‘പ്രധാനമന്ത്രി നരേന്ദ്ര മോദി 8,000 രൂപ ദീപാവലി ബോണസ് നൽകുന്നു’ എന്ന പ്രചാരണം വ്യാജം | Fact Check

ദീപാവലിയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ ഇന്ത്യൻ പൗരന്മാർക്കും 8,000 രൂപ നൽകുന്നു എന്ന അവകാശവാദത്തോടെ ഒരു സന്ദേശം ഇപ്പോൾ വാട്സാപ്പിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു ലിങ്ക് ഉൾപ്പടെയാണ് പ്രചരിക്കുന്നത്. പണം ലഭിക്കുന്നതിനായി ഇതിൽ ക്ലിക്ക് ചെയ്യണമെന്നാണ് സന്ദേശത്തിലെ നിർദേശം. ഇതിന്റെ വസ്തുത അന്വേഷിച്ച് ഒട്ടേറെ പേർ മാതൃഭൂമി ഫാക്ട് ചെക്കിന്റെ്റെ ടിപ് ലൈനുമായി ബന്ധപ്പെട്ടു.
അന്വേഷണം
പ്രചരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ എത്തിച്ചേരുന്ന പേജിൽ ‘ഈ വർഷം ദീപാവലിക്ക് എല്ലാ ഇന്ത്യൻ പൗരന്മാർക്കും ₹8,000 ക്യാഷ് ആനുകൂല്യം ലഭിക്കും. ഈ വർഷം ദീപാവലി ആഘോഷിക്കുന്നതിനായി, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ പൗരന്മാർക്കായി ₹8,000 ക്യാഷ് ആനുകൂല്യം പ്രഖ്യാപിച്ചതായി അറിയിച്ചിട്ടുണ്ട്. നിങ്ങളുടെ ആനുകൂല്യം ലഭിക്കാൻ “ഇപ്പോൾ നേടൂ” എന്നതിൽ ക്ലിക്ക് ചെയ്യുക' എന്ന നിർദേശം കാണാം. നിരവധി പേർക്ക് പണം ലഭിച്ചു എന്ന് വിശ്വസിപ്പിക്കുന്ന തരത്തിലുള്ള ഏതാനും കമൻ്റുകളും പേജിന് താഴ്വശത്തായി നൽകിയിട്ടുണ്ട്.
₹8,000 രൂപ സമ്മാനമായി ലഭിക്കുമെന്ന് കരുതി ലിങ്കിൽ ക്ലിക്ക് ചെയ്യാൻ വരട്ടെ. ഈ പ്രചാരണം തട്ടിപ്പാണ്. കീവേർഡ് സർച്ച് ചെയ്തതിൽ നിന്നും ഈ സന്ദേശം ആഴ്ച്ചകൾക്ക് മുൻപേ തന്നെ സമൂഹമാധ്യമങ്ങളഇൽ പ്രചരിച്ചതായി കണ്ടെത്തി. ദീപാവലി ആഘോഷങ്ങളെ മറയാക്കി നടക്കുന്ന ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് തെലങ്കാന സൈബർ സെക്യൂരിറ്റി ബ്യൂറോ ഒക്ടോബർ 29-ന് ഫേസ്ബുക്കിലൂടെ മുന്നറിയിപ്പ് നൽകിയതായി കണ്ടെത്തി.
ആഘോഷങ്ങളുമായി ബന്ധപ്പെടുത്തി മാത്രമല്ല, വിവിധ രാഷ്ട്രീയ പാർട്ടികൾ, നേതാക്കൾ എന്തിനേറെ പ്രധാനമന്ത്രിയുടെ പേരിൽ പോലും സമാന സന്ദേശങ്ങൾ നേരത്തെ പ്രചരിച്ചിരുന്നു. സന്ദേശങ്ങൾക്കൊപ്പം നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാനാണ് ഇവയിലെല്ലാം നിർദേശിക്കുക. ചിലതിലാകട്ടെ വ്യക്തിവിവരങ്ങൾ കൈമാറാനും ആവശ്യപ്പെടും. ഇത്തരം ലിങ്കുകൾ വ്യാജ ഫിഷിങ് ലിങ്കുകൾ ആകാം. ഇതിലൂടെ ബാങ്കിംഗ്, വ്യക്തിവിവരങ്ങൾ തട്ടിയെടുക്കാനായിരിക്കും സൈബർ കുറ്റവാളികൾ ലക്ഷ്യമിടുന്നത്. വ്യാജ ലിങ്കുകളിൽ പ്രവേശിക്കുന്നത് വഴി മാൽവേറുകൾ ഡിവൈസിൽ കടന്നുകൂടാനും സാധ്യതയുണ്ട്. ഇത്തരം സന്ദേശങ്ങൾക്കൊപ്പമുള്ള ലിങ്കുകളിൽ കയറി വിവരങ്ങൾ കൈമാറുകയോ ഇവ മറ്റുള്ളവർക്ക് പങ്കുവയ്ക്കുകയോ ചെയ്യരുത്.
വാസ്തവം
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ ഇന്ത്യൻ പൗരന്മാർക്കും 8,000 രൂപ സമ്മാനമായി നൽകുന്നു എന്ന പ്രചാരണം വ്യാജമാണ്.
Content Highlights: A viral WhatsApp message claims PM Modi is giving Rs 8,000 Diwali bonus to all citizens., The claim and the attached link are completely fake and part of a phishing scam., Clicking such links can compromise personal and banking information or install malware., Telangana Cyber Security Bureau has previously warned against festive online scams.