ഇറാൻ പ്രസിഡൻറ് ഹിന്ദു സന്യാസിയുടെ കാലിൽതൊട്ട് വണങ്ങിയെന്ന പ്രചാരണം വ്യാജം | Fact Check

#ഫാക്ട് ചെക്ക് ഡെസ്ക്

ഇറാൻ പ്രസിഡൻറ് മസൂദ് പെസെഷ്കിയാൻ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇന്ത്യയിലെത്തിയപ്പോൾ ഹൈന്ദവ ആത്മീയഗുരുവിന്‍റെ കാലിൽതൊട്ട് അനുഗ്രഹം വാങ്ങിയെന്ന വാദത്തോടെ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. എന്നാൽ, ഈ വാദം തെറ്റിദ്ധരപ്പിക്കുന്നതാണ് എന്നതാണ് യാഥാർത്ഥ്യം.

വീഡിയോയിൽ മഞ്ഞ വസ്ത്രവും രുദ്രാക്ഷമാലയും ധരിച്ച് കാണപ്പെടുന്ന ഹൈന്ദവ സന്യാസി സ്വാമി സതീശാചാര്യ മഹാരാജ് ആണ്. ഉത്തർപ്രദേശിലെ കാൺപൂർ ആസ്ഥാനമായുള്ള പരമേശ്വർ ധാമിലെ പീഠാധിപതിയാണ് ഇദ്ദേഹം. ഇന്ത്യയിലെ ഇറാനിയൻ എംബസി ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ പ്രസിഡൻറ് മസൂദ് പെസെഷ്കിയാനായി ഡൽഹിയിലെ ഇറാൻ എംബസി പ്രത്യേക സ്വീകരണവും ഒപ്പം സാംസ്‌കാരിക സംവാദവും സംഘടിപ്പിച്ചിരുന്നു.

ഈ ചടങ്ങിലേക്ക് ഇന്ത്യയിലെ വിവിധ മതനേതാക്കൾ, പ്രമുഖ വ്യക്തികൾ, ചിന്തകർ എന്നിവരെയും ക്ഷണിച്ചിരുന്നു. സതീശാചാര്യ മഹാരാജ് ഉൾപ്പെടെയുള്ള ഹൈന്ദവ, ജൈനമത സന്യാസിമാരും പരിപാടിയിൽ പങ്കെടുത്തിരുന്നു.

പ്രചരിക്കുന്ന വീഡിയോയിൽ പറയുന്നതുപോലെ ഇറാൻ പ്രസിഡൻറ് സന്യാസിയുടെ കാൽതൊട്ടു വണങ്ങി എന്ന തരത്തിൽ ചില ഇന്ത്യൻ മാധ്യമങ്ങളും വാർത്ത നൽകിയതായി അന്വേഷണത്തിൽ കണ്ടു.

ഹിന്ദുസ്ഥാൻ ടൈംസ് ബംഗ്ല പ്രസിദ്ധീകരിച്ച വാർത്തയുടെ സ്ക്രീൻഷോട്ട്
ന്യൂസ് 18 പ്രസിദ്ധീകരിച്ച വാർത്തയുടെ സ്ക്രീൻഷോട്ട്, ഇറാൻ പ്രസിഡൻറ് ഹൈന്ദവ ആത്മീയഗുരുവിന് മുൻപിൽ ആദരപൂർവം കുമ്പിട്ടു എന്നാണ് ഇതിൽ പറയുന്നത്

ഇവയിൽ പറയുന്നതുപോലെ ഇറാൻ പ്രസിഡൻറ് സതീശാചാര്യ മഹാരാജിന്‍റെ മുൻപിൽ കുമ്പിടുകയോ കാലിൽതൊട്ട് വണങ്ങുകയോ അല്ല ചെയ്തതെന്നു വ്യക്തമാക്കുന്ന ഒരു വീഡിയോ കണ്ടെത്തി . യഥാർത്ഥത്തിൽ‌, പെസെഷ്കിയാന്‍റെ കയ്യിൽ ഉണ്ടായിരുന്നൊരു വസ്തു താഴെ വീണപ്പോൾ അതെടുക്കാനായി അദ്ദേഹം ശ്രമിച്ചതാണ്. ഇത് ശ്രദ്ധയിൽപ്പെട്ട സതീശാചാര്യയും അദ്ദേഹത്തെ സഹായിക്കാനെന്നോണം ആൾക്കൂട്ടത്തിനിടയിൽനിന്ന് താഴേക്ക് കുനിയുന്നുണ്ട്.

വൈറൽ വീഡിയോയിൽ മസൂദ് പെസെഷ്കിയാൻ താഴേക്ക് നോക്കുന്നതും പിന്നീട് കുനിയുന്നതും മാത്രമാണുള്ളത്. അതിന് ശേഷമുള്ള ദൃശ്യങ്ങൾ കാണിക്കുന്നില്ല. യഥാർത്ഥത്തിൽ, പ്രസിഡൻറ് ആദ്യം കുനിയുന്നുണ്ട് തുടർന്ന് സതീശാചാര്യയും താഴേക്ക് നോക്കി പെസെഷ്കിയാനൊപ്പം കുനിയുന്നു. പിന്നീട് ഇരുവരും ഒരുമിച്ച് കുമ്പിടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രചരിക്കുന്ന ദൃശ്യങ്ങളിൽനിന്നു വ്യത്യസ്തമായ ആംങ്കിളിലാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്. ഈ ദൃശ്യങ്ങളിൽ പൂർണമായി കാണിക്കാതെ ആദ്യത്തെ ഒരു ഭാഗം മാത്രം അടർത്തിയെടുത്താണ് തെറ്റായി പ്രചരിപ്പിക്കുന്നത്. ഇംഗ്ലീഷ് വാർത്താ ചാനലായ വിയോണും പ്രചാരണം വ്യാജമാണെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 

Content Highlights: A viral video claimed Iran President Masoud Pezeshkian touched Hindu monk Satishacharya Maharaj's feet in India., The claim is false; the video was taken out of context from a cultural event hosted by the Iranian Embassy in Delhi., The footage actually shows the President bending down to pick up a dropped item, with the monk joining him to assist.