറം മഞ്ഞയായി മാറുന്നു. എയർബാഗ് റൈഡറുടെ ശരീരത്തിന് ചുറ്റും വീർത്തു വരുമ്പോൾ അദ്ദേഹത്തിൻ്റെ ഒരു കൈ പുറത്തായാണ് കാണപ്പെടുന്നത്. എന്നാൽ, റൈഡർ തിരിയുന്ന അടുത്ത നിമിഷത്തിൽ പുറത്തുണ്ടായിരുന്ന ഈ കൈ അപ്രത്യക്ഷമാകുന്നു. ഈ കണ്ടെത്തലുകൾ വീഡിയോ എഐ നിർമ്മിതമാകാമെന്ന സൂചനയാണ് നൽകുന്നത്.

തുടർന്ന് എഐ ഡിറ്റക്ഷൻ ടൂളുപയോഗിച്ച് വീഡിയോ പരിശോധിച്ചു. പരിശോധനയിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ 74ശതമാനവും എഐ നിർമ്മിതമാണെന്ന ഫലമാണ് ലഭിച്ചത്.

വാസ്തവം

ഇത് വ്യാജപ്രചാരണമാണ്. പ്രചരിക്കുന്ന വീഡിയോ എഐ നിർമ്മിതം.

Content Highlights: A viral video claims helmets now feature full-body airbag protection for two-wheeler riders., Mathrubhumi Fact Check verified the video and found visual inconsistencies like changing colors and disappearing hands., AI detection tools confirmed that the viral video is entirely AI-generated., While helmet airbag technologies are being researched for head and neck safety, full-body balloon airbags shown in the video do not exist.