കേരളത്തിൽ മക്കളെ പീഡിപ്പിച്ച പിതാവിനെ മൂത്തമകൾ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങളോ ഇത്? | Fact Check

മൂന്ന് മക്കളെ നിരന്തരമായി പീഡിപ്പിക്കാറുണ്ടായിരുന്നൊരു പിതാവ് നാലാമത്തെ മകളെയും ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ, മൂത്ത മകൾ അയാളുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയെന്ന വാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങൾ പ്രചരിക്കുന്നുണ്ട്. രക്തം വാർന്നൊലിച്ച് വീടിന് പുറത്തേക്ക് വരുന്ന ഒരു യുവാവാണ് ദൃശ്യങ്ങളിൽ. കേരളത്തിലാണ് ഈ സംഭവം നടന്നത് എന്നാണ് വീഡിയോക്കൊപ്പമുള്ള വിവരണത്തിൽ പറയുന്നത്. എന്നാൽ, ഇതിന്‍റെ സത്യവസ്ഥ മറ്റൊന്നാണ് എന്നതാണ് വാസ്തവം.
അന്വേഷണം
ഇത്തരത്തിലൊരു സംഭവം കേരളത്തിൽ സംഭവച്ചിരുന്നെങ്കിൽ അത് തീർച്ചയായും വാർത്തയായേനെ. അത്തരത്തിലുള്ള റിപ്പോർട്ടുകളൊന്നും തന്നെ ഇല്ല. തുടർന്ന് പ്രചരിക്കുന്ന വീഡിയോയിൽനിന്നു കീഫ്രെയുമുകളെടുത്ത് റിവേഴ്സ് ഇമേജ് സർച്ച് ചെയ്തന്വേഷിച്ചു. ഇതേ വീഡിയോ ജൂൺ 30-ന് ‘Md Jamal Hossen’ എന്ന യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തതായി കണ്ടെത്തി. ‘ഫരീദ്‌പൂരിൽ ഒരു ഭാര്യ തന്റെ ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി; പിന്നീട് അദ്ദേഹം 999-ൽ വിളിച്ച് അവളെ പോലീസ് കസ്റ്റഡിയിൽ ഏൽപ്പിച്ചു’. എന്നാണ് വീഡിയോയ്‌ക്കൊപ്പം നൽകിയ വിവരണം. ബംഗ്ലാദേശിലെ ഒരു നഗരമാണ് ഫരീദ്പൂർ. പ്രചരിക്കുന്ന വീഡിയോ കേരളത്തിൽനിന്നല്ല എന്നതിൻ്റെ സൂചനയാണിത്. മാത്രമല്ല, വൈറൽ വീഡിയോയിൽ കേൾക്കുന്ന സംഭാഷണങ്ങൾ മലയാളത്തിലുമല്ല.
യൂട്യൂബ് ചാനലിൽനിന്ന് ലഭിച്ച സൂചനകൾ അടിസ്ഥാനമാക്കി നടത്തിയ കീവേർഡ് സർച്ചിൽ, ബംഗ്ലാദേശ് മാധ്യമങ്ങൾ ഈ സംഭവം റിപ്പോർട്ട് ചെയ്താതായി കണ്ടെത്തി. റിപ്പോർട്ട് അനുസരിച്ച്, 2026 ജൂൺ 29-ന് ബംഗ്ലാദേശിലെ ഫരിദാപൂർ ജില്ലയിലുള്ള ഭംഗ ഉപജില്ലയിലെ ഹൊഗ്ലാഡംഗി സദർദി ഗ്രാമത്തിലാണ് ഈ സംഭവം നടന്നത്. ഹനീഫ് ഷെയ്ഖ് എന്നയാളുടെ രണ്ടാം ഭാര്യ സുമയ്യ അക്തർ സുമി, ഭർത്താവ് ഉറങ്ങിക്കിടക്കുമ്പോൾ ഒരു ബ്ലേഡ് ഉപയോഗിച്ച് അയാളുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റുകയായിരുന്നു.
‘തന്റെ ഭർത്താവിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നും, തന്നെ നിരന്തരം പീഡിപ്പിക്കാറുണ്ടെന്നും’ പ്രതിയായ സുമയ്യ മൊഴി നൽകിയിട്ടുണ്ട്. ക്രൂരമായ ശാരീരിക ഉപദ്രവങ്ങൾ സഹിക്കവയ്യാതെയാണ് താൻ ഇത് ചെയ്തതെന്ന് അവർ മൊഴി നൽകിയതായാണ് വാർത്തയിൽ പറയുന്നത്.
ഹനീഫിന്‍റെ നിലവിളി കേട്ടെത്തിയ നാട്ടുകാർ സുമയ്യയെ തടഞ്ഞുവെക്കുകയും പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. സംഭവസ്ഥലത്തെത്തിയ ഭംഗ പോലീസ് സുമയ്യയെ കസ്റ്റഡിയിലെടുക്കുകയും പരിക്കേറ്റ ഹനീഫ് ഷെയ്ഖിനെ ഫരിദാപൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. 'ദൈനിക് ഇത്തിഫാഖ് ', 'നോട്ടുൻ ഷോമോയ്'തുടങ്ങിയ ബംഗ്ലാദേശിലെ പ്രമുഖ മാധ്യമങ്ങളും ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വാസ്തവം
ഇത് വ്യാജപ്രചാരണമാണ്. ബംഗ്ലാദേശിൽ കുടുംബവഴക്കിനെത്തുടർന്ന് ഭാര്യ ഭർത്താവിനെ ആക്രമിച്ച ദൃശ്യങ്ങളാണ് കേരളത്തിലേതെന്ന പേരിൽ പ്രചരിക്കുന്നത്.
Content Highlights: The viral video claiming an incident in Kerala is false., The actual incident occurred on June 29, 2026, in Faridpur, Bangladesh., A wife attacked her husband due to domestic disputes, not a daughter attacking a father., The video was originally uploaded on YouTube by Md Jamal Hossen., Reliable Bangladeshi media outlets reported the event, confirming the location and context.